ഉല്പത്തിപ്പുസ്തകത്തിലെ ഹൃദയ സ്പർശിയായ ഒരു സംഭവമാണ് 20 വർഷങ്ങൾക്കു ശേഷം ഏസാവും യാക്കോബും പരസ്പരം കണ്ടുമുട്ടുന്ന രംഗം. തന്റെ രണ്ടു ഭാര്യമാരെയും രണ്ടു പരിചാരികമാരെയും പതിനൊന്നു മക്കളെയും കൂട്ടി യാക്കോബ്, യാബോക് എന്ന കടവുകടന്നു (ഉത്പ. 32 :22 ). സഹോദരൻ ഏസാവിനെ കാണണമെന്ന് അവനു അതിയായ ആഗ്രഹമുണ്ടായിരുന്നു. അവൻ സഹോദരന് ഒരു സമ്മാനമൊരുക്കി (ഉത്പ. 32 :13). അതുമായി അവൻ ഏസാവിന്റെ പക്കലേക്കു ദൂതന്മാരെ അയച്ചു. അനന്തരം അവൻ ഇപ്രകാരം ചിന്തിച്ചു . “ഞാൻ മുൻകൂട്ടി അയച്ചിരിക്കുന്ന സമ്മാനം കൊണ്ട് എനിക്ക് അവനെ തൃപ്തിപ്പെടുത്താനാവും. അത് കഴിഞ്ഞാൽ അവനെ നേരിൽ കാണാം. അവൻ എന്നെ സ്വീകരിച്ചേക്കും.”
ഇതിൻപ്രകാരം, യാക്കോബ് ഏസാവിന്റെ അടുത്തേക്ക് യൂദന്മാരെ അയച്ചു. അവർ ഏസാവിനെ നേരിൽ കണ്ടു. വിവരമറിഞ്ഞ ഏസാവ് 400 ആളുകളുടെ അകമ്പടിയോടെ യാക്കോബിനെ കണാൻ വരികയായി. ഈ വിവരം അറിയിച്ചപ്പോൾ യാക്കോബ് ഏറെ ഭയപ്പെടുകയും അസ്വസ്ഥനാവുകയും ചെയ്തു. ഏസാവിന്റെ കൈയിൽനിന്നു തന്നെ രക്ഷിക്കണമെന്ന് അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവത്തോട് കേണപേക്ഷിക്കുന്നു (ഉത്പ .32 :12 -21). അനന്തരം അവൻ കുടുംബത്തോടും പരിവാരങ്ങളോടുമൊപ്പം മുമ്പേ നടന്നു. സ്വസഹോദരനെ കണ്ടെത്തുവോളം അവൻ ഏഴുതവണ നിലം മുട്ടെ താണ് അവനെ വണങ്ങി.
എസവാകട്ടെ ഓടിച്ചെന്നു അവനെ നിറസ്നേഹത്തോടെ കെട്ടിപിടിച്ചു ചുംബിച്ചു. ഇരുവരും സന്തോഷാധിക്യത്താൽ കരഞ്ഞു. ദൈവത്തിന്റെ മുഖം കണ്ടാലെന്ന പോലെയാണ് യാക്കോബ് ഏസാവിനെ കണ്ടത് എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. അത്ര സ്നേഹവായ്പോടും ദയയോടും കരുണയോടും കൂടെയാണ് ഏസാവ് ‘വഞ്ചകനായ’ തന്റെ സഹോദരനെ സ്വീകരിച്ചത്.അവൻ അനുജനെ കൂടെ ചെല്ലാൻ ക്ഷണിച്ചെങ്കിലും യാക്കോബ് നന്ദിയോടെ അത് നിരസിച്ചു. രേഖപെടുത്തപ്പെട്ടിരിക്കുന്ന പ്രഥമ സത്യസന്ധമായ, വ്യവസ്ഥയില്ലാത്ത മഹാക്ഷമയുടെ ഒരു കഥയാണിത്. മഹാകാര്യത്തേക്കാൾ മഹത്തമമായ കഥ.