പതിനാലാമദ്ധ്യായം
ക്രിസ്തുവിന്റെ മനുഷ്യത്വം ഏതാണ്ടൊന്നു മനസ്സിലാക്കി നാം. അധഃപതിച്ച മാനവജനതയുടെ ആത്മ സാക്ഷാത്ക്കാരം സാധിക്കാനാണു സത്യദൈവമായ അവിടുന്ന് മനുഷ്യനാവുകയെന്ന സാഹസകൃത്യത്തിനൊരുമ്പെട്ടത്. ഈ കർമ്മത്തിൽ മനുഷ്യനെ അവന്റെ സാകല്യത്തിൽ സമീക്ഷിക്കാൻ അവിടുത്തേക്കു സാധിച്ചു. അവന്റെ സഹനങ്ങളിലും ബുദ്ധിമുട്ടുകളിലും അങ്ങു മനംനൊന്തു കരഞ്ഞു. അത്ഭുതങ്ങളിൽ ചിലതൊക്കെ ചുവടെ ചേർക്കുന്നതിന്റെ ഉദ്ദേശ്യം അവിടുത്തെ ദൈവത്വം വ്യക്തമാക്കുന്നതിലേറെ, മനുഷ്യരോടുള്ള സ്നേഹവും അവരുടെ പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലുമുള്ള അനുകമ്പയും വ്യക്തമാക്കുകയാണ്.
ഗലീലിയിലെ കൊച്ചുഗ്രാമമാണു കാനാ. പരിഷ്കാരത്തിന്റെ പൊടിപോലും പറന്നെത്തിയിട്ടില്ലവിടെ. പക്ഷെ ജീവിതത്തിന്റെ ആനന്ദവിസ്ഫൂർത്തിയിൽ എണ്ണമറ്റ മനുഷ്യഹൃദയങ്ങളെ ഇക്കിളികൊള്ളിക്കാൻ പര്യാപ്തമാണത്. ലോകത്തിലെ വിളിപ്പെട്ട നഗരങ്ങളെല്ലാം വിസ്മരിക്കപ്പെടാം. എന്നാൽ കാനാ മറവിയുടെ മതിൽകെട്ടിനുള്ളിൽ മാഞ്ഞുപോവില്ല. കാരണം വളരെ ലളിതമാണ്. അവിടെ ഒരു വിവാഹം ക്രിസ്തുനാഥൻ ആശീർവ്വദിച്ചു. ആ മനുഷ്യസ്നേഹിയുടെ സഹാനുഭൂതിക്കു സാക്ഷ്യം നല്കുന്ന ആദ്യത്തെ അത്ഭുതം അവിടെ പ്രവർത്തിച്ചു.
ബന്ധുത്വംകൊണ്ടോ, നാട്ടുനടപ്പനുസരിച്ചു ക്ഷണിക്കപ്പെട്ടിരുന്നതുകൊണ്ടോ മറിയവും മകനും തങ്ങളുടെ മംഗളം പൂശുന്ന പാദസ്പർശത്താൽ ആ കല്യാണവീടിനെ അനുഗ്രഹിച്ചു. മറ്റു ചടങ്ങുകളെല്ലാം കഴിഞ്ഞു. സദ്യ ആരംഭിക്കയായി. പല തവണകളും വിളമ്പി. പിന്നെയും പിന്നെയും പുതിയ പുതിയ വിരുന്നുകാർ വരുകയാണ്. കാര്യം പന്തിയല്ലെന്ന ദിക്കായി. വീഞ്ഞു മുഴുവനും തീർന്നു. വിളമ്പുകാരുടെ മുഖം വിളറി. കലവറക്കാരൻ പരക്കംപായുകയാണ്. അയാൾ ആകപ്പാടെ കുഴഞ്ഞു. എന്തൊരു മാനക്കേട്.
മറിയത്തിനു കാര്യം മനസ്സിലായി. കനിവൂറുന്ന ആ ന്യകാരത്നത്തിനവരോടനുകമ്പ തോന്നി. അവൾ ഈശോയെ കണ്ണുകാട്ടി വിളിച്ചു. മകൻ വന്നപ്പോൾ അരുകിലേക്കു നീക്കിനിറുത്തിയിട്ടു മറ്റാരും കേൾക്കാതെ പറഞ്ഞു ‘അവർക്ക് വീഞ്ഞില്ല’. ഈശോ അമ്മയുടെ മുഖത്തുനോക്കി. സ്നേഹവും അനുകമ്പയും ആ കണ്ണുകളിൽ ഓളംവെട്ടി. പ്രശാന്തനായി അവിടുന്നു പറയുകയാണ്:
‘നിർമ്മലാത്മാവുള്ളിലാവസിക്കു
മമ്മയെന്തെന്നോടിക്കാര്യമോതി
കാട്ടുകയാവാമീപ്പുണ്യധാത്രി
കർമ്മം തുടങ്ങുവാനുള്ള കാലം’.
(പുത്തൻകാവ്-വിശ്വദീപം)
പിന്നെ മറിയം അവിടെ നിന്നില്ല. പരിചാരകന്മാരുടെ പക്കൽപോയി അവരോടു പറഞ്ഞു: ‘അവൻ കല്പിക്കുന്നതു ചെയ്യുവിൻ’. അടിയുറച്ചതാണ് അവളുടെ വിശ്വാസം. അതു രക്ഷകന്റെ ‘സമയം’ സമാഗതമാക്കുന്നു. രക്ഷാകരദൗത്യം നിർവ്വഹിക്കുന്നതിനുള്ള അനുവാദം സ്വർഗ്ഗീയപിതാവ് അവിടുത്തേക്കു നല്കുന്നു.
‘കെല്പാളുമീശാജത്മജവാക്കിനൊത്തുടൻ
കല്പാത്രമഞ്ചാറു നിറച്ചു നീരിനാൽ;
പില്പാടതദ്ദാസർ പകർന്നെടുക്കവേ
നല്പാർന്ന വീഞ്ഞായിതു വെള്ളമത്ഭുതം!’
(കട്ടക്കയം-ശ്രീയേശുവിജയം)
കോരി കാര്യക്കാരനു കൊടുക്കുക, ക്രിസ്തു കല്പിച്ചു. അവർ അപ്രകാരം ചെയ്തു. അയാളതു രുചിച്ചു നോക്കി. ഒന്നാന്തരം വൈൻ! അതിന്റെ ഉറവിടം അയാൾക്കു മനസ്സിലായില്ല. അതുകൊണ്ടാണയാൾ മണവാളനെ വിളിച്ചു പറഞ്ഞത്: ‘എല്ലാവരും ആദ്യം നല്ല വീഞ്ഞു വിളമ്പുന്നു. കുടിച്ചു മത്തരാകുമ്പോൾ മോശമായതും. നിങ്ങളാകട്ടെ, അന്ത്യംവരെ നല്ല വീഞ്ഞു സൂക്ഷിച്ചുവച്ചിരിക്കുന്നു’. വേലക്കാരിൽ നിന്നു വിവരം ഗ്രഹിച്ച ഗൃഹനാഥന്റെ കണ്ണിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു ഒപ്പം തന്റെ മാനം കാത്ത കാരുണ്യവാനോടുള്ള നന്ദിയും. കർത്താവിന്റെ കാരുണ്യത്താൽ കല്യാണം ശുഭാന്തമായി.
കാനായിലെ അത്ഭുതം ഗലീലിയിൽ വലിയ സംസാരവിഷയമായി. ഇത്തരുണത്തിലാണ് അന്തിപ്പാസിന്റെ കൊട്ടാരകാര്യസ്ഥന്റെ മകൻ ദീനം മൂർച്ചിച്ചു മരിക്കാറായത്. അപ്പന്റെ ഏക മകനാണവൻ. കണക്കില്ലാതെ പണം ചെലവാക്കി. ശാസ്ത്രത്തിന്റെ പ്രതിവിധികളൊക്കെ പ്രയോഗിച്ചു. എല്ലാം വിഫലം. ആ കുട്ടിയുടെ ആയുസ്സു ത്രാസ്സിൽ തൂങ്ങുകയാണ്. ഉൽകണ്ഠാകുലനായ ആ വത്സലപിതാവു ദിനരാത്രങ്ങൾ തള്ളിനീക്കുന്നുവെന്നുമാത്രം. നസ്രായനായ യേശു കാനായിലുണ്ടെന്ന വിവരം എങ്ങനെയോ അയാൾ അറിഞ്ഞു.
ഓടിക്കിതച്ച് അയാൾ അവിടെയെത്തി. മുഖവുരയൊന്നുംകൂടാതെ മരണാസന്നനായ തന്റെ ഓമനമകനെ സുഖപ്പെടുത്തണമെന്നു യേശുവിനോടു കേണപേക്ഷിച്ചു. അവിടുന്നരുൾ ചെയ്തു:
‘പോക, വേഗം ഭഗവത്പ്രിയപുത്രൻ
പ്രാണനോടിന്നു വാഴുന്നു വീട്ടിൽ
സംശയിച്ചിങ്ങു നില്ക്കേണ്ട ചെന്നു
സൗഖ്യമാർന്ന നിൻ പുത്രനെ കാൺക’.
(പുത്തൻകാവ്)
പുറജാതിക്കാരനായ ആ റോമൻ ഭടൻ പിന്നെ ഒന്നും പറഞ്ഞില്ല. ക്രിസ്തുവിന്റെ വാക്കുകൾ അക്ഷരശ: വിശ്വസിച്ചു. തൃപ്തിയായി അയാൾക്ക്. കുതിരയെപ്പറപ്പിച്ചു വീട്ടിലേയ്ക്കോടി. തന്നെത്തേടിവരുന്ന വേലക്കാരിൽനിന്നു വഴിക്കുവച്ചുതന്നെ അയാൾ അറിഞ്ഞു: ‘നിങ്ങളുടെ മകൻ ജീവിച്ചിരിക്കുന്നു’ എന്നു ക്രിസ്തു അരുൾചെയ്ത നിമിഷം അയാളുടെ പുത്രൻ പരിപൂർണ്ണസൗഖ്യം പ്രാപിച്ചുവെന്ന്. അയാളുടെ സന്തോഷസരിത്തു ചിറപൊട്ടിയൊഴുകി.
ഇനി നമുക്കു ജറുസലേം ദേവാലയത്തിൽച്ചെന്നു ക്രിസ്തുവിനെ ഒന്നു കാണാം. അന്നവിടുന്നാണു വായിക്കാനും പ്രസംഗിക്കാനും ക്ഷണിക്കപ്പെട്ടത്. പ്രസംഗപീഠത്തിലേയ്ക്കു ശാന്തഗംഭീരനായി എഴുന്നള്ളിയ ആ തേജഃപുഞ്ജത്തിലേക്കു കണ്ണുകളെല്ലാം സകൗതുകം ഓടിയെത്തി. പ്രബോധനമാരംഭിച്ചുകഴിഞ്ഞു. എന്തൊരു ഗാംഭീര്യം ആ വാക്കുകൾക്ക് എത്ര ഹൃദ്യമായ ശൈലി! അധികാരമുള്ളവനെപ്പോലെയാണ് ഈശോ പഠിപ്പിച്ചത്. സ്വന്തം പേരിലാണു സംസാരിച്ചത്. ബൈബിൾ ആധികാരികമായി വ്യാഖ്യാനിക്കുന്നു. മനുഷ്യഹൃദയങ്ങളുടെ ആഴങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. ആ സ്വാധീനശക്തി തങ്ങളുടെ കരളിലേക്കു കയറിപ്പായുന്നതുപോലെ കേൾവിക്കാർക്കു തോന്നി.
ഉത്തരക്ഷണത്തിൽ, ജനക്കൂട്ടത്തിലൊരു ശബ്ദം. ഒരാൾ കിടന്നലറുകയാണ്; നിലത്തുകിടന്നു പുളയുകയും, കലിയേറിയുള്ള ചീറ്റൽ. പല്ലിറുമ്മിയിട്ടുണ്ട്. ഓ, ഭയങ്കര ദൃശ്യം. എല്ലാവരും പേടിച്ചു. പലർക്കും അയാളെ അറിയാം. പിശാചുബാധിതനാണ്. ഉരുണ്ടുരുണ്ടയാൾ ക്രിസ്തുവിന്റെ കാൽക്കൽ ചെന്നു. വട്ടംവളഞ്ഞു കിടന്നലറുകയാണ്; ‘നസ്രായനായ ഈശോയെ, അങ്ങ് എന്തിനു ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നു? ഞങ്ങളെ അന്തംവരുത്താനോ’? ബഹുവചനം ഏകവചനമാക്കി മാറ്റിയാണവൻ തുടർന്ന് ആക്രോശിച്ചത്: ‘അങ്ങ് ആരെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധൻ’. ഇത്രയുമായപ്പോൾ ദീനബന്ധുവായ യേശുവിന്റെ കരളലിഞ്ഞു. ഭൂതബാധിതനായ ആ മനുഷ്യന്റെ ദുരവസ്ഥയോടൊത്ത്. ഒട്ടും അമാന്തിച്ചില്ല; അധികാര സ്വരത്തിൽ പിശാചിനോട് അവിടുന്നു കല്പിച്ചു.
‘വിട്ടുപോക നീ, ദൂരെയിനിമേൽ
തൊട്ടുപോകരുതീനരൻ തന്നെ’.
ഭൂതാവിഷ്ഠനായ ആ മനുഷ്യൻ ഇത്രയുമായപ്പോൾ തടിപോലെ നിലത്തുവീണു. മേഘനാദം മുഴക്കി ദുഷ്ടാത്മാവ് അവനെ വിട്ടു പോയി. കണ്ടവരെല്ലാം അത്ഭുതപ്പെട്ടു ക്രിസ്തുവിനെ വാഴ്ത്തി. എന്ത്? ദുഷ്ടാത്മാക്കളുടെമേൽക്കൂടി ഇദ്ദേഹം അധികാരം ചെലുത്തുന്നല്ലോ. അവനതിനു വഴങ്ങിക്കൊടുക്കുകയും ചെയ്യുന്നു. ആരാണാവോ ഈ അത്ഭുത മനുഷ്യൻ? അവരത്ഭുതപ്പെട്ടു; ക്രിസ്തുവിന്റെ കീർത്തി ഗലീലിയായിലെല്ലാം പരന്നു.
താഴെക്കുറിക്കുന്ന അത്ഭുതം നടന്ന സ്ഥലം ഏതെന്നു സുവിശേഷകന്മാർ രേഖപ്പെടുത്തിയിട്ടില്ല. ഈശോ ഒരു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നതാണു സംഭവം. യഹൂദർ ഏറ്റം ഭയപ്പെടുന്ന രോഗമാണു കുഷ്ഠം. അതു ദൈവശിക്ഷയാണെന്നവർ വിശ്വസിച്ചിരുന്നു. ആത്മശരീരങ്ങൾ ഒരുപോലെ വിഷം വ്യാപിപ്പിക്കുന്ന പാപത്തിന്റെ പുറംപ്രകടനമാണീ രോഗം, അവരുടെ വീക്ഷണത്തിൽ. കുഷ്ഠരോഗികളെ കൂട്ടത്തിൽ നിന്നെല്ലാം മാറ്റും. രോഗം മാറിയാൽത്തന്നെ നൂറു നൂറു ശുദ്ധികർമ്മങ്ങൾ കഴിച്ചുവേണം അയാളെ തിരിച്ചെടുക്കാൻ.
ഇത്തരം ഒരു കുഷ്ഠരോഗി ഈശോയുടെ കാല്ക്കൽവീണ് അപേക്ഷിക്കുന്നു: ‘കരുണ കാണിക്കണേ. അങ്ങു തിരുവുള്ളമായാൽ ഞാൻ സുഖം പ്രാപിക്കും’. നാഥൻ അവന്റെ മുഖത്തേക്കു നോക്കി. ആ സാധുവിന്റെ കഷ്ടപ്പാട്! ശരീരം ആസകലം ഒരു വ്രണംപോലെ. ക്രിസ്തുവിന്റെ കനിവു നിയമത്തിന്റെ അതിർത്തിവരമ്പുകളെയെല്ലാം അതിലംഘിച്ചു. കൈനീട്ടി, വിരൂപമായ ആ ശരീരത്തിന്മേൽ സ്നേഹ സമന്വിതം തലോടി.
‘ഉണ്ടെനിക്കാർദ്രത, വേഗം വിശുദ്ധി നീ-
പൂണ്ടുകൊണ്ടാലുമെന്നോതി ദയാന്വിതം’.
അത്ഭുതമേ, തൽക്ഷണം അയാളുടെ രോഗം മാറി.
ആ പാവപ്പെട്ട മനുഷ്യന്റെ സഹനത്തിന്റെ സുവിശേഷമാണു മിശിഹായുടെ ഹൃദയത്തെ സ്പർശിച്ചത്. അയാളുടെ ദുരിതം അവിടുത്തെ വേദനിപ്പിച്ചു. അയാളുടെ വിശ്വാസവും മറ്റൊരു കാരണമാണ്. അവന്റെ സഭാഭ്രഷ്ടു നീക്കാനായി ഈശോ തുടർന്നു പറഞ്ഞു:
‘പോയലുമാചാര്യവര്യർക്കു മുമ്പിൽ, നിൻ
കായവൈശിഷ്ട്യം തെളിയിച്ചു കാണിക്ക നീ’.
സാബത്തു ലംഘിച്ചും കരുണ കാണിക്കുന്ന ക്രിസ്തുവിനെ കാണൂ. സാബത്തിൽ പ്രസംഗിക്കുകയാണവിടുന്ന്. ജനങ്ങളെല്ലാം സശ്രദ്ധം, സതാത്പര്യം കേൾക്കുന്നുണ്ട്. പ്രീശന്മാർ പതിവനുസരിച്ചു ഓരോ വാക്കും വിമർശനബുദ്ധ്യാ പരിശോധിക്കുന്നു. കൈ വല്ലാതെ ശുഷ്ക്കിച്ച ഒരാൾ ആ സമൂഹത്തിലുണ്ടായിരുന്നു. അവനെ തള്ളിക്കേറ്റി മുമ്പിൽ നിറുത്തുകതന്നെ, പ്രീശർ തീരുമാനിച്ചു. യേശു അവനെ സുഖപ്പെടുത്തുമോ എന്നൊന്നു നോക്കാം. അവിടുന്നതു ചെയ്താൽ സാബത്തു ലംഘിച്ചതിന് ഒരുദാഹരണമായി.
പ്രസംഗം അവസാനിച്ചതോടെ പ്രീശപ്രമാണി ചോദിച്ചു: ‘സാബത്തു ദിവസം രോഗംമാറ്റുന്നത് അനുവദനീയമോ’? പ്രത്യക്ഷത്തിൽ നിരുപദ്രവകരമായൊരു ചോദ്യം. പക്ഷെ അതിന്റെ പിന്നിൽ ഏറെ വെറുപ്പ് ഊറിക്കൂടിയിട്ടുണ്ട്. യേശു പ്രീശരെയെല്ലാം ഒന്നു നോക്കി. കൈ ശോഷിച്ച മനുഷ്യൻ തന്റെ മുമ്പിൽ എത്തിയവിധം അവിടുത്തേയ്ക്കു മനസ്സിലായി.
ഒരു മറുചോദ്യമായിരുന്നു ക്രിസ്തുവിന്റെ മറുപടി. ‘സാബത്തുനാളിൽ നിങ്ങളിൽ ആരുടെയെങ്കിലും ഒരാടു കിണറ്റിൽ വീണാൽ പിടിച്ചുകയറ്റാത്തവരുണ്ടോ? ഒരു മനുഷ്യനോടു തുല്യപ്പെടുത്തിയാൽ ഒരാടിന് എന്തുവിലയാണുള്ളത്? അതുകൊണ്ടു സാബത്തുദിവസം മനുഷ്യനു നന്മ ചെയ്യുക നിക്ഷിദ്ധമല്ല’. പ്രീശർ ഉത്തരംമുട്ടി തറഞ്ഞു നിന്നുപോയി. ഒരു നല്ല പ്രവൃത്തി ചെയ്യുക. അത് എപ്പോഴും അനുവദനീയമാണ്.
പ്രീശപ്രമാണികളുടെ പണിയെന്തെന്നോ? മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടച്ചുകളയുക. വിധവകളുടെ വീടുകൾ വിഴുങ്ങുക. ഉപായരൂപേണ സുദീർഘമായി പ്രാർത്ഥിക്കുക. തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കുക. ന്യായം, കരുണ, വിശ്വാസ്യത, തുടങ്ങിയവ ത്യജിക്കുക. കൊതുകിനെ അരിച്ചെടുക്കുമവർ. ഒട്ടകത്തെ വിഴുങ്ങും. ശവക്കല്ലറകളോടു തുല്യരാണിവർ. പുറമെ പ്രശോഭിക്കുന്നുണ്ടെങ്കിലും അകമേ കപടഭക്തിയും അധർമ്മവും കുടിയിരിക്കുന്നു. (രളൃ മത്താ 23:1320). കുറഞ്ഞത് ഏഴു ‘കഷ്ട’മെങ്കിലും ഇവർക്കെതിരായി ഈശോ പറയുന്നുണ്ട്. ചിലപ്പോഴെങ്കിലും ഞാനും നിങ്ങളും ഇക്കൂട്ടരെപ്പോലെ പ്രവർത്തിക്കാറില്ലേ? നന്മ ചെയ്യാതെയുള്ള സാബത്താചരണമൊക്കെ നിരർത്ഥകമാണ്.
കനിവോലും ക്രിസ്തുഭഗവാൻ മരിച്ച യുവാവിനെ ജീവനിലേയ്ക്കു വിളിച്ചുവരുത്തുന്നൊരു രംഗമുണ്ടു സുവിശേഷത്തിൽ. ചെറുതെങ്കിലും നയനമനോഹരമായൊരി പട്ടണമാണ് നയിൻ. ക്രിസ്തുവിന്റെ പല അത്ഭുതങ്ങളും കാണാനും തിരുവചനങ്ങൾ കേൾക്കാനുമുള്ള അനർഘഭാഗ്യം സിദ്ധിച്ചിട്ടുണ്ടതിന്. അവിടെ ഒരു വിധവയ്ക്ക് ഒരു മകനുണ്ടായിരുന്നു. അവളുടെ ആനന്ദവും ആശ്വാസവും ഏകാവലംബവുമായിരുന്നവൻ. എന്തോ ദീനംപിടിച്ച് ആ പയ്യൻ പെട്ടന്നു മരിച്ചു. മൃതദേഹം സംസ്ക്കരിക്കാൻ സമയമായി. ആരുടെയും കരളലിയിക്കുന്നൊരു നിമിഷം! സഹൃദയരനേകമുണ്ട് ആ വിലാപയാത്രയിൽ.
യേശുവും ശിഷ്യന്മാരും ആ വഴി വരുന്നു. കരച്ചിൽ കേൾക്കുന്നു. മരിച്ചവൻ അവന്റെ അമ്മയുടെ ഏകമകനും അമ്മ വിധവയുമാണെന്നു ക്രിസ്തു മനസ്സിലാക്കി. അദ്ദേഹം ഹതഭാഗ്യയായ ആ സ്ത്രീയെ കണ്ടു. ഹൃദയം പൊട്ടിക്കരയുകയാണവൾ. അവിടുത്തെ ഹൃദയമലിഞ്ഞു. ആ കണ്ണുകളിൽ കാരുണ്യം നിറഞ്ഞുതുളുമ്പി. നീ കരയേണ്ട എന്ന് ആ സ്ത്രീയോട് അരുൾ ചെയ്തു. എന്നിട്ട് മഞ്ചത്തെ സമീപിച്ച് അതിന്മേൽ തൊട്ട് ഈശോ ശവത്തിന്മേൽ സസൂഷ്മം ഒന്നു നോക്കി. ആ കണ്ണുകൾ ശവശരീരത്തിലൂടെ തുളച്ചിറങ്ങി വേറൊരു ലോകത്ത് എത്തുന്നുവോ? ജനഹൃദയങ്ങളിൽ ആകാംക്ഷ ഓളം വെട്ടകയാണ്. അധികാര സ്വരത്തിൽ യേശു പറയുന്നു: ‘യുവാവേ ഞാൻ കല്പിക്കുന്നു. എഴുന്നേല്ക്കുക’.
പെട്ടെന്നു പെട്ടിക്കകത്തൊരനക്കം. ചുമട്ടുകാർ ഭയന്നു. മഞ്ചലവർ താഴെ വച്ചു. എന്ത്? മരിച്ചവൻ എഴുന്നേറ്റിരുന്നു സംസാരിക്കുന്നു! ക്രിസ്തു അവനെ അമ്മയ്ക്ക് ഏല്പിച്ചു കൊടുത്തു. ആ പാവപ്പെട്ട അമ്മ നിറഞ്ഞ ആനന്ദവും കൃതജ്ഞതയും നിമിത്തം വിങ്ങിപ്പൊട്ടുകയാണ്. അവളുടെ ആനന്ദം ഈശോയെ സന്തോഷിപ്പിച്ചു. കാണികളെല്ലാം ‘ഒരു വലിയ പ്രവാചകൻ നമ്മുടെയിടയിൽ ആവീർഭവിച്ചിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു’ എന്നു പറഞ്ഞു മഹേശ്വനെ മഹത്വപ്പെടുത്തി. ന്നുവെന്നു കണ്ടു പേടിച്ചു നിലവിളിച്ച ശിഷ്യൻമാർക്കുവേണ്ടി മിശിഹാ കാറ്റിനേയും കടലിനേയും ശാസിച്ചു ശാന്തമാക്കുന്ന രംഗം ഹൃദയാവർജ്ജകമാണ്. വളരെ ശ്രമകരമായൊരു ദിനമായിരുന്നു അന്ന്. ഇനി തെല്ലൊന്നു വിശ്രമിക്കുകതന്നെ. ‘നമുക്ക് അക്കര കടക്കാം’, ഈശോ ശിഷ്യന്മാരോടു പറഞ്ഞു. അവർക്കും സന്തോഷമായി. ജനങ്ങളോടു പിരിഞ്ഞുപൊയ്ക്കൊള്ളാൻ പറഞ്ഞിട്ടു ഗുരുവും ശിഷ്യൻന്മാരും വഞ്ചിയിൽ കയറി മറുകരയ്ക്കു യാത്രയാരംഭിച്ചു.
ഗലീലിയാക്കടൽ കാഴ്ചക്കതിമനോഹരമാണ്. ചുറ്റും മലകൾ തോളുരുമ്മി വിരാജിക്കുന്നു. ആ പ്രകൃതിഭംഗികളിൽ ആരും രമിച്ചുപോകും. ആ ഗിരിശൃംഗങ്ങൾ ഏതു കാരിരുമ്പു ഹൃദയനേയും ഇളക്കും. നല്ല നിലാവുള്ള ഒരു രാത്രി. മലമുകളിൽ അതിമനോഹരമായി തെളിഞ്ഞു പ്രകാശിക്കുന്നുണ്ട് ചന്ദ്രൻ. അംബരവീഥിയിലൂടെ നക്ഷത്രങ്ങൾ നടത്തുന്ന ഉദാത്തഗംഭീരമായ ഘോഷയാത്രയുംനോക്കി ആ ഹൃദയാലുക്കൾ തണ്ടു വലിക്കയാണ്. തടാകം തികച്ചും ശാന്തം.
ഒരു തലയിണയിന്മേൽ തലചാരി തെല്ലൊന്നാശ്വസിക്കയാണു ക്രിസ്തു. വെള്ളത്തിന്റെ കളകളാരവവും പങ്കായത്തുഴച്ചിലിന്റെ താളവും അവിടുത്തേയ്ക്കു താരാട്ടു പാടിയോ? വളരെ വേഗം അവിടുന്നുറങ്ങിപ്പോയി. ജോലി ചെയ്തു തളർന്നൊരു ദിവസമല്ലേ.
വഞ്ചി താളത്തിനൊത്ത് അടിവച്ചടിവച്ചങ്ങനെ നീങ്ങുകയാണ്…..അന്തരീക്ഷത്തിനു പെട്ടെന്നൊരു മാറ്റം. മാനം ഇരുണ്ടുകൂടി. കടൽ ക്ഷോഭിച്ചു. അലമാലകൾ അടിച്ചുയർന്നു. ചീറിക്കേറിയ തിരമാലകൾ അലറിത്തുടങ്ങി. വള്ളം മേലുകീഴു മറിയുന്നു. ഇരച്ചുവന്ന വെള്ളം കേറി വഞ്ചി ഉടനെ മുങ്ങുമെന്ന മട്ടായി.
യേശു അപ്പോഴും സുഖസുഷുപ്തിയിലാണ്. ശിഷ്യന്മാരോ കിലുകിലെ വിറയ്ക്കുന്നു. എങ്കിലും അവശനായി ഉറങ്ങുന്ന തങ്ങളുടെ ദിവ്യഗുരുവിനെ ഉണർത്താൻ ആ ഗുരുഭക്തർക്കു മനസ്സുവന്നില്ല. അപകടം ആസന്നമെന്ന നിലയായി. ഇനി ഗുരുവിനെ ഉണർത്താതെ രക്ഷയില്ല. അവർ ഗുരുവിനെ വിളിച്ചുണർത്തി. എന്നിട്ടു പ്രാർത്ഥനാരൂപത്തിൽ നിലവിളിക്കയാണ്: ‘ഗുരോ രക്ഷിക്കണേ, ഞങ്ങളിതാമുങ്ങിമരിക്കാൻ പോവുന്നു’.
ക്രിസ്തു കണ്ണു തുറന്ന്, ശിഷ്യന്മാരുടെ പരിഭ്രമകാരണമറിഞ്ഞ് എഴുന്നേറ്റുനിന്നു, കാറ്റിനെ ശാസിച്ചു. ‘ശാന്തം! പ്രശാന്തം!’
ഠവല ലെമ വൗവെലറ ശിീേ രമഹാ, പ്രസിദ്ധനായ ഷീന്റെ വാക്കുകളിൽ. കാറ്റും കോളും ശമിച്ചു. സജീവ വസ്തുക്കളെപ്പോലെ അവ അനുസരിക്കുന്നു.
‘ഒരു ദീപവുമിന്ദുവും സ്ഫുരി-
പ്പൊരു നക്ഷത്രവുമൊന്നുമെന്നിയേ
ഇരുൾമേലിരുളാം സുഷുപ്തിയിൽ
ശരണം ചിന്മയ ദേവ ദേവ നീ’.
(ആശാൻ-നിശാപ്രാർത്ഥന)
വഞ്ചി ശാന്തമായി നീങ്ങുകയാണക്കരയ്ക്ക്. മലമുകളിൽ നിന്നടിച്ചിറങ്ങിയ ചന്ദ്രിക തിരമാലകൾക്കു വെള്ളിപൂശി. വിസ്മയ വിഭ്രാന്തമായ ശിഷ്യന്മാർ പരസ്പരം പറഞ്ഞു: ഇദ്ദേഹം ആരായിരിക്കും? കാറ്റിനോടും കടലിനോടും കല്പിക്കുന്നു. അവ അനുസരിക്കുകയും ചെയ്യുന്നു.
ക്രിസ്തുവിന്റെ മനുഷ്യസ്നേഹം വ്യക്തമാവുന്ന മറ്റൊരു രംഗമാണു ബഥനി. അവിടെയാണു ലാസറിന്റെ വീട്. സഹോദരിമാരായ മേരിയും മർത്തായും അയാളോടൊത്തു താമസിച്ചിരുന്നു. ഈശോ വളരെ സ്നേഹിച്ചൊരു വീട്. ബഥനിയിലായിരിക്കുമ്പോൾ പലപ്പോഴും അവിടുന്ന് ശിഷ്യന്മാരോടൊന്നിച്ച് അവരുടെ അതിഥിയായിരുന്നിട്ടുണ്ട്. കുരിശിന്റെ കരിനിഴലുകൾ വീശിത്തുടങ്ങിയപ്പോൾ അവിടെയാണ് മനുഷ്യപുത്രനു സ്നേഹവും ആശ്വാസവും ലഭിച്ചിരുന്നത്.
യേശു പെറിയായിൽ പ്രസംഗിച്ചുനടന്ന അവസരം. ലാസർ രോഗിയായിവീണു. വൈദ്യന്മാർ വളരെയൊക്കെ പരിശ്രമിച്ചു ആ നല്ല മനുഷ്യനെ സുഖപ്പെടുത്താൻ, പക്ഷേ, ഒന്നും ഫലിച്ചില്ല. സഹോദരിമാർക്കു പരിഭ്രമമായി. വിവരം അടിയന്തിരമായി മിശിഹായെ അറിയിക്കണം. അറിഞ്ഞാലുടനെ ആ ദീനബന്ധു ഓടിയെത്തുമെന്നതിൽ ഒട്ടും സംശയമുണ്ടായിരുന്നില്ലവർക്ക്. വന്നാലപകടം മാറിക്കിട്ടുകയും ചെയ്യും. സത്വരമവർ സന്ദേശമയച്ചു. സന്ദേശം സ്വീകരിച്ചിട്ടും ക്രിസ്തുവിലൊരു വികാരഭാവവുമില്ല.
‘മൃതിചേർക്കുകയില്ല, ദൈവപുത്ര-
സ്തുതി വർദ്ധിപ്പതിനാണു രോഗ’മെന്നുമാത്രം അവിടുന്നരുൾചെയ്തു. രണ്ടു ദിവസത്തേയ്ക്കുകൂടി യേശു അവിടെത്തന്നെ താമസിച്ചു. അതിനുശേഷം ശിഷ്യന്മാരോടു പറഞ്ഞു: ‘വരിക, നമുക്ക് യൂദായിലേയ്ക്കു തിരിച്ചുപൊകാം. നമ്മുടെ സ്നേഹിതൻ ലാസർ ഉറങ്ങുന്നു. എന്നാൽ ഞാൻ പോകുന്നത് അവനെ ഉണർത്താനാണ്’. ലാസറിന്റെ മരണത്തെ സംബന്ധിച്ചാണു മിശിഹാ പറഞ്ഞത്. ശിഷ്യന്മാർ അതു മനസ്സിലാക്കിയില്ല. അതുകൊണ്ട് അവിടുന്ന് തെളിച്ചു പറയുകയാണ്: ‘ലാസർ മരിച്ചുപോയി. ഞാനവിടെ ഇല്ലാതിരുന്നതിൽ സന്തോഷിക്കുന്നു. നിങ്ങൾ വിശ്വസിക്കുന്നതിന് ഇതു സഹായിക്കും. വരൂ നമുക്ക് അയാളുടെ അടുക്കലേയ്ക്കു പോകാം്’.
അവർ ഉടനെ പുറപ്പെട്ടു. പിറ്റെ ദിവസം ബഥനിയിലെത്തി. ലാസർ മരിച്ചിട്ടു നാലാം ദിവസമാണെന്ന്. മേരിയും മർത്തായും ശോകാബ്ധിയിൽ നീന്തിത്തുടിക്കയാണ്. യേശു വരുന്നുവെന്നു കേട്ടമാത്രയിൽ കൂടുതൽ ചൊടിയുള്ള മർത്താ ഗുരുവിനെകണ്ടു സങ്കടമുണർത്തിക്കാൻ ഓടി. പിറകെ മറിയവും മറ്റു ബന്ധുമിത്രാധികളും. ഗുരുവിനെ കണ്ട ഉടനെ അവൾ കരഞ്ഞുണർത്തിച്ചു: ‘അങ്ങ് ഇവിടെ ഉണ്ടായിരുന്നങ്കിൽ എന്റെ സഹോദരൻ മരിക്കുമായിരുന്നില്ല്’. ‘അവൻ ജീവിക്കും ക്രിസ്തു പറഞ്ഞു. തുടർന്ന് ഈശോ അന്വേഷിച്ചു. ‘നിങ്ങൾ അവനെ സംസ്ക്കരിച്ചതെവിടെ്’? അവർ ലാസറിനെ അടക്കിയിരുന്ന കല്ലറയിലേക്ക് അവിടുത്തെ ആനയിച്ചു.
‘വിനമാനവനാകെ നീക്കുവോനാ-
മനഘൻ ദൈവകുമാരനക്ഷണത്തിൽ
മനമാവിലമായ് ചമഞ്ഞു, കേണ-
ജ്ജന സംഘത്തിനു വിസ്മയംവരുത്തി്’.
-കട്ടക്കയം
കണ്ടുനിന്നിരുന്നവർ ‘അദ്ദേഹം അവനെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നു നോക്കൂ്’ എന്നു പറഞ്ഞു. മറ്റു ചിലർ ഹാസ്യമായി പറഞ്ഞു: ‘കുരുടന്റെ കണ്ണുതുറപ്പിച്ച ഇദ്ദേഹത്തിന് ഇയാളുടെ മരണം നിരോധിക്കാമായിരുന്നില്ലെ?്’ കല്ലറവാതില്ക്കൽ വച്ചിരുന്ന കല്ലു ചൂണ്ടിക്കാണിച്ചിട്ട് യേശു കല്പിച്ചു: ‘ആ കല്ലെടുത്തു മാറ്റുക്’. അനന്തരം കണ്ണുകളുയർത്തി, അവിടുന്നു പ്രാർത്ഥിക്കുകയാണ്: ‘പിതാവെ! എന്റെ അപേക്ഷ അങ്ങു കൈക്കൊണ്ടതിന് അങ്ങയെ ഞാൻ കൃതജ്ഞതാപൂർവ്വം നമിക്കുന്നു. എന്റെ പ്രാർത്ഥന എല്ലായ്പ്പോഴും അങ്ങു ചെവിക്കൊള്ളുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ ചുറ്റും നില്ക്കുന്ന പുരുഷാരത്തിനുവേണ്ടി, അങ്ങ് എന്നെ അയച്ചിരിക്കുന്നുവെന്ന് അവർ വിശ്വസിക്കേണ്ടതിനു ഞാനിതപേക്ഷിക്കുന്നു’….. എങ്ങും നിറഞ്ഞ നിശബ്ദത! ഈശോ സ്വരമുയർത്തി ആജ്ഞാപിച്ചു:
‘ലാസറെ, എഴുന്നേറ്റ് എന്റെ അടുത്തുവരിക്’. വീർപ്പുമുട്ടിക്കുന്നൊരു വിനാഴിക. ഒരാളുപോലും ശരിക്കു ശ്വസിക്കുന്നില്ല. ഏവരുടെയും കണ്ണുകൾ തുറിച്ചു. കഴുത്തുകൾ നീണ്ടു. വേരിറങ്ങിയതുപോലെ അവരൊക്കെ സ്തംഭിച്ചുപോയി. ലാസർ കല്ലറയിൽ നിന്നെഴുന്നേറ്റുവരുന്നു! നാലുദിവസം മുമ്പു മരിച്ചടക്കിയവൻ. ചീഞ്ഞഴിഞ്ഞു കഴിയേണ്ട ശരീരം തങ്ങളുടെ കൺമുൻപിൽ സജീവമായി നില്ക്കുന്നു. ‘അവനെ അഴിച്ചു സ്വതന്ത്രനാക്കുക’, ഈശോ പറഞ്ഞു.
‘കാരുണികനാം പ്രഭോ നീ ദയാലുവാണല്ലോ
സാന്ത്വനം ക്ഷമാവരം ഏകീടുമഹേശ്വരാ’.