കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നാണല്ലോ ടെലിവിഷൻ പരസ്യങ്ങൾ. അത്രമാത്രം ആകർഷണീയതയോടെയാണ് വൻകിട കമ്പനികൾ പരസ്യങ്ങൾ തയാറാക്കുന്നത്. മണിക്കൂറുകൾ ദൈർഘ്യമുള്ള സിനിമകൾക്കു വേണ്ടത്ര പണം ഏതാനും മിനിറ്റുകളോ സെക്കന്റുകളോ മാത്രമുള്ള പരസ്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നുണ്ടെന്നറിയുമ്പോഴാണ് പരസ്യങ്ങൾക്ക് പ്രേഷകരുടെ ഇടനില സ്വാധീനമെത്ര വലുതാണെന്ന് മനസ്സിലാകുന്നത്.
‘ചെറുപ്പ‘മാകാനുള്ള മനുഷ്യരുടെ ആഗ്രഹങ്ങളെ പരമാവധി മുതലെടുത്തുകൊണ്ടു മൂല്യങ്ങളെ മറന്നുള്ള പരസ്യങ്ങൾ തള്ളിക്കയറുന്ന പ്രവണത കാണാം. യാഥാർത്ഥപ്രായം പുറത്ത് അറിയുന്നത് കുറച്ചിലാണെന്നും എന്തുവിലകൊടുത്തും ചെറുപ്പം തോന്നിക്കണമെന്നും ധ്വനിപ്പിക്കുന്ന പരസ്യങ്ങൾ കുറവല്ല. അമ്മയാണെങ്കിലും അത് പുറത്തുതോന്നാത്ത വിധത്തിൽ ആകർഷണീയത വേണം ഒരു സ്ത്രീക്ക് എന്ന് ധ്വനിപ്പിക്കുന്ന പരസ്യങ്ങൾ ധാരാളം.
എന്നാൽ ജീവിതം ദൈവികദാനമായതിനാൽ അതിലെ പ്രായാന്തരങ്ങളെ ഉൾക്കൊള്ളാനുള്ള മനസ്സാണ് നമുക്ക് വേണ്ടത്. എന്നും ചെറുപ്പമായിരിക്കുക സാധ്യമല്ല എന്ന് മനസ്സിലാക്കുകയും ജീവിതാവസ്ഥകളെ ദൈവത്തിനു സമർപ്പിക്കുകയും വേണം. അല്ലാതെ പ്രായം തോന്നാതിരിക്കുന്നതിനു സോപ്പിനും പൗഡറിനും പിന്നാലെ ഓടുകയല്ലേ വേണ്ടത്. പ്രിയ കുഞ്ഞുങ്ങളെ ഇതാ ഒരു പെൺകുട്ടിയുടെ കഥ കേൾക്കൂ..
അവൾ അമ്മയാകുന്നുവെന്നറിഞ്ഞ നിമിഷത്തിൽ അഭിമാനത്തോടെ ലോകത്തോട് മുഴുവൻ വിളിച്ചു പറയുകയാണ്, ഞാനാണ് ലോകത്തിലേക്കും ഭാഗ്യവതിയെന്ന്. കാരണം താനൊരമ്മയാണെന്നു ലോകം മുഴുവനും അറിയണം. അതെ ആ ഭാഗ്യവതിയായ പെൺകുട്ടിയാണ് ഇന്ന് നമ്മോടൊപ്പം വസിക്കുന്ന നമ്മുടെ അമ്മയായ പരിശുദ്ധ കന്യാമറിയം.
മറിയം പറഞ്ഞു:
എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്രം എന്റെ രക്ഷകനായ
ദൈവത്തിൽ ആനന്ദിക്കുന്നു
അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ
ഭാഗ്യവതി എന്ന് പ്രകീർത്തിക്കും. (ലൂക്കാ. 1 : 46 -48 )
മാതൃത്വം ദൈവികമാണ്. അതിൽ അഭിമാനിക്കുക. ദൈവപുത്രൻപോലും ഒരമ്മയുടെ ഉദരത്തിൽ വന്നു പിറക്കാൻ കൊതിച്ചില്ലേ. മാതൃത്വം ഒരു നാണക്കേടാണ്. ദാമ്പത്യവിശുദ്ധിയിൽ സ്നേഹത്തിന്റെ പരിമളമായി ആദ്യത്തെ ശിശു പിറന്നുവീഴുമ്പോൾ അവിടെ മറ്റൊരു ജനനം കൂടി സംഭവിക്കുന്നു. വിവാഹീതയായ ഓരോ പെൺകുട്ടിയും ഭാര്യയിൽ നിന്ന് അമ്മയെന്ന മഹനീയ പദവിയിലേക്ക് പിറന്നു വീഴുന്ന നിമിഷമാണത്. കുഞ്ഞിനോടൊപ്പം ഒരമ്മയും ജനിക്കുന്നു. മാറിയത്തെപ്പോലെ അവൾക്കും പറയാൻ അവകാശമുണ്ട്. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പറയും. കാരണം ഞാനൊരമ്മയായിരിക്കുന്നു. നാളത്തെ അമ്മമാരാകാൻ ദൈവം വിളിക്കുന്ന പെൺകുട്ടികളെ നിങ്ങൾക്കു പ്രണാമം.
കർത്താവിന്റെ ദാനമാണ് മക്കൾ
ഉദരഫലം ഒരു സമ്മാനവും (സങ്കീ. 127 :3 )
മാത്യു മാറാട്ടുകളം