കളങ്കഹൃദയന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തുകയില്ല. എന്നാൽ നീതിമാന്റെ പ്രാർത്ഥന മേഘങ്ങളോളം എത്തും. വേലക്കാരന് കൂലികൊടുക്കാത്തത്, കുറച്ചു മാത്രം കൊടുക്കുന്നത്, കൃത്യ സമയത്തു കൊടുക്കാത്തത്, പാവങ്ങളെയും വിധവകളെയും പീഡിപ്പിക്കുന്നത്, അന്യരെ ചൂഷണം (ഇത് ഒരായിരം വിധത്തിലാവാം) ചെയ്യുന്നത്, കൈക്കൂലിവാങ്ങുന്നത്, നികുതി വെട്ടിക്കുന്നത്, അമിതലാഭം ഉണ്ടാക്കുന്നത്, കള്ളപ്പണം കൊടുത്തു കാര്യം നേടുന്നത്- ഇവയെല്ലാം ദൈവ നീതിക്കു നിരക്കാത്തതും അക്ഷന്തവ്യവുമാണ്. പലരും ഇവയൊന്നും പാപത്തിന്റെ പട്ടികയിൽ പെടുത്തുന്നു പോലുമില്ലെന്ന് വിശ്വസിക്കാൻ നാം നിർബന്ധരാകുന്നുവെന്നതാണ് വസ്തുത. നമ്മുടെ പ്രാർത്ഥന അനായാസം, അനർഗ്ഗളം ഒഴുകി ദൈവസന്നിധിയിലെത്തണമെങ്കിൽ പാപമാകുന്ന തടസ്സം മാറ്റികൊടുക്കണം. “ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെടാത്തവരെല്ലാം അഗ്നിത്തടാകത്തിലേക്കു എറിയപ്പെടും” (വെളി. 20 :15 ) യാതൊരു ഒഴികഴിവുമില്ല.
ദൈവത്തിന്റെ നീതിപീഠത്തിൽ വെളിപ്പെടാത്തതും പ്രവൃത്തിക്കനുസൃതം പ്രതിഫലം കിട്ടാത്തതുമായി ഒന്നുമില്ല. (വെളി. 21 :27 )
സഹോദരങ്ങളെ, കറതീർന്ന സത്യമാണിത്. നമ്മുക്ക് ഇങ്ങനെ പോയാൽ മതിയോ? മ്ലേച്ഛത, കൗടില്യം, ഇത്തരിപ്പുകടം, കള്ളക്കണക്ക്, ഒറ്റ വാക്കിൽ, എല്ലാ അനീതിയും- ഇതിന് ഉത്തരവാദികൾ കുഞ്ഞാടിന്റെ രക്തത്തിൽ കഴുകപ്പെടുന്നില്ലെങ്കിൽ ആത്മനാശത്തിൽ അകപ്പെടും എന്നതു തർക്കമറ്റ സംഗതിയാണ്. എന്നാൽ, ” വിജയം വരിക്കുന്നവനെ വെള്ളവസ്ത്രം ധരിപ്പിക്കും; ജീവന്റെ പുസ്തകത്തിൽനിന്നു അവന്റെ നാമം ഞാൻ ഒരിക്കലും മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ ദൂതന്മാരുടെയും സന്നിധിയിൽ അവന്റെ നാമം ഞാൻ ഏറ്റുപറയും”(വെളി.3 :5 ).
വിജയം വരിച്ചവന്റെ അടയാളമാണ് വെള്ളവസ്ത്രം . അവന്റെ രക്തത്തിൽ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നവർക്കേ നിത്യ രക്ഷയുള്ളൂ.”രണ്ടാമതും അവർ പറഞ്ഞു: ഹല്ലേലുയ്യാ! അവളുടെ പുക എന്നേക്കും ഉയർന്നുകൊണ്ടിരിക്കുന്നു” (വെളി. 19 :3 )
വചനാനുസൃതം ജീവിച്ചു വചനമായി മാറുന്നവർക്കേ സ്വർഗ്ഗീയവിരുന്നിലേക്കു പ്രവേശനമുള്ളു. “അനുതപിക്കുന്നില്ലെങ്കിൽ… വ്യഭിചാരം ചെയ്യുന്നവരെയെല്ലാം വലിയ ഞെരുക്ക(നരകം, അഗ്നിത്തടാകം) ത്തിലേക്ക് ഞാൻ ഏറിയും… ഹൃദയങ്ങളും മനസ്സുകളും പരിശോധിക്കുന്നവനാണ് ഞാനെന്നു സഭകൾ… ഗ്രഹിക്കും. ഓരോരുത്തർക്കും പ്രവർത്തികൾക്കനുസൃതം ഞാൻ പ്രതിഫലം നൽകും” (വെളി.2 :22 ,23 ).
എന്നാൽ, “വിജയം വരിക്കുന്നവന് (ബലവശ്യമായ സ്വർഗ്ഗം കൈവശമാക്കുന്നവന്) ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിൽ നിന്ന് ഞാൻ ഭക്ഷിക്കാൻ കൊടുക്കും (നിത്യ ദൈവം നൽകുന്ന ജീവനാണ് പരാമർശം) അവനെ ഈശോ, നിത്യജീവനിലേക്കു കൂട്ടികൊണ്ടുപോകും.
“മനുഷ്യാ നീ നിന്റെ അന്ത്യത്തെക്കുറിച്ചു ചിന്തിക്കുക എങ്കിൽ നീ പാപം ചെയ്യുകയില്ല ” (പ്രഭാ. 7 :36 )