ഇന്ന് ഒരു കദന കഥ അവതരിപ്പിച്ചു തുടങ്ങാം. ദീർഘകാലം ഒരു സൺഡേ സ്കൂൾ ഡയറക്ടർ ആയിരുന്നു ഈ ലേഖകൻ. കുർബാനയ്ക്കും വേദപാഠ ക്ലാസുകളിലും സ്ഥിരം ഹാജരാകാതിരുന്ന ജേഷ്ഠാനുജന്മാരായ രണ്ടു കുട്ടികൾ. ഇവരുടെ പിതാവിനെ കണ്ട് എന്തുകൊണ്ടാണ് താങ്കളുടെ മക്കൾ സ്ഥിരം കുർബാനയ്ക്കും വേദപാഠത്തിനും വരാതിരിക്കുന്നതെന്ന് ചോദിച്ചു. യാതൊരു സങ്കേചവും കൂടാതെ അയാൾ മറുപടി തന്നു;” ഞാൻ പറഞ്ഞിട്ടാണ് അവർ വരാതിരിക്കുന്നത് അവർക്ക് ട്യൂഷൻ ഉണ്ട്”. അദ്ദേഹത്തിന്റെ മറുപടി എന്നെ ഏറെ വേദനിപ്പിച്ചു. എങ്കിലും ഒരു റിമാര്ക്കും പറയാതെ ഞാൻ പിന്തിരിഞ്ഞു
പിന്നീട് ഈ രണ്ടു കുട്ടികൾ സെന്റ്ബർക്കുമാൻസിൽ വിദ്യാർത്ഥികളായി വന്നു. അവിടെ അവരിരുവരും കടുത്ത അച്ചടക്ക രാഹിത്യക്കാരുടെ ലിസ്റ്റിലായിരുന്നു. ആ പിതാവ് ജോലിയിൽ നിന്ന് പിരിഞ്ഞു കഴിഞ്ഞ് ഒരിക്കൽ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. വിവരമറിഞ്ഞ് ആശുപത്രിയിൽ പോയി അദ്ദേഹത്തെ ഞാൻ സന്ദർശിച്ചു, പ്രാർത്ഥിച്ചു. തുടർന്നു മനസ്സിലാക്കിയ ഒരു കാര്യം ഒരു പ്രാവശ്യം പോലും അദ്ദേഹത്തിന്റെ മക്കൾ അദ്ദേഹത്തെ ഒന്ന് സന്ദർശിക്കാൻ പോലും എത്തിയില്ല എന്നാണ്.
മാതാപിതാക്കളായ സഹോദരങ്ങളെ, എന്ത് വിലകൊടുത്തും നിങ്ങളുടെ മക്കളെ ദൈവം വിശ്വാസത്തിൽ ആഴപ്പെടുത്തി വളർത്താൻ അവരുടെ ചെറുപ്പം മുതലേ ഈ പരിശീലനം ആരംഭിക്കണം. അത്യധ്വാനം ചെയ്യണം. ” നല്ല പ്രായത്തോളം ഭൂമി ജീവിച്ചിരിപ്പാൻ അപ്പനെ അമ്മയും ബഹുമാനിക്കുക- സ്നേഹിക്കുക, കരുതുക,ശുശ്രൂഷിക്കുക എന്ന കൽപ്പന അവരെ പഠിപ്പിക്കാനും ബോധ്യപ്പെടുത്താനും പിതാവ് ആത്മാർത്ഥമായി ത്യാഗപൂർവം കഠിനമായി പരിശ്രമിച്ചിരുന്നെങ്കിൽ ഈ ദുരവസ്ഥയിൽ അദ്ദേഹത്തിന്റെ മക്കൾ പെടുകയിലായിരുന്നു.
എന്റെ ആത്മവിദ്യാലയമായ സെന്റ് ബർക്കുമാൻസ് ഹൈസ്കൂളിൽ പ്രഥമ സ്ഥാനം നൽകിയിരുന്നത് വേദപാഠത്തിനായിരുന്നു. മാതാപിതാക്കൾ ഒന്നാമതായി ശ്രദ്ധിക്കേണ്ടത് തങ്ങളുടെ മക്കളെ വിശ്വാസത്തിൽ, പ്രാർത്ഥനയിൽ സന്മാർഗ്ഗത്തിൽ വളർത്തിയെടുക്കാനാണ്. ഒന്നാം സ്ഥാനം ദൈവത്തിനും ദൈവിക കാര്യങ്ങൾക്കും നൽകാൻ മക്കളെ പരിശീലിപ്പിക്കണം.
” വിദ്യാധനം സർവ്വധനാൽ പ്രധാനം’ എന്ന ചൊല്ലുണ്ട്.” പഴഞ്ചൊല്ലിൽ പിഴയില്ല” അവർക്ക് അവരുടെ അഭിരുചിക്ക് അനുസൃതമായ വിദ്യാഭ്യാസം നൽകാൻ എന്ത് ത്യാഗവും സഹിക്കണം. പക്ഷേ തലമുറകൾക്ക് സമ്പാദിച്ചു വെച്ച് അവരെ മടിയന്മാരും സുഖഭോഗികളും ആക്കുകയല്ല വേണ്ടത്. പ്രത്യുതാ, അവർക്ക് ദൈവത്തെ,പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നൽകുക എന്നതാണ് പരമപ്രധാനം.