ജ്ഞാനത്തിന്റെ വാസസ്ഥലമാണ് വിവേകം. അറിവും വിവേചന ശക്തിയും അതിന് കൈമുതലായുണ്ട്. തിന്മയെ വെറുക്കലാണ് യഥാർത്ഥ ദൈവഭക്തി. അഹംഭാവം, ഗർവ്,ദുർമാർഗം, ദുർവചനംഇവ അതു വെറുക്കുന്നു. മാർഗ്ഗനിർദ്ദേശവും വൈഭവവും കാര്യശേഷിയും അതിനുണ്ട്. അറിവും ശക്തിയും ജ്ഞാനത്തിന്റേതാണ്. രാജാക്കന്മാർ ഭരിക്കുന്നതും അധികാരികൾ നീതി നടത്തുന്നതും ജ്ഞാനം മുഖേനയാണ്. അതിന്റെ പിൻബലത്തിലാണ് നല്ല നാടുവാഴികൾ അധികാരം നടത്തുന്നത്. പ്രഭുക്കന്മാർ ഭൂമി ഭരിക്കുന്നതും അങ്ങനെതന്നെ. ജ്ഞാനത്തെ സ്നേഹിക്കുന്നവരെ അതും സ്നേഹിക്കുന്നു. ജാഗരൂകതയോടെ അന്വേഷിക്കുന്നവർ അതിനെ കണ്ടെത്തുന്നു. യഥാർത്ഥ ജ്ഞാനത്തിൽ നിന്നുള്ള ഫലം സ്വർണത്തേക്കാൾ, തങ്കത്തേക്കാൾ പോലും ശ്രേഷ്ഠമത്രേ.
ജ്ഞാനം നീതിയുടെ മാർഗത്തിലും ജ്ഞാനത്തിന്റെ പാതയിലും സഞ്ചരിക്കുന്നു. അതിന്റെ മാർഗ്ഗം അന്വേഷിച്ച് പിന്തുടർന്നവർ ഭാഗ്യവാന്മാരാവും. അവർ ബോധനം കേട്ട് വിവേകികളായി തീരും. ജ്ഞാനിയായ മനുഷ്യൻ ബോധനത്തെ അവഗണിക്കുകയില്ല.ജ്ഞാനി ജീവൻ കണ്ടെത്തുന്നു. അവൻ കർത്താവിന്റെ പ്രീതി നേടുകയും ചെയ്യുന്നു. ജ്ഞാനം കൈവെടിയുന്നവൻ സ്വയം ദ്രോഹിക്കുന്നു. ജ്ഞാനത്തെ വെറുക്കുന്നവൻ മരണത്തെയാണ് സ്നേഹിക്കുന്നത്. ദൈവഭക്തി ആയുസ്സ് വർദ്ധിപ്പിക്കുന്നു.ദുഷ്ടരുടെ ജീവിതകാലം പരിമിതം ആയിരിക്കും. നീതിമാൻ എന്നേക്കും നിലനിൽക്കുന്നു.
വിവേകപൂർവമായി പെരുമാറുന്നവന് ആഹ്ലാദം ഉണ്ടാവും. നീതിമാന്മാരുടെ പ്രത്യാശ സന്തോഷ പര്യവസായി ആണ്. തിന്മ പ്രവർത്തിക്കുന്നതിന്റെ അന്ത്യം നാശമാണ്. വീണ്ടുവിചാരം ഉള്ളവൻ വാക്കുകളെ നിയന്ത്രിക്കും. നീതിമാന്റെ നാവ് വിശിഷ്ടമായ വെള്ളിയാണ്. അപവാദം പറയുന്നവൻ മൂഢനാണ്. വാക്കുകൾ ഏറുമ്പോൾ തെറ്റ് വർദ്ധിക്കുന്നു. നീതിമാന്റെ ആഗ്രഹങ്ങൾ സഫലമാകും. അവൻ എന്നേക്കും നിലനിൽക്കുകയും ചെയ്യും. സത്യസന്ധന് കർത്താവ് ഉറപ്പുള്ള കോട്ടയാണ്. നീതിമാന്റെ അധരങ്ങളിൽ നിന്ന് ജ്ഞാനം പുറപ്പെടുന്നു. നീതിമാന്റെ നാവ് ശ്രോതാക്കളെ പ്രചോദിപ്പിക്കുന്നു അപവാദം പറയുന്നവൻ മൂഢനാണ്. നീതിമാന്റെ പ്രത്യാശ സന്തോഷ പര്യവസായിയാണ്. അവന്റെ നാവ് അറിവിന്റെ ഉറവയാണ്. അവൻ വിശപ്പ് അനുഭവിക്കാൻ കർത്താവ് അനുവദിക്കില്ല. അന്യായമായി നേടിയ ധനം ഉതകുകയില്ല. വിവേകത്തെ അവഗണിക്കരുത്. വഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു. ക്രോധത്തിന്റെ ദിനത്തിൽ സമ്പത്ത് പ്രയോജനപ്പെടുകയില്ല. നിഷ്കളങ്കന്റെ നീതി അവനെ നേർവഴിക്ക് നടത്തുന്നു. നീതിമാൻ ദുരിതത്തിൽ നിന്ന് മോചിപ്പിക്കപ്പെടുന്നു. അധർമ്മി വാക്ക് കൊണ്ട് അയൽക്കാരനെ നശിപ്പിക്കും. ഏഷണിക്കാരൻ രഹസ്യം പരസ്യമാക്കുന്നു. ദയശീലൻ തനിക്ക് തന്നെ ഗുണം ചെയ്യുന്നു. ധനത്തെ ആശ്രയിക്കുന്നവൻ ഉണങ്ങിയ ഇല പോലെ കൊഴിഞ്ഞു വീഴും.