“കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും.
ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
അതുകൊണ്ട്, അവന് മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന് മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്.
കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.
ശവമുള്ളിടത്ത് കഴുകന്മാര് വന്നുകൂടും”.
മത്തായി 24 : 24-28.
കള്ളക്രിസ്തുമാരിൽ നിന്നും വ്യാജ പ്രവാചകന്മാരിൽ നിന്നും ഈശോമിശിഹായെ ( മനുഷ്യ പുത്രനെ )വേർതിരിച്ചു കാണിക്കുന്ന വചനഭാഗം ആണിത്.മർക്കോസും ലൂക്കായും ഈ പരാമർശം നടത്തുന്നുണ്ട്. പീഡകൾ സഹിച്ചു ക്രൂശിക്കപ്പെട്ടു മരണത്തിന്റെ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു സ്വർഗ്ഗാരോഹണം ചെയ്ത മനുഷ്യ പുത്രനാണ് യുഗാന്ത്യത്തിൽ മാനവരാശിയെ വിധിക്കാൻ വരുന്നത്. അവിടുത്തെ രണ്ടാമത്തെ ആഗമനം ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുള്ളതൊ, രഹസ്യാത്മക സ്വഭാവമുള്ളതോ ഒന്നുമായിരിക്കുകയില്ല. അതുകൊണ്ട് വ്യാജഅവകാശവാദങ്ങൾ ഉന്നയിക്കുന്നവർക്ക് എതിരെ അതിശക്തമായ മുന്നറിയിപ്പുകൾ നൽകുകയാണ് അവിടുന്ന്. ക്രിസ്തു ഇവിടെ അല്ലെങ്കിൽ അവിടെ എന്ന് പറയുന്നവരെ ഒരിക്കലും വിശ്വസിക്കരുത്. മരുഭൂമിയിൽ ഉണ്ടെന്ന് പറഞ്ഞാൽ പടപടാന്ന് ഓടി അങ്ങോട്ടൊന്നും പോകരുത്. കള്ള ക്രിസ്തുമാരുടെ പുറകെ പോയി അപകടത്തിൽ നിത്യനാശത്തിൽ പെടരുത്(24:23-26).
” എല്ലാം പൂർത്തിയാക്കിയവനാണ് അവിടുന്ന്”(യോഹന്നാൻ.19:30). അതുകൊണ്ട് അവിടുത്തേക്ക് തന്റെ ദൈവത്വവും മനുഷ്യത്വവും കതൃത്വവും തെളിയിക്കേണ്ട ആവശ്യമില്ല. (ലൂക്ക.24:24).
ഈശോയുടെ രണ്ടാമത്തെ വരവ് സാർവത്രിക സ്വഭാവമുള്ളതായിരിക്കും. അവിടുത്തെ പ്രത്യക്ഷപ്പെടലിന് സകലരും (വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും അധിക്ഷേപിക്കുന്നവരും വെല്ലുവിളിക്കുന്നവരും മറുതലിക്കുന്നവരുമെല്ലാം) സാക്ഷികൾ ആകും.
” ശവമുള്ളിടത്ത് കഴുകന്മാർ വന്നുകൂടും” എന്ന വാക്യത്തിന് വിവിധങ്ങളായ വ്യാഖ്യാനങ്ങൾ ഉണ്ട്. എങ്കിലും സാഹചര്യത്തിന് യോജിച്ച വിധത്തിൽ വ്യാഖ്യാനിച്ചാൽ, കഴുകന്മാർ വ്യാജ പ്രവാചകന്മാരും കള്ളമിശിഹാമാരും ആകാനാണ് കൂടുതൽ സാധ്യത. കഴുകൻ ശവം മിന്നൽ വേഗത്തിൽ കണ്ടെത്തുന്നതുപോലെ, ” കള്ളന്മാർ” സമൂഹത്തിലെ ബലഹീനന്മാരെ, അതാത് വിശ്വാസത്തിൽ ചഞ്ചലചിത്തരായവരെ, ആർക്കും എന്തിനും ചെവി കൊടുക്കുന്നവരെ, വഴിതെറ്റിക്കുന്നു; തെറ്റിക്കും. ഇത് ഈശോയുടെ വളരെ ഗൗരവമായ മുന്നറിയിപ്പാണ്.