താൻ സൃഷ്ടിച്ചതെല്ലാം നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു (ഉല്പ്. 1:31). പക്ഷെ ഈ പറുദീസ അനുഭവം, നന്മയുടെ ഈ രാജ്യം, നീണ്ടു നിന്നില്ല. ലോകത്തു പറയപ്പെട്ട പ്രഥമ നുണ വഴി അവൻ സ്ത്രീയെ വഞ്ചിച്ചു.
ഉല്പ്. 3:6-13
ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനുംകൊടുത്തു; അവനും തിന്നു.
ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്‌നരാണെന്ന് അവരറിഞ്ഞു. അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി.
വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു.
അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്?
അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ടു ഭയന്ന് ഒളിച്ചതാണ്.
അവിടുന്നു ചോദിച്ചു: നീ നഗ്‌നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ കല്‍പിച്ചവൃക്ഷത്തിന്റെ പഴം നീ തിന്നോ?
അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു.
ദൈവമായ കര്‍ത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു.
ഉല്പ്. 3:14-19 യിൽ ദൈവം പാപത്തിനു ശിക്ഷ വിധിക്കുന്നു.
ദൈവമായ കര്‍ത്താവ് സര്‍പ്പത്തോടു പറഞ്ഞു: ഇതുചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും.
നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും.
അവിടുന്നു സ്ത്രീയോടു പറഞ്ഞു: നിന്റെ ഗര്‍ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും, നിനക്കു ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും. അവന്‍ നിന്നെ ഭരിക്കുകയും ചെയ്യും.
ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞപഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്‌കാലം മുഴുവന്‍ കഠിനാധ്വാനംകൊണ്ട് നീ അതില്‍നിന്നു കാലയാപനം ചെയ്യും.
അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും.
മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും.
ഒപ്പം തന്നെ കരുണാമയനും ആർദ്രഹൃദയനുമായ ദൈവം അധഃപതിച്ചവർക്കു രക്ഷ, മോചനം വാഗ്ദാനം ചെയുന്നു (ഉല്പ്. 3:15).
ഉത്ഭവ പാപം മൂലം അധഃപതിച്ച മനുഷ്യന് ആദ്യം ലഭിക്കുന്ന രക്ഷാ സുവിശേഷം, ആദിമ സുവിശേഷം ആണ് ഈ തിരുവാക്യം. സർവ ശക്തനായ ദൈവം തന്നെയാണ് തന്റെ സർവ മഹിമയിലും മനുഷ്യന് തന്റെ പുത്രനെയും പുത്രനിലൂടെ രക്ഷയും വാഗ്ദാനം ചെയുന്നത്. സാത്താനുള്ള മുന്നറിയിപ്പുമുണ്ടിവിടെ.
ഉല്പ്. 3:15 ലെ ‘നീ’, വില്ലൻ സാത്താൻ തന്നെ. ‘സ്ത്രീ’ നൂറ്റാണ്ടുകൾക്കു ശേഷം രക്ഷകന് ഭൂമിയിൽ പിറക്കാൻ ജന്മപാപമില്ലാതെ ദൈവം സൃഷ്ട്ടിക്കുന്ന പരിശുദ്ധ മറിയാമാണ്. ‘നിന്റെ സന്തതി’ സാത്താന്റെ സുഹൃത്തുക്കളാണ്. ‘അവളുടെ സന്തതി’ രക്ഷകനായ മിശിഹായാണ്. സാത്താന്റെ തല തകർത്തത് മിശിഹായും അവനു ജന്മം നൽകി സഹരക്ഷകയായ പരിശുദ്ധ അമ്മയും സഹകരിച്ചാണ്. പെസഹാരഹസ്യത്തിലൂടെ സാത്താന്റെ തല തകർക്കപ്പെട്ടെങ്കിലും മിശ്ഹായുടെ പുനരാഗമനം വരെ, മിശിഹായുടെ തുടർച്ചയായ സഭയെ, ക്രൈസ്തവരെ വശത്താക്കാൻ (ഇതാണ് പിതാവ് പരാമർശിക്കുന്ന സാത്താന്റെ പരിക്കേൽപ്പിക്കൽ) സാത്താനും അവന്റെ സന്തതികളും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരുടെ ഇടയിൽ അരങ്ങേറുന്ന സകല തിന്മകളും ഈ പരിക്കേൽപ്പിക്കലിന്റെ ഭാഗമാണ്. സാത്താൻ സേവകരും ഭീകരരും അഴിമതിക്കാരും കാലുവാരുന്നവരും പറവയ്ക്കുന്നവരും കുതികാലുവെട്ടുന്നവരും കൈകൂലിക്കാരും കറുത്ത കുര്ബാനക്കാരും തിന്മ പ്രവർത്തിക്കുന്ന സകലരും സാത്താന്റെ പിണിയാളുകളും കൂട്ടാളികളുമാണ്.
ഈ ശക്തികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വരും വിശ്വാസിക്ക്. ഇവിടെ അവൻ എന്ത് ചെയ്യണമെന്ന് ശ്ലീഹ ദൈവനാമത്തിൽ വ്യക്തമാക്കുന്നു.
എഫെ. 6:10-17
അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.
അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍.
സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷ കള്‍ ധരിക്കുവിന്‍.
സര്‍വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍.
രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍.
രക്ഷയുടെ പടത്തൊപ്പി -ഏശയ്യാ 59:17 ൽ പരാമർശിക്കുന്നു. ദൈവം (യാഹ്‌വെ) തന്റെ ജനത്തെ മർദ്ദകരിൽ നിന്ന് രക്ഷിക്കാൻ ഇറങ്ങിതിരിച്ചപ്പോൾ അവിടുന്ന് രക്ഷയുടെ പടത്തൊപ്പി അണിഞ്ഞിരുന്നുവെന്നാണ് പ്രവാചകൻ പറയുക. പരിശുദ്ധാത്മാഭിഷേകവും രക്ഷയുടെ പടത്തൊപ്പി സൂചിപ്പിക്കുണ്ട്.