ആൽബിയും ജെസ്സിയും റോബെർട്ടുംകൂടി അവധിദിനത്തിൽ ഒരു സിനിമ കാണാൻ പോയി. ഹിറ്റ് സിനിമയായിരുന്നതിനാൽ ടിക്കറ്റ് കൗണ്ടറിൽ വലിയ തിരക്കായിരുന്നു. എങ്കിലും ടിക്കറ്റ് കിട്ടി. മൂവരും സിനിമയിക്ക് കയറി.
സിനിമ തുടങ്ങി. ആൽബി സിനിമയിൽ ലയിച്ചിരിക്കുകയാണ്. നായക കഥാപാത്രം തുടക്കത്തിൽ അൽപ്പം കുത്തഴിഞ്ഞ ജീവിതമാണ് നയിക്കുന്നത്. അതുകൊണ്ടുണ്ടായിരിക്കാം നായകന് തുടക്കത്തിൽ ശക്തമായ തിരിച്ചടികളും ക്ഷതങ്ങളും ഏൽക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അത് ആൽബിക്ക് സഹിക്കാൻ പറ്റുന്നില്ല. കുട്ടിയായ അവൻ കണ്ണടച്ചിരുന്നു പ്രാർത്ഥിക്കാൻ തുടങ്ങി.
സിനിമ കാണുന്നതിനിടെ ജെസ്സി വെറുതെ ആൽബിയെ നോക്കിയപ്പോഴാണ് കണ്ടത് -അവൻ കണ്ണടച്ച് തലകുമ്പിട്ടിരിക്കുന്നു.
‘കൊച്ചിന് സിനിമ ഇഷ്ട്ടപെട്ടില്ലേ? എന്താ കണ്ണടച്ചിരിക്കുന്നതു? ജെസ്സി അവന്റെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു.
‘ഞാൻ പൃഥ്വി അങ്കിൾ (നായകൻ) ഇനിയെങ്കിലും തോൽക്കാതിരിക്കാൻ വേണ്ടി പ്രാര്ഥിക്കുകയാ.’
ആൽബിയുടെ മറുപടി കേട്ട് ജെസിയും റോബെർട്ടും പൊട്ടിചിരിച്ചുപോയി.
“ഇതു സിനിമയല്ലേ മോനെ… പ്രിത്വി അങ്കിളിനുവേണ്ടി നമ്മൾ പ്രാര്ഥിക്കുകയൊന്നും വേണ്ട. മോൻ കണ്ണുതുറന്നു സിനിമ കാണു’ ജെസ്സി ചിരിയടക്കികൊണ്ടു പറഞ്ഞു.
അവൻ കണ്ണ് തുറന്നു വീണ്ടും സിനിമ കാണാൻ തുടങ്ങി. സിനിമ മുന്നോട്ടുപോയി. പരാജയങ്ങളുടെ ഘോഷയാത്രക്ക് ശേഷം നായകൻ ഒരു ഗുരുവിനെ കണ്ടെത്തുന്നു. ഗുരുവിന്റെ സത്യാധിഷ്ഠിതമായ ഉപദേശങ്ങൾ അവനിലെ യഥാർത്ഥ പുരുഷനെ ഉണർത്തി. ക്ലൈമാക്സിൽ നായകൻ അനായാസേന വിജയശ്രീലാളിതനാകുകയും ചെയിതു.
നായകന്റെ വിജയം ആൽബിയെ ഹരംകൊള്ളിച്ചു. അവൻ മതിമറന്നു തുള്ളിച്ചാടി.
‘സിനിമ കണ്ടിട്ട് കൊച്ചിന് അതിൽനിന്നും എന്ത് മനസിലായി? തിരികെ വീട്ടിലേക്കുള്ള യാത്രാമധ്യേ ജെസ്സി ചോദിച്ചു.
‘എന്തൊക്കെ പ്രശനങ്ങൾ വന്നാലും നായകൻ ഒടുവിൽ ജയിക്കുമെന്ന്’ ജെസ്സിയുടെ ചോദ്യത്തിന്റെ അർഥം പിടികിട്ടാതെ ആൽബി നിഷ്കളങ്കമായി മറുപടി പറഞ്ഞു.
‘അതല്ല ഞാൻ ഉദ്ദേശിച്ചത്’
‘പിന്നെ?’ അവൻ ചോദ്യഭാവത്തിൽ ജെസ്സിയെ നോക്കി.
‘നീ സിനിമയുടെ തുടക്കം മുതൽ ഒന്ന് ഓര്മിച്ചെടുത്തെ… വഴിതെറ്റി ജീവിച്ച നായകൻ ഒടുവിൽ ദൈവനിയോഗംപോലെ ഗുരുവിനെ കണ്ടെത്തുന്നു. ഗുരുമുഖത്തുനിന്നും ലഭിച്ച അറിവുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയപ്പോൾ വിജയിക്കുകയും ചെയിതു.’
‘അതെ. അതിന്?’ ‘അമ്മ എന്താണ് ഉദ്ദേശിക്കുന്നത് എന്ന അർത്ഥത്തിൽ അവൻ ചോദിച്ചു.
‘നമ്മൾ ഇപ്പോൾ കണ്ടത് 3 മണിക്കൂർ നീളുന്ന സിനിമയാണെങ്കിൽ ലക്ഷകണക്കിന് മണിക്കൂറുകൾ നീളുന്ന ഒരു വലിയ സിനിമയാണ് നമ്മുടെയൊക്കെ ജീവിതം. അതിന്റെ (ജീവിതത്തിന്റെ) ക്ലൈമാക്സിൽ നമ്മൾ വിജയിക്കണമെങ്കിൽ നമ്മക്കും വേണം ഒരു ഗുരു’. ഒന്ന് നിർത്തിയിട്ട് ജെസ്സി തുടർന്ന് ചോദിച്ചു. ‘ആരായിരിക്കണം നമ്മുടെ ഗുരു?’
‘യേശു’
‘ഉറപ്പാണോ?’ ജെസ്സിയുടെ ലക്ഷ്യം അവന്റെ കോൺഫിഡൻസ് അളക്കുകയായിരുന്നു.
‘ഞാൻ പറഞ്ഞത് ശരിയല്ലേ ആപ്പായി… യേശുവിനെയല്ലേ നമ്മൾ ഗുരുവായി സ്വീകരിക്കേണ്ടത്?’ അവൻ റോബെർട്ടിന്റെ അഭിപ്രായം തേടി.
‘അതേടാ കുട്ടാ… യേശുവിനെത്തന്നെയാ’ റോബർട്ട് സപ്പോർട് ചെയിതു.
‘കണ്ടോ ഈ ‘അമ്മ വെറുതെ എന്നെ കൺഫ്യൂഷൻ ആക്കി’ ആൽബി ജെസ്സിയെ നോക്കി പരിഭവിച്ചു.
‘കൊച്ചിന് ഉറപ്പുണ്ടോയെന്നു ‘അമ്മ ഒന്ന് ടെസ്റ്റ് ചെയ്തതല്ലേ’
‘അമ്മേടെ ടെസ്റ്റിൽ ഞാൻ ജയിച്ചല്ലോ’ അവന്റെ മുഖത്ത് വിജയഭാവം തെളിഞ്ഞു.
‘എന്നാൽ ഞാൻ ഒരു ചോദ്യംകൂടി ചോദിക്കട്ടെ.’
”അമ്മ ചോദിക്കു.’ ആൽബി അടുത്ത ചോദ്യം നേരിടാൻ തയ്യാറായി.
‘യേശുവിനെത്തന്നെയാണ് നമ്മൾ ഗുരുവായി സ്വീകരിക്കേണ്ടതെന്നു ഉറപ്പാക്കാവുന്ന രീതിയിൽ ബൈബിളിൽ ഒരു വാചകമുണ്ട്. അത് ഏതാണെന്നു പറയാമോ?’
ആൽബി തലപുകഞ്ഞു ആലോചിക്കാൻ തുടങ്ങി.
‘ഒരു ക്ലൂ തരാമോ?’
‘ക്ലൂ തരില്ല’ ജെസ്സി അവനെ ശുണ്ഠികയറ്റി.
‘ഒരു ലൈഫ് ലൈൻ തേടിക്കൊട്ടെ? അവൻ അടുത്തവഴി തേടി.
‘ലൈഫ് ലൈൻ ഉപയോഗിക്കാം’ ജെസ്സി അനുവദിച്ചു.
‘അപ്പയ്ക്ക് അറിയാമോ ആ ബൈബിൾ വാചകം ഏതാണെന്ന്?’ ആൽബി ലൈഫ് ലൈൻ ഉപയോഗിച്ചു.
‘ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുന്നതുകൊണ്ടു ഓര്മ വരുന്നില്ല’ അറിയില്ലെന്ന് പറയുന്നതിന് പകരം റോബർട്ട് തന്ത്രപൂർവം തടിതപ്പി.
‘അപ്പയ്ക്ക് അറിയില്ലെങ്കിൽ അത് പറ. വെറുതെ ഉരുണ്ടുകളിക്കാതെ’ താനെ കബളിപ്പിക്കാൻ നോക്കേണ്ട എന്ന അർത്ഥത്തിൽ അവനും പറഞ്ഞു.
‘ഉത്തരം പറയാൻ അനുവദിച്ച സമയം തീർന്നു’ ജെസ്സി ഓർമിപ്പിച്ചു.
‘ഞാൻ തൊട്ടു. ‘അമ്മ പറയ്’ ആൽബി തോൽവി സമ്മതിച്ചു.
“വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിൽ എത്തിച്ചേരുകയില്ല’ (യോഹ. 14 : 6). ഒടുവിൽ ജെസ്സിത്തനെ ഉത്തരം പറഞ്ഞു.
‘ശൊ. അറിയാവുന്ന വാചകമായിരുന്നു. പക്ഷെ അതിൽ ഗുരു എന്ന വാക്ക് ഇല്ലാതിരുന്നതുകൊണ്ടു അതാണ് ഉത്തരം എന്ന് എനിക്ക് മനസിലായില്ല.’ ആൽബി തന്റെ തോൽവിയുടെ കാരണം വ്യക്തമാക്കി.
‘എടാ മുത്തേ, ആത്യന്തിക വിജയമെന്നാൽ ദൈവപിതാവിൽ എത്തിച്ചേരുക എന്നതാണ്. അതിനുള്ള ഏക വഴി തൻ മാത്രമാണെന്ന് യേശു താനെ പറഞ്ഞുകഴിഞ്ഞു. അതായതു ലക്ഷ്യത്തിലേക്കുള്ള വഴിതെളിക്കുന്ന ആൾ ഗുരു.’ ജെസ്സി അവനു വിശദീകരിച്ചു കൊടുത്തു.
‘ഇപ്പോ കൊച്ചിന് മനസ്സിലായോ’ റോബർട്ട് ചോദിച്ചു.
‘ആപ്പായി മിണ്ടേണ്ട.ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചോ. ഞാൻ തോറ്റുകഴിഞ്ഞപ്പോൾ പറഞ്ഞുതരാൻ വന്നിരിക്കുന്നു. ഞാൻ അപ്പായിയോട് കൂട്ടില്ല’. ആൽബി റോബെർട്ടീന് നേരെ മുഖം വീർപ്പിച്ചു.
‘ഒരു ചോദ്യംകൂടി ബാക്കിയുണ്ട്.’ ജെസ്സി ആൽബിയുടെ ശ്രദ്ധ തിരിച്ചുകൊണ്ടുവന്നു.
‘എളുപ്പമുള്ളതു ചോദിക്കണം’
‘വളരെ സിമ്പിൾ’
‘എന്നാൽ ചോദിക്കു’ ആൽബിക്ക് വീണ്ടും ഉത്സാഹമായി.
‘യേശുവിനെ ഗുരുവായി സ്വീകരിക്കുന്ന നമ്മൾ എന്തുചെയ്യണം’
‘യേശുവിനോടു പ്രാർത്ഥിക്കണം.’ ആൽബി വളരെ നിസാരമട്ടിൽ ആത്മവിശ്വാസത്തോടെ പറഞ്ഞു.
‘ഉത്തരം ശരിയല്ല’ ജെസ്സി നിഷേധാര്ഥത്തില് തലയാട്ടികൊണ്ടു പറഞ്ഞു.
‘അതെന്താ ശരിയല്ലാത്തത്?’ ആൽബി വിശ്വാസം വരാതെ ചോദിച്ചു.
‘തെറ്റായതുകൊണ്ടു’ ജെസ്സിയും വിട്ടുകൊടുത്തില്ല.
‘ലൈഫ് ലൈൻ ഉപയോഗിക്കുന്നുണ്ടോ?’
‘അത് ലൈഫില്ലാത്ത ലൈനാണെന്നു കഴിഞ്ഞ തവണ മനസ്സിലായി’ അവൻ റോബെർട്ടിനെ ഉദ്ദേശിച്ചു പറഞ്ഞു. അവന്റെ വർത്തമാനം കേട്ട് റോബർട്ട് ചിരിക്കുകമാത്രം ചെയ്തു.
‘അമ്മയ്ക്ക് സ്നേഹമുണ്ടെങ്കിൽ ഒരു ക്ലൂ താ’ ആൽബി അവസാന തന്ത്രവും പയറ്റിനോക്കി.
‘അയ്യടാ അവന്റെ ഒരു സോപ്പിങ്. എനിക്ക് സ്നേഹം ഇത്തിരി കുറവാ. അതുകൊണ്ടു ക്ലൂ ഇല്ല.’
‘എന്നാൽ ‘അമ്മ പറയു ഞാൻ രണ്ടാമതും തോറ്റു.’
‘ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം’ ജെസ്സി തൻ പറയാൻപോകുന്ന കാര്യത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചു.
ആൽബി ജെസിയുടെ മുഖത്തേക്ക് നോക്കി ശ്രദ്ധിച്ചിരുന്നു.
‘യേശുവിനെ ദൈവമായി കണ്ടുകൊണ്ടു പ്രാർത്ഥിക്കുകയോ ആരാധിക്കുകയോ ഒകെ ആകാം. പക്ഷെ… ഗുരുവായി കാണുമ്പോൾ പ്രതിക്കുകയല്ല വേണ്ടത്.’
‘പിന്നയോ?’ ആൽബിയുടെ ആകാംഷ വർധിച്ചു.
‘നമ്മൾ ഗുരുവിനെ സമീപിക്കുമ്പോൾ നമ്മൾ പറയുന്നത് ഗുരുവല്ല, ഗുരു പറയുന്നത് നമ്മളാണ് കേൾക്കേണ്ടത്.’
‘അതിന് യേശു പറയുന്നത് നമ്മളിങ്ങനെ കേൾക്കും. യേശു സ്വർഗ്ഗത്തിലല്ലേ?’
‘യേശുവല്ലേ സ്വർഗത്തിൽ പോയിട്ടുള്ളൂ… ബൈബിൾ ഭൂമിയിൽത്തന്നെ ഇല്ലേ. യേശുവിനു നമ്മൾ ഓരോരുത്തരോടും പറയാനുള്ള കാര്യങ്ങളല്ലേ പുതിയ നിയമത്തിലെ ഉപമകളും ഉപദേശങ്ങളും’
‘അതെ. അതുശരിയാ’ ആൽബി സമ്മതിച്ചു.
‘യേശുവിനെ ഗുരുവായി സ്വീകരിച്ചു നമ്മൾ അവ വായിക്കുമ്പോൾ യേശുവിന്റെ ചൈതന്യം നമ്മിൽ നിറയും. നമ്മൾ ശരിയായ വഴിയേ നയിക്കപെടും. അങ്ങനെ നിത്യപിതാവിൽ എത്തിച്ചേരുകയും ചെയ്യും. അതായതു നമ്മൾ ഇന്നു കണ്ട സിനിമയിൽ പ്രിധ്വി അങ്കിൾ വിജയിച്ചതുപോലെ നമ്മളും ആത്യന്തിക വിജയത്തിലെത്തും.’ ഒന്ന് നിർത്തിയിട്ട്, ‘കൊച്ചിന് ഞാൻ പറഞ്ഞത് മനസ്സിലായോ?’
‘പറഞ്ഞതൊക്കെ മനസ്സിലായി. എന്നാലും ഞാൻ രണ്ടുപ്രാവശ്യം തോറ്റില്ലെ’ ആൽബി പരിഭവിച്ചു.
‘സാരമില്ലന്നേ… തോൽവി വലിയ വിജയത്തിന്റെ മുന്നോടിയാണെന്ന അറിവുള്ളവർ പറയുന്നത്.’ ജെസ്സി അവനെ സ്വാന്തനിപ്പിച്ചു.
‘തോൽവി ഡബിൾ ആയപ്പോൾ വിജയവും ഡബിൾ ആയിരിക്കുമെടാ’ റോബർട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
‘അമ്മെ… ദേ ഈ അപ്പായി എന്നെ കളിയാക്കുന്നു’
‘ഞാൻ കളിയാക്കിയതല്ലെടാ കുട്ടാ… രണ്ടു ചെറിയ തോൽവി വന്നാലെന്താ യേശുവിനെ ഗുരുവായി സ്വീകരിക്കുമ്പോൾ എന്താ ചെയേണ്ടതെന്നു വ്യക്തമായി മനസ്സിലായില്ലേ. അതിലും വലിയ നേട്ടം എന്താ ഉള്ളത്?’ റോബർട്ട് അവനു ധൈര്യം പകർന്നു.
‘ഇനി കൊച്ചിന് ജയിക്കാൻ അപ്പായി ഒരു വഴി പറഞ്ഞുതരട്ടെ?’
‘പറയ്’ ആൽബിക്ക് സന്തോഷമായി.
‘കൊച്ചു നാളെ സ്കൂളിൽ ചെന്നിട്ടു കൂട്ടുകാരോട് ചോദിക്കണം യേശുവിനെ ഗുരുവായി സ്വീകരിക്കുന്നവർ എന്താണ് ചെയേണ്ടതെന്ന്. എല്ലാവരുടെയും ഉത്തരം പ്രാർത്ഥിക്കണം, ആരാധിക്കണം എന്നൊക്കെയായിരിക്കും.’
‘അപ്പോൾ ഞാൻ ശരിയായ ഉത്തരം പറയും. ഹീറോ ആകും. സൂപ്പർ ഐഡിയ’ ആൽബി തോല്വിയെല്ലാം മറന്നു ആവേശഭരിതനായി.
‘ഞാൻ പറഞ്ഞതുപോലെ ചെയ്താൽ നാളെ സ്കൂളിൽ ഹീറോ ആകും. ‘അമ്മ പറഞ്ഞതുപോലെ ചെയ്താൽ അതായതു ദിവസവും ബൈബിൾ വായിച്ചാൽ ജീവിതത്തിലും ഹീറോ ആകും. ഇതാണ് എന്റെവക ലൈഫ് ലൈൻ’. റോബർട്ട് പഴയ നാണക്കേട് തീർത്തു.
‘എന്റെ അപ്പായി നല്ല അപ്പായിയാ കേട്ടോ’ ആൽബിയുടെ വാക്കുകളിൽ സ്നേഹവും സന്തോഷവും തുളുമ്പി.
അപ്പോഴേക്കും അവരുടെ വാഹനം വീടിന്റെ മുറ്റത്തെത്തി.
‘ഇപ്പോ ഞാൻ നേരത്തെ പറഞ്ഞത് ശരിയായില്ലേ. ഇന്നത്തെ തോൽവി നാളത്തെ വിജയത്തിന്റെ മുന്നോടിയായില്ലേ ‘ അതും പറഞ്ഞു ജെസ്സി അവനെ സ്നേഹപൂർവ്വം വണ്ടിയിൽനിന്നും കൈപിടിച്ചിറക്കി.
‘അപ്പായി മാത്രമല്ല എന്റെ അമ്മയും നല്ല അമ്മയാ.’
‘ഞങ്ങൾ രണ്ടുപേരും നല്ലതാണെന്നു കൊച്ചു പറഞ്ഞു. അതുപോലെ കൊച്ചു നല്ലതാണെന്നു ലോകം മുഴുവൻ പറയാനുള്ള വഴിയാ ഞങ്ങൾ പറഞ്ഞുതരുന്നത്.’ ജെസ്സി അത് പറയുമ്പോൾ ആ മുഖത്ത് മകനെ നേർവഴി നയിക്കാൻ ശ്രമിക്കുന്ന ഒരു അമ്മയുടെ ഭാവമായിരുന്നു.
റോബിൻ സഖറിയാസ്