യോഹ. 16:30-33
നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. നീ ദൈവത്തില്‍നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.
യേശു ചോദിച്ചു: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?
എന്നാല്‍, നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോവുകയും ചെയ്യുന്ന സമയം വരുന്നു; അല്ല, അതു വന്നുകഴിഞ്ഞു. എങ്കിലും ഞാന്‍ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്.
നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.
നമുക്ക് ഞെരുക്കങ്ങൾ ഉണ്ടാകുമ്പോഴാണ് മിശിഹായിലുള്ള നമ്മുടെ സമാധാനം നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാവുക. ഈശോയ്ക്കു അനുഭവപെട്ടതുപോലുള്ള ഞെരുക്കങ്ങൾ നമുക്കും അനുഭവപ്പെടാം. ഒറ്റപ്പെടുന്ന അനുഭവങ്ങൾ ഉണ്ടാകുമ്പോഴാണ് പ്രധാനമായും നാം അസ്വസ്ഥരാകുന്നതും നമുക്ക് സമാധാനം കൈമോശം വരുന്നതും എന്ന വ്യക്തമായ സൂചനയാണ് കർത്താവു ഇവിടെ നൽകുക. “നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോവുകയും ചെയ്യുന്ന സമയം വരുന്നു; അല്ല, അതു വന്നുകഴിഞ്ഞു”. നമ്മുടെ ജീവിതത്തിലും ഒറ്റപെടുത്തപ്പെടുന്ന സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടാകാം. അപ്പോൾ ഈശോയിൽ സമാധാനം കണ്ടെത്താൻ നമുക്ക് കഴിയണം. ഞെരുക്കങ്ങളുടെയും ഒറ്റപെടുത്തലുകളുടെയും മദ്ധ്യേ സമാധാനം കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിയണമെങ്കിൽ ഈശോയിൽ നാം ജീവിക്കണം. അതായതു, ഈശോയുമായുള്ള സഹവാസം നാം നിലനിർത്തണം. നിരന്തരം അത് നാം പരിപോഷിപ്പിക്കണം.
ലോകത്തിന്റെ കടന്നാക്രമണങ്ങളെയെല്ലാം ധീരതയോടെ ചെറുത്തുനിൽക്കാൻ നാം വിശ്വാസത്തിലൂടെ ഈശോയോടു ഐക്യപ്പെട്ടു അവിടുന്നിൽ ജീവിക്കുന്നവരാകണം. “ഈശോ ദൈവപുത്രനാണ്. ദൈവം തന്നെയാണ് എന്ന് വിശ്വസിക്കുന്നവനല്ലാതെ ആരാണ് ലോകത്തെ ജയിക്കുന്നതു” (1 യോഹ. 5:5). ലോകത്തിന്റെ പ്രലോഭനങ്ങളിലടിമപ്പെടാതെ മിശിഹായിലുള്ള വിശ്വാസത്തിൽ ഉറച്ചു നിൽക്കാനും മറ്റുള്ളവരെ വിശ്വാസത്തിൽ ഉറപ്പിക്കാനും നമുക്ക് കഴിയട്ടെ.