ബൈബിൾ കഴിഞ്ഞാൽ പിന്നെ ‘കാതോലിക്ക സഭയുടെ മതബോധന ഗ്രന്ഥം’ നമുക്ക് അതിവിശിഷ്ടമായി നിലകൊള്ളുന്നു. അതിലൂടെ ഒരു ആത്മീയ യാത്ര ഏവർക്കും അനുഗ്രഹപ്രദമായിരിക്കും. കാരണം, അത്യപൂർവവും അമൂല്യവുമായ ഒരു പ്രബോധന ഗ്രന്ഥമാണിത്. നമ്മുടെ ‘വിശ്വാസനിക്ഷേപം’ ഇതിലുണ്ട്.
യോഹ. 17:23 ൽ ഈശോ വ്യക്തമാക്കുന്നു: പിതാവേ… ഏക സത്യ ദൈവമായ അങ്ങയേയും അവിടുന്ന് അയച്ച യേശു ക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യ ജീവൻ. നമുക്കുള്ള പരമ പ്രധാനമായ കല്പന നിയ. 6:5 ൽ ഉണ്ട്. “നീ നിന്റെ ദൈവമായ കർത്താവിനെ പൂര്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ മനസോടും സർവ്വശക്തിയോടും സ്നേഹിക്കണം.” ഈ കല്പന ഈശോ ആവർത്തിച്ചു ഉറപ്പിക്കുന്നത് ലോക 10:25-28 ൽ കാണാം.ഒരു നിയമജ്ഞൻ ഈശോയെ പരീക്ഷിക്കാനെത്തുന്നു. അതിനു അവിടുത്തോടു ചോദിക്കുന്നു: “ഗുരോ, നിത്യജീവൻ അവകാശപെടുത്താൻ ഞാൻ എന്ത് ചെയ്യണം?” ഈശോയോ അവനോടു ഒരു മറുചോദ്യം ചോദിക്കുന്നു. (ഇതേക്കുറിച്ചു) “നിയമത്തിൽ നീ എന്ത് വായിക്കുന്നു?” നിയമജ്ഞൻ നിയ. 6:5 തന്നെ മറുപടിയായി പറയുന്നു. അവനെ ശ്ലാഖിച്ചു കൊണ്ട് ഈശോ പറയുന്നു “നീ നന്നായിത്തന്നെ ഉത്തരം പറയുന്നു. നീയും പോയി അതുപോലെ തന്നെ ചെയുക. എങ്കിൽ നീ ജീവിക്കും.”
ഇവിടെ ഒരു കാര്യം വ്യക്തം; നിത്യജീവൻ പ്രാപിക്കാൻ ദൈവത്തിന്റെ കല്പനകൾ പാലിച്ചേ മതിയാവു. ഈശോയെ അറിഞ്ഞു സ്നേഹിച്ചു അവിടുത്തെ പ്രമാണങ്ങൾ അനുസരിച്ചു ജീവിക്കുക, ക്രിസ്തുവിൽ വിശ്വസിച്ചു മാമ്മോദീസായും ഇതര കൂദാശകളും സ്വീകരിക്കുക, അങ്ങനെ നിത്യജീവൻ പ്രാപിക്കാനാവും. നിത്യജീവൻ പ്രാപിക്കുക എന്നുപറഞ്ഞാൽ സ്വർഗ്ഗരാജ്യത്തിനു അവകാശികളാവുക എന്നാണ്. ഇതിനു ഈശോമിശിഹായിലുള്ള വിശ്വാസം അത്യന്തപേക്ഷിതമാണ്. കാരണം, നമുക്ക് രക്ഷ പ്രാപിക്കാനായി, നിത്യജീവൻ അവകാശമായി നൽകാനായി ഈശോയുടെ നാമമല്ലാതെ മറ്റൊരു നാമവും ആകാശത്തിന് കീഴിൽ നല്കപ്പെട്ടിട്ടില്ല.