യഹൂദ ക്രൈസ്തവ സമൂഹം യഹൂദരിൽ നിന്ന് അതിശക്തമായ എതിർപ്പാണ് നേരിട്ടിരുന്നത്. അവർക്ക് യഹൂദർക്ക് തന്നെ പ്രതീക്ഷയായിരുന്ന രാജാവും രക്ഷകനുമാണ് ഈശോ ജനിച്ചത് എന്ന് വ്യക്തമാക്കുക പരമപ്രധാനം ആയിരുന്നു. ഈശോ ബേതലഹേമിൽ ജനിച്ചത് തന്നെ താൻ രക്ഷകനാണെന്നതിന്റെ സൂചനയാണ്. ഇസ്രായേലിനെ ഭരിക്കേണ്ടവൻ,യുഗങ്ങൾക്കു മുമ്പ് തന്നെ യുള്ള വൻ ബേത്ലഹേമിൽ നിന്ന് വരുമെന്ന് മിക്കാ പ്രവാചകൻ മുൻകൂട്ടി അറിയിച്ചിരുന്നു.. ( മിക്ക. 5 :2 )2:1,5,6 വാക്യങ്ങളിൽ ബേതലഹേമിനെ ‘യൂദയായിലെ ബേത്ലഹേം’ എന്ന സുവിശേഷകൻ എടുത്തുപറയുന്നു. ലൂക്കാ ബേത്ലഹെമിനെ ദാവീദിന്റെ പട്ടണം എന്നാണ് വിശേഷിപ്പിക്കുക(2: 11 ). ദാവീദ് ആടുകളെ മേയ്ച്ചിരുന്ന സ്ഥലമാണ് ബേത്ലഹേം( 1 സാമു. 17: 15 ). ഈ വസ്തുതയും ദാവീദ് വംശജനായ ഈശോ ബേതലഹേമിൽ ജനിക്കുന്നതും തീർത്തും യാദൃശ്ചികം ആണെന്ന് പറയാനാവില്ല. യഹൂദരുടെ രാജാവായി ജനിച്ചവൻ എവിടെ എന്ന് പൂജരാജാക്കന്മാർ അന്വേഷിച്ചപ്പോൾ ഫരിസേയരും നിയമജ്ഞരും നൽകിയ മറുപടിയും യൂദയായിലെ ബേത്ലഹേമിൽ എന്നാണല്ലോ ( മത്തായി 2 :5 ).
ബിസി 37 മുതൽ ബിസി 4വരെ യൂദയായെ ഭരിച്ചിരുന്നത് ഹെറോദേസാണ്. അപ്പോൾ അതു റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഇക്കാലയളവിലാണ് ഈശോ ജനിച്ചത്. തന്മൂലം അവന്റെ ക്രൂരത കഠിനമായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തന്റെ മൂന്നുമക്കളെ അവൻ കൊല ചെയ്യിച്ചു.
രാജാവായി പിറന്ന ഇരിക്കുന്ന ഈശോ ദേശത്ത് അസ്വസ്ഥത ഉളവാക്കും എന്ന് അവൻ ഭയപ്പെട്ടു. അതുകൊണ്ടാണ് രണ്ടു വയസ്സിനു താഴെയുള്ള ആൺകുട്ടികളെയെല്ലാം കൊല്ലാൻ അവൻ കൽപന പുറപ്പെടുവിച്ചത്. ലോക രക്ഷകനെ,ഏക രക്ഷകനെ, പാപമോചനകനെ,സാത്താന്റെ തല തകർത്തവനെ, തിരിച്ചറിയാനും അംഗീകരിക്കാനും ഹേറോദോസിനല്ല അവിടുത്തെ സ്വന്തം ജനമായ യഹൂദ നേതാക്കൾക്ക് പോലും കഴിയാതെ പോയി( മത്തായി 2: 3). ഈശോയെ അംഗീകരിക്കാതെ, പ്രവചനങ്ങളും അടയാളങ്ങളും അവഗണിച്ചുകൊണ്ട് അവിടുത്തെ നിഷ്കരുണം മരണശിക്ഷയ്ക്ക് ഏൽപ്പിച്ചു കൊടുത്ത നേതൃത്വത്തിന്റെ പ്രതീകമാണ് മേൽപ്പറഞ്ഞ തിരസ്കരണം .
പൂജ രാജാക്കന്മാരുടെ ആഗമനത്തിനും അവരുടെ ആരാധനയ്ക്കും സമ്മാന ദാനങ്ങളുമെല്ലാം രക്ഷാകര പദ്ധതിയുടെ ഭാഗമാണ്. ചില രാജാക്കന്മാരുടെ മാതാക്കൾ വിജാതിയരായിരിക്കുകയും ആ രാജാക്കൻമാരിൽ പലരും പാപികൾ ആയിരിക്കുകയും ചെയ്യുന്നതുവഴി നീതിമാന്മാരും പാപികളും ഉള്ള സകല ജനതകളെയും ഉൾക്കൊള്ളുന്ന ലോകത്താണ് രക്ഷകനായ ഈശോയെ ജനിച്ചത് എന്ന യാഥാർത്ഥ്യമാണ് ഇവിടെ വെളിപ്പെടുക ഇത്തരമൊരു ലോകത്തും സാഹചര്യത്തിലുമായിരുന്നു ഈശോയുടെ രക്ഷാകര ദൗത്യം നിർവഹണവും എന്ന വസ്തുതയ്ക്ക് സാക്ഷികളാണ് കിഴക്കുനിന്നും വന്ന രാജാക്കന്മാർ. അവരുടെ സാന്നിധ്യം ഈശോ നൽകുന്ന രക്ഷയുടെ സാർവത്രിക സന്ദേശം നൽകുന്നു.
ഹേറോദേസും പ്രധാന പുരോഹിതരും ജനത്തിന്റെ ഇടയിലെ നിയമജ്ഞരും തങ്ങളുടെ മധ്യേ അവതീർണ്ണനായ രക്ഷകനെ പാടെ തിരസ്കരിച്ചു. എങ്കിലും പൗരസ്ത്യ ദേശത്തു നിന്ന് വന്ന വിജാതിയർ അവിടുത്തെ യഹൂദരുടെ രാജാവായി തിരിച്ചറിയുന്നു (2:2). വെറുമൊരു രാജാവായി മാത്രമല്ല അവർ ഈശോയെ മനസ്സിലാക്കിയത്. അവർ അവിടുത്തെ (ദിവ്യ ശിശുവിനെ) മനുഷ്യനായി അവതരിച്ച ദൈവമായി തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവർ അവിടുത്തെ “ആരാധിക്കാൻ” വന്നത് (2 :2 -11 ). ഇത് അവർക്ക് ലഭിച്ച ദൈവിക വെളിപ്പെടുത്തലിന്റെ ഭാഗമാണ്. അവർ കണ്ട നക്ഷത്രം അത്ഭുത സിദ്ധികൾ വെളിപ്പെടുത്തുന്നുണ്ടല്ലോ. അതിനെ നാം ദൈവത്തിന്റെ ദൂതനായിത്തന്നെ കണക്കാക്കണം.
മത്തായി സുവിശേഷകൻ നൽകുന്ന ദൈവികമായ ഉൾക്കാഴ്ച യഹൂദ-ക്രൈസ്തവരെ, രക്ഷയെ കുറിച്ചുള്ള യഹൂദ ജനത്തിന്റെ സങ്കുചിതമായ കാഴ്ചപ്പാടിൽനിന്നു പുറത്തുവരാനും രക്ഷയുടെ സാർവത്രിക സ്വഭാവം ബോധ്യപ്പെടുത്താനും ഏറെ സഹായിക്കുന്നതാണ്.