ഈശോയുടെ കൃപയാണ് രക്ഷ. പത്രോസിന്റെ ഭാഷയിൽ രക്ഷിക്കപെടാൻ ഒരുവൻ തന്റെ പാപങ്ങൾ മായിച്ചു കളയണം. തന്റെ പ്രഥമ പ്രഭാഷണത്തിൽത്തന്നെ അദ്ദേഹം വ്യക്തമാക്കുന്നു. “അതിനാൽ നിങ്ങളുടെ പാപങ്ങൾ മായിച്ചു കളയുവിന് (നിത്യരക്ഷ പ്രാപിക്കാൻ) പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുവിന്” (അപ്പോ. പ്രവ. 3:19). അപ്പോ. പ്രവ. 4:12 പരമ പ്രധാനമാണ്. “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴിൽ, മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷയ്ക്ക് വേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.”
നമ്മുടെ ശരീരത്തിലും ആത്മാവിലും അരൂപിയിലും രക്ഷ ആവശ്യമാണ്. വിചാരത്തിലും വാക്കിലും പ്രവർത്തിയിലും നാം വിശുദ്ധി പ്രാപിക്കണം. പ്രകൃതിയോടും പ്രകൃതി വസ്തുക്കളോടും ഇതര മനുഷ്യരോടുമുള്ള നമ്മുടെ ബന്ധം വിശുദ്ധമായിരിക്കണം. ഇപ്രകാരമുള്ള വിശുദ്ധി വിശ്വം മുഴുവൻ വിശുദ്ധീകരിക്കപ്പെടാൻ ഇടയാക്കും. അതെ, ഓരോ വിശ്വാസിയും വിശ്വ വിശുദ്ധീകരണത്തിന്റെയും ഉപകാരണമാകണം. ലോകം നന്നാകാൻ ആദ്യമായി ഞാൻ നന്നാകണം. ലോകം നന്നായിട്ടു ഞാൻ നന്നായിക്കൊള്ളാം എന്ന ചിന്ത പരമ വിഡ്ഢിത്തമാണ്. അങ്ങനെ ഒന്ന് സംഭവിക്കുകയേയില്ല.
ദൈവത്തോടും സഹജീവികളോടും പ്രകൃതിയോടും ഭാവാത്മകമായി സമരസ്യപ്പെട്ടു ജീവിക്കുന്നതാണ് രക്ഷയും വിമോചനവും. “നിന്നെക്കൂടാതെ നിന്നെ സൃഷ്ട്ടിച്ച ദൈവം, നിന്നെക്കൂടാതെ നിന്നെ രക്ഷിക്കുകയില്ല എന്ന വി. അഗസ്റ്റിന്റെ വിശ്വ വിഘാതമായി വാക്കുകൾ ഈ സത്യമാണ് വിളിച്ചോതുക. ഈശോ ലോകത്തിനു നൽകിയ പുതിയ കൽപ്പന, “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പ്പരം സ്നേഹിക്കുവിൻ” എല്ലാവരും പാലിച്ചാൽ എല്ലാമായി. പക്ഷെ ലോകത്തു താണ്ഡവ നൃത്തം നടത്തുന്ന ആർത്തിയുടെ സംസ്കാരം എല്ലാം, എല്ലാറ്റിനെയും കീഴ്മേൽ മറിക്കുകയാണ്. മരണസംസ്കാരം, ഉപഭോഗസംസ്കാരം, ആർത്തിയുടെ സംസ്കാരം ഈ ‘ത്രിമൂർത്തികൾ’ സ്നേഹത്തെ വിഴുങ്ങിക്കളയുന്നു. അങ്ങനെ മനുഷ്യന്റെ നിത്യ രക്ഷ അപകടത്തിലാവുന്നു. The only solution is the prompt and abrupt renewal of christian charity.