രക്ഷകന്റെ ജനനം

Fr Joseph Vattakalam
4 Min Read

യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ദൈവീക രഹസ്യങ്ങൾ ഇവിടെ ചുരുളഴിയുന്നു.

ജോസഫ് യേശുവിന്റെ വളർത്തു പിതാവാണ്, ജീവ ശാസ്ത്രപ്രകാരം യേശുവിന്റെ പിതാവല്ല.മറിയം ഗർഭം ധരിച്ചത് മറിയവും ജോസഫും തമ്മിൽ സഹവസിക്കുന്നതിനു മുമ്പാണ്. അതുകൊണ്ടുതന്നെ യൗസേപ്പിനെ ഈ ജനനത്തിൽ പങ്കില്ല എന്ന് വ്യക്തം. എന്നാൽ ക്രൈസ്തവ സമൂഹം അവ്യക്തത യിൽ കഴിഞ്ഞുകൂടാ. ഇതിന്റെ പുറകിൽ ഉള്ള രഹസ്യം ദൈവം വെളിപ്പെടുത്തി. അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ്  ( 1 :18 ). ജോസഫ് മറിയത്തെ തന്റെ ഭവനത്തിൽ സ്വീകരിക്കുകയും അവളിൽ നിന്ന് ജനിച്ച ശിശുവിന് യേശു എന്ന് പേരിടുകയും വേണം. കാരണം അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു മോചിപ്പിക്കും. ദൂതന്റെ സന്ദേശത്തിൽ ഒരു കാര്യം വ്യക്തമാണ്. യേശു ഒരു വിമോചകനാണ്. എന്നാൽ അത് രാഷ്ട്രീയതലത്തിൽ അല്ല, ആത്മീയ  തലത്തിലാണ്, പാപത്തിൽ നിന്നുള്ള മോചനം ആണ്. യേശു എന്ന് പേരിടുക വഴി ജോസഫ് നിയമപരമായി മറിയ ത്തിന്റെ ഭർത്താവായി. ദൈവദൂതൻ ജോസഫിനെ ദാവീദിന്റെ പുത്രനായ ജോസഫ് എന്നാണ് സംബോധന ചെയ്യുന്നത് (1 :20 ). യേശു ദാവീദിന്റെ പുത്രൻ ആകുന്നത് ഇപ്രകാരമാണ്.

 യേശുവിന്റെ കന്യകാജനനത്തെക്കുറിച്ച് ആദിമ ക്രൈസ്തവ സമൂഹത്തിൽ ഉറച്ച വിശ്വാസം ഉണ്ടായിരുന്നെങ്കിലും യഹൂദരുടെ ഇടയിൽ ചിന്താകുഴപ്പം ഉണ്ടായിരുന്നു. ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെ നിന്ന്? ഇവൻ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? (13:54-55). ഈ സംശയങ്ങൾ ദൂരീകരിക്കേണ്ടിയിരുന്നു. ദൈവീക വെളിപാടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ആദിമ ക്രൈസ്തവരുടെ വിശ്വാസത്തിന്റെ ഭാഗമായി മാറിയത്. അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ് (1:20). മറിയ ത്തിന്റെ കന്യക മാതൃത്വത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത് ദൈവദൂതൻ ആണ്. എന്നാൽ ഇക്കാര്യം പ്രവാചകൻ മുഖേന ദൈവം മുൻകൂട്ടി അറിയിച്ചിരുന്നു. കന്യക ഗർഭംധരിച്ച്  പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും  ( 1: 22- 23 ). ഏശ. 7 :14ന്റെ പൂർത്തീകരണമാണ് ഇവിടെ സുവിശേഷകൻ കാണുക. എമ്മാനുവേൽ എന്ന പദം മനുഷ്യാവതാര രഹസ്യത്തിന്റെ അന്തസത്ത നമുക്ക് വെളിപ്പെടുത്തുന്നു. ദൈവം മനുഷ്യനോടൊത്തു വസിക്കുവാൻ ആയിട്ടാണ് മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങി വന്നത്. ദൈവത്തെ സമീപിക്കാൻ മനുഷ്യന് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. ദൈവത്തെ സമീപിക്കാനും നേരെ നോക്കാനും മനുഷ്യന് ഭയമായിരുന്നു. മുൾപ്പടർപ്പിൽ വെച്ച് ദൈവം മോശെയോടു സംസാരിച്ചപ്പോൾ അവിടുന്ന് അവനോട് പറഞ്ഞു : അടുത്തു വരരുത്….. മോശം മുഖം മറച്ചു. ദൈവത്തിന്റെ നേരെ നോക്കുവാൻ അവന് ഭയമായിരുന്നു ( പുറപ്പാട് 3 :5 -6 ). ഈ ഭയമാണ് ദൈവപുത്രന്റെ മനുഷ്യാവതാര ത്തിലൂടെ ദൈവം നമുക്ക് മാറ്റിത്തന്നത്. ഏശയ്യ 7: 14  ൽ കാണുന്ന ഈ പ്രവചനത്തിന് പഴയനിയമത്തിൽ തന്നെ പ്രതീകാത്മകമായ ഒരു പൂർത്തീകരണം ഉണ്ട്. യൂദാ രാജാവായ ആഹാസ് രാജാവിനോട് പ്രവാചകൻ യൂദയായുടെ സുരക്ഷതന്നെ അപകടത്തിൽ ആക്കിയിരിക്കുന്ന സന്ദർഭത്തിൽ, എഫ്രായിമും ( ഇസ്രായേൽ) സിറിയയും ഒരുമിച്ചു യൂദയാ യ്ക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ (ഏശ.7 :2), പ്രവാചകൻ ആഹാസ് രാജാവിനു  നൂറ്റാണ്ടുകൾക്കുശേഷം സംഭവിക്കാനിരിക്കുന്ന ഒരു കാര്യം മാത്രം അടയാളമായി നൽകി  എന്നു ചിന്തിക്കാനാവില്ല. പ്രതീകാത്മകമായ ഒരു പൂർത്തീകരണം രാജാവിനെ കാലത്തും സംഭവിക്കേണ്ടിയിരുന്നു. ഇത് ആഹാ സിന്റെ ഭാര്യയിൽ അദ്ദേഹത്തിന് ജനിച്ച ഹെസക്കിയയെക്കുറിച്ചാണ്. യൂദയായെ 29 വർഷം ഭരിച്ച അദ്ദേഹം ദാവീദു രാജാവിനെപ്പോലെ കർത്താവിന്റെ മുമ്പിൽ നീതി പ്രവർത്തിച്ചു എന്നാണ് അദ്ദേഹത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത് ( 2 രാജാക്കന്മാർ 18: 1 -3 ).

എങ്കിലും ദാവീദിനോട് ചെയ്ത വാഗ്ദാനവും ( 2 സാമുവൽ 7: 14 ) ഏശയ്യായുടെ പ്രവചനവും ഹെസക്കിയാ രാജാവിൽ പൂർണമായി നിറവേറുന്നില്ല. ആ പ്രവചനത്തിന്റെ ശരിയായ അർത്ഥം ദൈവദൂതൻ ജോസഫിന് വെളിപ്പെടുത്തി. യുവതി ഗർഭം ധരിക്കും എന്ന് ഏശയ്യാ പറഞ്ഞത് മറിയത്തെക്കുറിച്ച് ആണെന്നും, മറിയം യേശുവിനെ ഗർഭം ധരിച്ചത് പരിശുദ്ധാത്മാവിൽ നിന്നാണെന്നും  വെളിപ്പെടുത്തിയപ്പോൾ മറിയം കന്യകാമാതാവാണെന്ന് വ്യക്തമായി. എമ്മാനുവേൽ പ്രവചനവും ഹെസക്കിയായി പൂർത്തിയാക്കുന്നില്ല. യേശുവാണ് യഥാർത്ഥ വിമോചകൻ  – തന്റെ ജനത്തെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കുന്നവൻ. ഹെസക്കിയായുടെ രാജ്യം എന്നേക്കും നിലനിൽക്കുന്നില്ല. നാഥാൻ പ്രവാചകൻ പറഞ്ഞതുപോലെ യേശുവിന്റെ രാജസിംഹാസനം എന്നേക്കും നിലനില്ക്കുന്നു. അവിടുന്ന് എന്നും തന്റെ ജനത്തോടു വസിക്കുന്നു  ( മത്തായി 28: 20 ). ദൈവപുത്രനായ യേശു മനുഷ്യരുടെ ഇടയിലുള്ള ദൈവസാന്നിധ്യം ആണ്. ദൈവപുത്രനായ അവിടുന്ന് പരിപൂർണ്ണ മനുഷ്യനായി മറിയത്തിൽ നിന്നും ജനിച്ചു. ഉത്ഥിതനായ യേശു സർവ്വ അധികാരത്തോടും കൂടി ഗലീലയിൽ വെച്ച് ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ട് അവർക്ക് ഒരു ഉറപ്പു കൊടുക്കുന്നുണ്ട്. യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും( 28 :20). എമ്മാനുവേൽ എന്നു യേശു വിളിക്കപ്പെടുന്നതിന്റെ പൂർണമായ അർത്ഥം ഇതാണ്. രഹസ്യങ്ങൾ വെളിപ്പെട്ടപ്പോൾ ജോസഫ് ദൈവ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു. അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു . ജോസഫിന്റെ വ്യക്തിത്വത്തെ സുവിശേഷകൻ ഉയർത്തിക്കാട്ടുന്നുണ്ട്. ജോസഫ് നീതിമാനായിരുന്നു. മറിയത്തിന്റെ വിശ്വസ്തതയെ പരസ്യമായി ചോദ്യം ചെയ്യാതെ അവളെ രഹസ്യമായി ഉപേക്ഷിക്കാൻ ഒരുങ്ങുന്ന നീതിമാനായ ജോസഫിനെ ജീവിതത്തിലേക്ക് ദൈവം കടന്നുവരുന്നു. അവനെ യേശുവിന്റെ വളർത്തുപിതാവായ നിയോഗിക്കുന്നു. 

Share This Article
error: Content is protected !!