ആധ്യാത്മികതയുടെ പരമകാഷ്ടയിലെത്തിയ യോഹന്നാൻ ശ്ലീഹ എന്നെയും നിങ്ങളെയും ഉപദേശിക്കുന്നു: “ലോകത്തെയോ, ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങൾ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ, പിതാവിന്റെ സ്നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത, ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്. ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവർത്തിക്കുന്നവനാകട്ടെ, എന്നേക്കും നിലനിൽക്കും” (1 യോഹ. 2:15).
ദൈവസ്നേഹവും ലോകസ്നേഹവും ഒരിക്കലും ഒന്നിച്ചു പോകുകയില്ല. അതുകൊണ്ടാണ് ലോകത്തെ സ്നേഹിക്കാതിരിക്കാൻ ശ്ലീഹ ഉപദേശിക്കുന്നത്. പാപത്തെ, പാപകരമായ ലോകത്തെയാണ് ശ്ലീഹ സൂചിപ്പിക്കുക. വിശ്വാസത്തിനു വിരുദ്ധമായ, പാപത്തോടു വിടപറയാത്ത, നിലപാടെടുക്കുന്ന ലോകമാണ് ഇവിടെ വിവക്ഷ. ലോകത്തിലുള്ള വസ്തുക്കളെയും സ്നേഹിക്കരുത് -ലോകത്തിലുള്ള വസ്തുക്കളേവയെന്നും ലേഖന കർത്താവു വിവരിക്കുന്നു -ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത.
ജഡത്തിന്റെ ദുരാശ ജഢികാസക്തികളെ സൂചിപ്പിക്കുന്നു. കണ്ണുകളുടെ ദുരാശ സൂചിപ്പിക്കുന്നത് കാണുന്നതെല്ലാം സ്വന്തമാക്കാനുള്ള, വെട്ടിപ്പിടിക്കാനുള്ള ദ്രവ്യാഗ്രഹത്തെയാണ്. ദ്രവ്യാഗ്രഹം വിഗ്രഹാരാധന തന്നെയാണ്. മനുഷ്യമഹത്വം തേടാനുള്ള പ്രലോഭനത്തെയാണ് ജീവിതത്തിന്റെ അഹന്ത അർത്ഥമാക്കുന്നത്. ഇതേ ക്രമത്തിൽ തന്നെയാണ് പിശാച് ഈശോയെ മൂന്നു പ്രാവശ്യം പ്രലോഭിക്കാൻ ശ്രമിച്ചതും, ക്രമാനുഗതം അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ മൂന്നു തലങ്ങളിൽ തന്നെയാണ്.
ലോകത്തെ സ്നേഹിക്കാതിരിക്കാനുള്ള മറ്റൊരു കാരണം ലോകവും അതിന്റെ മോഹങ്ങളും നശ്വരമാകുന്നു എന്നതാണ്. നിത്യമായി നിലനിൽക്കുന്നതിൽ മാത്രമേ ഒരുവന് യഥാർത്ഥ സന്തോഷവും സമാധാനവും സംതൃപ്തിയും ലഭിക്കുകയുള്ളു. ദൈവം മാത്രമാണ് നിത്യനായവൻ. തന്മൂലം, ദൈവത്തെ സ്നേഹിക്കുകയും ദൈവഹിതം നിറവേറ്റുകയും ചെയ്തു ദൈവത്തിൽ ജീവിക്കുന്നവർ അവിടുത്തോടുകൂടി നിത്യം ജീവിക്കും. അങ്ങനെ അവർ യഥാർത്ഥ സമാധാനവും സന്തോഷവും സംതൃപ്തിയും അനുഭവിക്കുകയും ചെയ്യും.