യഥാർത്ഥ പെസഹാ

Fr Joseph Vattakalam
5 Min Read

യഹൂദരുടെ പെസഹായ്ക്കു നാലു ഘട്ടങ്ങളാണുണ്ടായിരുന്നത്. ഒന്നാമത്തേത് ആമുഖ ശുശ്രൂഷയായിരുന്നു. പശ്ചാത്തലസജ്ജീകരണവും വ്യക്തിപരമായ ഒരുക്കവും കഴിഞ്ഞ്, കുടുംബാംഗങ്ങളെല്ലാവരും കൂടി 113-ാം സങ്കീർത്തനം വായിക്കുകയായിരുന്നു ഈ ഘട്ടത്തിൽ ചെയ്തിരുന്നത്. കർത്താവിനെ സ്തുതിക്കുവിൻ! കർത്താവിന്റെ ദാസരെ, അവിടുത്തെ സ്തുതിക്കുവിൻ! കർത്താവിന്റെ നാമത്തെ സ്തുതിക്കുവിൻ! കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ! ഉദയം മുതൽ അസ്ഥമയം വരെ കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ! കർത്താവ് സകല ജനതകളുടെയും മേൽ വാഴുന്നു. അവിടുത്തെ മഹത്വം ആകാശത്തിനു മീതേ ഉയർന്നിരിക്കുന്നു! നമ്മുടെ കർത്താവിനു തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തിൽ ഉപവിഷ്ടനായിരിക്കുന്നു. അവിടുന്നു ദരിദ്രനെ പൊടിയിൽ നിന്ന് ഉയർത്തുന്നു; അഗതിയെ ചാരക്കൂനയിൽ നിന്ന് ഉദ്ധരിക്കുന്നു. അവരെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തുന്നു. അവിടുന്നു വന്ധ്യക്കു വസതി നല്കുന്നു. മക്കളെ നല്കി അവളെ സന്തുഷ്ടയാക്കുന്നു. കർത്താവിനെ സ്തുതിക്കുവിൻ! അത്യുന്നതനും കാരുണ്യവാനുമായ ദൈവത്തെയാണു സങ്കീർത്തകൻ ഇവിടെ അവതരിപ്പിക്കുക.

പെസഹായുടെ രണ്ടാംഘട്ടത്തിൽ പ്രധാനമായും അത്യുന്നതനും കാരുണ്യവാനുമായ ദൈവത്തിനു കൃതജ്ഞത പ്രകാശിപ്പിക്കുകയാണ്. ഇസ്രായേൽ ജനം ചെയ്തിരുന്നത്. ‘പെസഹാ’ എന്ന ഹീബ്രു പദത്തിന്റെ അർത്ഥം ‘കടന്നു പോകൽ’ എന്നാണ്. ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നു വിമോചിതരായി, വാഗ്ദത്ത ഭൂമിയായ കാനാൻ ദേശത്ത് ഇസ്രായേൽ ജനം എത്തുന്നതാണ് ഇതിവൃത്തം. വിടുതലും വിമോചനവും നിർവൃതിയും ഉണ്ടാകുന്നുണ്ടിവിടെ. പ്രകൃതി മുഴുവൻ, ഈ മഹാപ്രതിഭാസം കണ്ട്, ആനന്ദനിർവൃതിയിലാവുന്നു. ഇസ്രായേൽ, ദൈവത്തിന്റെ സ്വന്തമായിരിക്കുന്നു! ഇതു കാണുന്ന കടൽ ഓടിയകലുന്നു. ജോർദ്ദാൻ പിൻവാങ്ങുന്നു. ‘പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും മലകൾ ആട്ടിൻകുട്ടികളെപ്പോലെയും തുള്ളിച്ചാടുന്നു'(സങ്കീ. 114:4). ഇസ്രായേലിന്റെ ദൈവം അവർക്കുവേണ്ടി പാറയെ ജലാശയമാക്കി; തീക്കല്ലിനെ നീരുറവയും.

രണ്ടാം ഘട്ടത്തിൽ വായിക്കപ്പെടുന്ന സങ്കീർത്തനങ്ങൾ 114, 115 ഇവയാണ്. 115-ൽ അസന്നിഗ്ധമായ ഭാഷയിൽ സങ്കീർത്തകൻ വ്യക്തമാക്കുന്നു: ‘ഞങ്ങൾക്കല്ല കർത്താവേ, ഞങ്ങൾക്കല്ല, അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും പ്രതി അങ്ങയുടെ നാമത്തിനാണ് (അങ്ങേക്കാണു) മഹത്വം നല്കപ്പെടേണ്ടത്’.

ദൈവമായ കർത്താവിനെ മഹത്വപ്പെടുത്തുക, ഇസ്രായേലിന്റെ പരമോന്നത ദൗത്യമാണ് (നമ്മുടേയും). പെസഹാ ആചരണത്തിന്റെ മൂന്നാം ഘട്ടത്തിലാണു കുടുംബാംഗങ്ങൾ പെസഹാക്കുഞ്ഞാടിന്റെ മാംസവും പുളിപ്പില്ലാത്ത അപ്പവും ഭക്ഷിക്കുക. പെസഹായുടെ പരമപ്രധാന ഭാഗമാണിത്. ദൈവം ഇസ്രായേലിനോടു വ്യക്തമായി ആവശ്യപ്പെടുന്ന ‘Eucharistia’-നന്ദിപ്രകാശനമാണിത്. ഇസ്രായേലിനെ താൻ അടിമത്തത്തിൽ നിന്നു മോചിപ്പിച്ചതിന്റെ അനുസ്മരണവും കൃതജ്ഞതാ പ്രകാശനവുമാണിവിടെ നടക്കുക.

ദൈവം മോശയോട് ഇങ്ങനെയാണു കല്പിച്ചത്: ‘അടിമത്തത്തിന്റെ നാടായ ഈജിപ്തിൽ നിന്നു പുറത്തുവന്ന ഈ ദിവസം നിങ്ങൾ അനുസ്മരിക്കണം. കർത്താവാണു തന്റെ ശക്തമായ കരത്താൽ നിങ്ങളെ  അവിടെ നിന്നു മോചിപ്പിച്ചത്’. ഈ ദിവസം ആരും പുളിപ്പുള്ള ഭക്ഷണം കഴിക്കരുത്. കർത്താവു നിങ്ങളോടു വാഗ്ദാനം ചെയ്ത, തേനും പാലും ഒഴുകുന്ന ദേശത്തേക്ക്- അവിടുന്നു നിങ്ങളെ പ്രവേശിപ്പിച്ചു കഴിയുമ്പോൾ, ഈ മാസത്തിൽ (അബീബു മാസം) ഈ കർമ്മം നിങ്ങൾ അനുഷ്ഠിക്കണം. ആ ദിവസം നിന്റെ മകനോടു പറയണം: ‘ഈജിപ്തിൽ നിന്നു ഞാൻ പുറത്തുപോന്നപ്പോൾ, കർത്താവ് എനിക്കുവേണ്ടി പ്രവർത്തിച്ച അത്ഭുതങ്ങളുടെ ഓർമ്മയ്ക്കായിട്ടാണിത്. കർത്താവിന്റെ നിയമം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കട്ടെ. എന്തെന്നാൽ, ശക്തമായ കരത്താലാണു കർത്താവു നിങ്ങളെ ഈജിപ്തിൽ നിന്നു മോചിപ്പിച്ചത്. വർഷംതോറും, നിശ്ചിത സമയത്ത് ഇത് ആചരിക്കണം’.

സങ്കീർത്തകന്റെ കൃതജ്ഞത സങ്കീ. 116-ൽ നാം കാണുന്നു: ‘ഞാൻ കർത്താവിനെ സ്‌നേഹിക്കുന്നു. എന്റെ പ്രാർത്ഥനയുടെ സ്വരം അവിടുന്നു ശ്രവിച്ചു. അവിടുന്ന് എനിക്കു ചെവി ചായിച്ചു തന്നു. ഞാൻ ജീവിതകാലം മുഴുവൻ അവിടുത്തെ വിളിച്ചപേക്ഷിക്കും’ (116:12).

മനുഷ്യൻ ദൈവത്തോടു കൃതജ്ഞതയുള്ളവനായിരിക്കേണ്ടതിന്റെ ചില കാരണങ്ങൾ സങ്കീർത്തകൻ തുടർന്നു രേഖപ്പെടുത്തുന്നുണ്ട്. ‘കർത്താവു കരുണാമയനും നീതിമാനുമാണ്; നമ്മുടെ ദൈവം കൃപാലുവാണ്. എളിയവരെ അവിടുന്നു പരിപാലിക്കുന്നു. ഞാൻ നിലംപറ്റിയപ്പോൾ, അവിടുന്നു എന്നെ രക്ഷിച്ചു. എന്റെ ആത്മാവേ, നീ ശാന്തിയിലേയ്ക്കു മടങ്ങുക; കർത്താവു നിന്റെ മേൽ അനുഗ്രഹം വർഷിച്ചിരിക്കുന്നു. അവിടുന്ന് എന്റെ പ്രാണനെ മരണത്തിൽ നിന്നും, ദൃഷ്ടികളെ കണ്ണീരിൽ നിന്നും. കാലുകളെ ഇടർച്ചയിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു’.

ബലിയർപ്പണവേളയിൽ അർപ്പകന്റെ (സങ്കീർത്തകൻ) ഹൃദയം നന്ദികൊണ്ടു നിറയുന്നു. അവൻ നിർന്നിമേഷനായി ചോദിക്കുന്നു: ‘കർത്താവ് എന്റെമേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കു ഞാൻ എന്തു പകരം കൊടുക്കും? ഞാൻ രക്ഷയുടെ പാനപാത്രമുയർത്തി കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും. ഞാൻ കൃതജ്ഞതാബലിയർപ്പിക്കും. ഞാൻ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും’.

പെസഹായുടെ നാലാംഭാഗം
ഇവിടെയാണു ജനം കയ്പിന്റെ പാനപാത്രം കുടിക്കുക. അതു പാപത്തിനുള്ള പരിഹാരമാണ്. അങ്ങനെ പെസഹായിലെ നാലു സ്റ്റേജുകളിലായി, നാലു പാനപാത്രങ്ങളിൽനിന്നു ഇസ്രായേൽ ജനം കുടിച്ചിരുന്നു. പുതിയനിയമത്തിലെ ദൈവികവും യഥാർത്ഥവും നിത്യവും പൂർണ്ണവുമായ പെസഹായാണ് കാൽവരിബലിയുടെ പുനരാവർത്തനവും അനുസ്മരണവുമായ പരിശുദ്ധ കുർബാന. പെസഹാവ്യാഴാഴ്ച തുടങ്ങി, ദുഃഖവെള്ളിയാഴ്ച പരിപൂർണ്ണതയിലെത്തിച്ച, എന്നേക്കുമായ ഈശോ അർപ്പിച്ച നരബലിയും തിരുബലിയുമാണു പരിശുദ്ധ കുർബാന. മൗതികമായി എന്നാൽ യഥാർത്ഥമായയി ഈശോതന്നെയാണു ബലിയർപ്പകനും ബലിവസ്തുവും. മനുഷ്യരക്ഷാർത്ഥം അനുനിമിഷം ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഇസ്രായേൽ ജനം പെസഹാ ആചരിച്ചതു തങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ്. പഴയനിയമത്തിലെ പെസഹാ ഒരു പ്രതീകം മാത്രമാണ്. എന്നാൽ പുതിയനിയമത്തിലെ പെസഹാ, പരിശുദ്ധ കുർബാന യാഥാർത്ഥ്യങ്ങളുടെ യാഥാർത്ഥ്യമാണ്. സൂചിപ്പിച്ചതുപോലെ, അതു കാൽവരിബലി ഈശോ തന്നെ ആവർത്തിക്കുന്നതാണ്. എന്നാൽ അവിടുത്തെ സാന്നിദ്ധ്യം വിശ്വാസത്തിന്റെ കണ്ണുകൾക്കൊണ്ടു മാത്രമേ ഏവനും കാണാൻ കഴിയൂ.

ഈശോയുടെ സ്ഥാനത്തു ബലിയർപ്പകനായി നമുക്കു കാണാൻ കഴിയുന്നത് ഈശോയുടെ പ്രതിപുരുഷനായ പുരോഹിതനെയാണ്. ഈ പൗരോഹിത്യം മെൽക്കിസെദെക്കിന്റെ ക്രമപ്രകാരമുള്ളതും സവിശേഷമാംവിധം സവിശേഷവുമാണ്. പുതിയനിയമപുരോഹിതൻ ഈശോയുടെ പരിപൂർണ്ണ പകരക്കാരനും സ്ഥാനക്കാരനുമാണ്. അതുകൊണ്ട്, കൂദാശാ വചനങ്ങൾ (‘ഇത് എന്റെ ശരീരമാണ്; ഇത് എന്റെ രക്തമാണ്’) യഥാർത്ഥ പൗരോഹിത്യമുള്ള ഒരു പുരോഹിതൻ, അവൻ പാപിയോ, പരിശുദ്ധനോ ആവട്ടെ, ബലിയർപ്പണ മദ്ധ്യേ ഉച്ചരിക്കുമ്പോൾ, സ്വർഗ്ഗം താണിറങ്ങുന്നു, അപ്പം ഈശോയുടെ തിരുശ്ശരീരവും വീഞ്ഞു തിരു രക്തവുമാകുന്നു (Transubstantiation). ക്രൈസ്തവ വിശ്വാസത്തിന്റെ അനിഷേധ്യവും പരമോന്നതവുമായ രഹസ്യമാണിത്.

പരിശുദ്ധ കുർബാന ബലിയും വിരുന്നും കൂദാശയുമാണ്. സൂചിപ്പിച്ചതുപോലെ, സാക്ഷാൽ ബലിയർപ്പകൻ ഈശോയാണ്. അവിടുത്തെ പകരക്കാരനായി ആചാര്യപുരോഹിതൻ കാണപ്പെടുന്ന ബലിയർപ്പകനാകുന്നു. മാമ്മോദീസായിലൂടെ ഓരോ വ്യക്തിക്കും, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ജന്മാവകാശമായി ലഭിക്കുന്ന മൂന്നു സ്ഥാനങ്ങളുണ്ട്- പൗരോഹിത്യം, രാജത്വം, പ്രവാചകത്വം. എല്ലാവർക്കുമുള്ള ഈ പൗരോഹിത്യത്തിന് അല്മായ പൗരോഹിത്യം (Royal Priesthood) എന്നാണു സംജ്ഞ. ആചാര്യ പൗരോഹിത്യം പടുത്തുയർത്തപ്പെടുന്നത് അല്മായ പൗരോഹിത്യത്തിന്മേലാണ്. അല്മായ പൗരോഹിത്യം മാത്രമുള്ളവർ തങ്ങൾക്കുള്ള പൗരോഹിത്യം ഉപയോഗിച്ചു, പരിശുദ്ധ കുർബാനയുടെ കാർമ്മികത്വം വഹിച്ച് അവനും ബലിയിൽ പുരോഹിത ശുശ്രൂഷ ചെയ്യുന്നു, ചെയ്യണം. ഇതു പ്രായോഗികമാകുന്നത് അനുഭവമാർന്ന, സജീവമായ, ഭക്തിനിർഭരവും ഏകാഗ്രവുമായ ബലിയർപ്പണത്തിലൂടെയാണ്.

പരിശുദ്ധ കുർബാന വിരുന്നാണ്. ഈ വിരുന്നു നടത്തുന്നതു സ്‌നേഹപിതാവായ ദൈവം തന്നെയാണ്; ഇതിന്റെ വിഭവം താതന്റെ ഏകകുമാരനായ ഈശോയും. മറ്റു വാക്കുകളിൽ, ഈശോ ബലിയർപ്പകൻ മാത്രമല്ല, ബലിവസ്തുവുമാണ്. വിരുന്നിനു വരുന്നവർ ആതിഥേയന്റെ സത്കാരം സ്വീകരിച്ചേ പോകാവൂ. വി.കുർബാന ചൊല്ലുന്നവരെല്ലാവരും ബലിവസ്തുവായ ഈശോയെ ഹൃദയത്തിൽ സ്വീകരിക്കണം. ബലിവസ്തു ബലിയർപ്പകൻ ആഹരിക്കുന്നില്ലെങ്കിൽ അവനെ സംബന്ധിച്ചിടത്തോളം ആ ബലി പൂർത്തിയാവുന്നില്ല.

പരി. കുർബാന കൂദാശയാണ്. ‘കൂദാശ’ എന്ന സുറിയാനി പദത്തിന്റെ വാച്യാർത്ഥം ‘വിശുദ്ധീകരിക്കുന്നത്’ എന്നാണ്. യോഗ്യതയോടെ, അർപ്പണമനോഭാവത്തോടെ, തികഞ്ഞ വിശ്വാസത്തോടെ ബലിയർപ്പിക്കുന്നവരെല്ലാം വിശുദ്ധീകരിക്കപ്പെടുന്നു. നിത്യരക്ഷയ്ക്ക് ഇപ്രകാരമുള്ള വിശുദ്ധീകരണം അത്യന്താപേക്ഷിതമാണ്. അർത്ഥശങ്കയ്ക്കിടമില്ലാത്തവിധം ഈശോ വ്യക്തമാക്കുന്നു: ‘സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്കു ജീവനുണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യ ജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയിർപ്പിക്കും. എന്തെന്നാൽ, എന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാർത്ഥ പാനീയവുമാണ്’ (യോഹ.6:8385).

Share This Article
error: Content is protected !!