ആത്മീയതയിൽ യഥാർത്ഥ ധനം പുണ്യമാണെന്ന ആത്മാവിന്റെ തിരിച്ചറിവ് ഓരോ വിശ്വാസിയും നേടിയെടുക്കേണ്ടതുണ്ട്. ‘വിശുദ്ധീകരണത്തിന്റെ സഹോദരികൾ’ എന്ന സന്യാസസമൂഹത്തിൽ ചേരാൻ ആഗ്രഹിച്ച റോസല്ലോ എന്ന പെൺകുട്ടി അവിടെയെത്തി. ജീവനാംശം (സ്ത്രീധനം) നല്കാൻ നിവൃത്തിയില്ലാതിരുന്നതിനാൽ പ്രവേശനം നിരസിക്കപ്പെട്ടു. സങ്കടംകൊണ്ട് അവളുടെ മനസ്സ് വിതുമ്പി. കണ്ണുകൾ നിറഞ്ഞു. അവിടെനിന്നു അവൾ ഒരു തീരുമാനമെടുത്തു. “ഒരു സന്യാസസമൂഹം തുടങ്ങാൻ തമ്പുരാൻ എന്നെ അനുവദിച്ചാൽ, അവിടെ ചേരുന്നവരോട് പണം ആവശ്യപ്പെടില്ല. അവരുടെ ഹൃദയങ്ങളിൽ ദൈവസ്നേഹമുണ്ടോ എന്നായിരിക്കും ഞാൻ പരിശോധിക്കുക.”
റോസല്ലോയുടെ ആഗ്രഹം അഖിലേശൻ സാധിച്ചുകൊടുത്തു. അവൾ ഒരു സന്യാസ ഭവനം തുടങ്ങി. ആ സമൂഹത്തിലേക്ക് സ്ഥാപകയുടെ അനുജത്തി അപ്രതീക്ഷിതമായി എത്തി, തനിക്കും സന്യാസം വരിക്കണമെന്നു ജ്യേഷ്ടത്തിയെ അറിയിക്കുന്നു. റോസല്ലോ അനുജത്തിയുടെ കരം പിടിച്ചു ഇങ്ങനെ പറഞ്ഞു: “വരൂ നമുക്ക് ഒരുമിച്ചു വിശുദ്ധരാകാം.”
വർഷങ്ങൾ പിന്നിട്ടു. അനുജത്തി സിസ്റ്റർ മരിച്ചു. അവളുടെ കബറിടത്തിൽ ജ്യേഷ്ടത്തി വി. റോസല്ലോ എഴുതിവെച്ചു: “ഇവൾ മഠത്തിലേക്ക് സ്ത്രീധനമായി കൊണ്ടുവന്നത് പണമല്ല, പുണ്യങ്ങളായിരുന്നു.”