മുളയിലേ അറിയാം മുളക്കരുത്ത്

Fr Joseph Vattakalam
3 Min Read

സ്വയംകൃത ചരിതത്തിന്റെ ആരംഭത്തിൽ കൊച്ചുറാണിയുടെ ഒരു സ്വപ്നം വിവരിച്ചിട്ടുണ്ട്. അവളെ ഉപദ്രവിക്കാൻ ശ്രമിച്ച രണ്ടു കുട്ടിപ്പിശാചുക്കളുടെ കഥയാണത്. അവൾ ധൈര്യമവലംബിച്ചു നിന്നപ്പോൾ അവർ ഓടിയൊളിച്ചു. വരപ്രസാദത്തിൽ നിലനിൽക്കുന്നവർക്കു പിശാചുക്കളെ ഭയപ്പെടേണ്ട യാതൊരാവശ്യവുമില്ലെന്നു തന്നെ ബോധ്യപ്പെടുത്താനാണ് തമ്പുരാൻ ആ സ്വപ്നം അനുവദിച്ചത് എന്ന് അവൾ വിശ്വസിക്കുന്നു.

തന്റെ അകാല നിര്യാണത്തെക്കുറിച്ച് അമ്മയ്ക്ക് മുന്നറിവുണ്ടായിരുന്നെന്നു കൊച്ചുറാണി വ്യക്തമാക്കുന്നു. തെളിവായി അമ്മയുടെ കത്തിൽ നിന്ന് കൊച്ചുറാണി ഉദ്ധരിക്കുന്നു. “കുഞ്ഞുങ്ങൾ രണ്ടു പേരെക്കുറിച്ചും എനിക്ക് യാതൊരു ഉത്ക്കണ്ഠയുമില്ല. ഇരുവരും വളരെ നല്ലവരാണ്. അവരുടെ സ്വഭാവപ്രകൃതം തന്നെ അത്യന്തം ഉത്കൃഷ്ടമാണ്. തീർച്ചയായും അവർ ഉത്തമനില പ്രാപിക്കും. മരിയയ്ക്കും

നിനക്കും കൂടി അവരെ നന്നായി വളർത്തിക്കൊണ്ടു വരാൻ കഴിയും. നിസ്സാരമായ ഒരു കുറ്റം പോലും മനസ്സറിഞ്ഞുകൊണ്ടു സെലിൻ ചെയ്യുകയില്ല. കുഞ്ഞും അതുപോലെ തന്നെ സുശീലയാണ്. സർവ്വസമ്പത്തും ലഭിക്കുമെങ്കിൽത്തന്നെയും അവൾ ഒരു നുണ പറയുകയില്ല. നിങ്ങൾ ആരിലും കണ്ടിട്ടില്ലാത്ത ഒരു ചൈതന്യവിശേഷം അവളിലുണ്ട്.”

തോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾപ്പോലും സുകൃതാഭ്യസത്തെക്കുറിച്ചാണ് കൊച്ചുറാണി സംസാരിച്ചിരുന്നത്. ഇത് മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയിരുന്നു. അമ്മയുടെ മറ്റൊരു പരാമർശം : ഈ കൊച്ചോമന ഞങ്ങളെയെല്ലാം ആനന്ദിപ്പിക്കുന്നുണ്ട്. അവൾ നല്ല സുകൃതിനിയായി വളർന്നുവരും അതിന്റെ ലക്ഷണങ്ങൾ മുളയിൽത്തന്നെ കാണുന്നുണ്ട്. നല്ല ദൈവത്തെക്കുറിച്ചല്ലാതെ അവൾക്കു സംസാരമില്ല. എന്തെല്ലാമായിരുന്നാലും അവൾ പ്രാർത്ഥനകൾ മുടക്കുകയില്ല. അവൾ കൊച്ചുകഥകൾ പറയുന്നത് കേൾക്കാൻ നീയും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തിട്ടുണ്ട്. ഇത്ര സരസമായ കഥാകഥനം ഞാൻ ഒരിക്കലും ഒരിടത്തും കണ്ടിട്ടില്ല. ഓരോ സന്ദർഭത്തിനും അനുയോജ്യമായ ഭാവഭേദങ്ങളും സ്വരവിശേഷവും അവൾക്കു സ്വതസിദ്ധമാണ്. വിശിഷ്യാ ,

“ആരോമൽപ്പൈതലേ , ചൊല്ക- ദൈവം

ആനന്ദിക്കും വാസമെങ്ങു?”

എന്ന ഗാനം ആലപിക്കുമ്പോഴാണ് ആ ചാതുര്യം പരമാവധി പ്രത്യക്ഷപ്പെടുക,

“അങ്ങങ്ങു നീലാംബരത്തിൽ- നിത്യം

അങ്ങുന്നു വാഴുന്നു ഭാഗ്യം!”

എന്ന ഭാഗം വരുമ്പോൾ സാക്ഷാൽ മാലാഖയ്ക്കടുത്ത ഭാവവിശേഷത്തോടെ അവൾ ആകാശത്തേക്ക് നോക്കും. എത്ര പ്രാവശ്യം ആവർത്തിക്കാൻ പറഞ്ഞാലും അവൾക്കതിൽ മടുപ്പു തോന്നുകയില്ല. ഓരോ പ്രാവശ്യവും ആസ്വാദ്യത വർദ്ധിക്കുകയേ ഉള്ളു. ആരുടേയും കരൾ കവരുന്ന ആ മുഖഭാവത്തിൽ സാക്ഷാൽ സ്വർഗ്ഗീയമായി എന്തോ ഉണ്ട്.”

ചെറു പ്രായം മുതലേ കൊച്ചുറാണി അതീവ സന്തോഷവതിയായിരുന്നു. പുണ്യം അവൾക്കു ആകർഷകമായിരുന്നു. പിന്നീട് സ്വായത്തമായ തഴക്കം (നന്മ മാത്രം ചെയുന്ന) ചെറുപ്പം മുതലേ അവൾക്കുണ്ടായിരുന്നു . “എന്റെ പ്രവർത്തികളിലും അനിതരസാധാരണമായ ആത്മസംയമനം അന്നേ എനിക്കുണ്ടായിരുന്നു. ഹാ, അരുണാഭമായ ആ ശൈശവകാലം എത്ര വേഗം കടന്നു പോയി. എങ്കിലും എത്ര മാധുര്യപൂർണ്ണമായ സ്മരണകളാണ് എന്റെ ആത്മാവിൽ അത് പതിപ്പിച്ചിട്ടുള്ളത്!… ആ ദീർഘ സവാരികൾക്കിടയിൽ സാധുക്കളെ കണ്ടുമുട്ടിയിരുന്നപ്പോഴെല്ലാം അവർക്കു ഭിക്ഷ കൊടുക്കാൻ നിയുക്തയായിരുന്നത് കൊച്ചുത്രേസ്യായിരുന്നു. അവൾക്കത് വലിയ സന്തോഷവുമായിരുന്നു.

അവളെ സന്തോഷിപ്പിക്കാൻ സെലിൻ ചേച്ചി പൂക്കുട്ട നിറയെ ഡെയ്‌സിപ്പൂക്കൾ കൊണ്ടുവന്നു കൊടുത്തിരുന്നു. പക്ഷെ, ഒട്ടും വൈകാതെ മുത്തശ്ശി അവയിൽ കുറെ തന്നെ മാതാവിനെ അലങ്കരിക്കാൻ കൊണ്ടുപോയിരുന്നു. കൊച്ചുറാണിക്കതു ദുഖമായിരുന്നു. എങ്കിലും ഒരിക്കലും ഒന്നും അവൾ പ്രകടിപ്പിച്ചിരുന്നില്ല… സ്വന്തം സാധങ്ങൾ ആരെങ്കിലും എടുത്തുകൊണ്ടു പോകുന്നതിനെക്കുറിച്ചോ , അന്യായമായി കുറ്റമാരോപിക്കപ്പെടുന്നതിനെക്കുറിച്ചു പോലുമോ ഒരിക്കലും പരാതിപ്പെടാതിരിക്കാൻ നന്നേ ചെറുപ്പത്തിലേ ശീലിച്ചിരുന്നു. സ്വയം നീതികരിക്കാതെ മൗനം അവലംബിക്കുവാൻ അഖിലേശൻ അവളെ എന്നും സഹായിച്ചിരുന്നു. അത് അവൾ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നു താനും.

“ഹാ! ലോകം മുഴുവൻ എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. പോകുന്ന വഴിയില്ലെല്ലാം ഞാൻ പൂക്കൾ കണ്ടു. പ്രസന്നമായ എന്റെ പ്രകൃതവും ജീവിതത്തെ സുഖകരമാക്കാൻ സഹായകമായിരുന്നു. എന്നാൽ, എന്റെ ആത്മാവ് ഒരു പുതിയ ഘട്ടം ആരംഭിക്കാൻ പോകുകയായിരുന്നു. അതിവേഗം ഈശോയ്ക്ക് സമർപ്പിക്കപ്പെടാൻവേണ്ടി, ക്ലേശങ്ങളാകുന്ന മൂശയിലൂടെ കടന്നു പോകുകയും ശൈശവം മുതൽക്കേ സഹനമനുഭവിക്കുകയും ചെയ്യണ്ട ഒരു ആവശ്യം എനിക്കുണ്ടായിരുന്നു. വസന്തകാലസുമങ്ങൾ മഞ്ഞിൽ നിന്ന് മുളയെടുക്കുകയും സൂര്യന്റെ ആദ്യ രശ്മികൾ കൊണ്ട് വികസിക്കുകയും ചെയ്യുന്നതുപോലെ തന്നെ ഈ സ്മരണകലെഴുതുന്ന ചെറുപുഷ്പം കഷ്ടതകളെന്ന ഹേമന്തത്തിലൂടെ കടന്നു പോകേണ്ടിയിരുന്നു.

Share This Article
error: Content is protected !!