ഭദ്രാസന ദേവാലയത്തിലെ പ്രാർത്ഥന കഴിഞ്ഞു ഞാൻ എഴുന്നേറ്റു. എന്റെ അന്തരാത്മാവിൽ സംഭവിച്ച കാര്യങ്ങൾ എനിക്ക് സാധിക്കുംവിധം എന്റെ സഹോദരിയെ ധരിപ്പിച്ചു. എന്റെ മാതാപിതാക്കളോട് യാത്ര ചോദിക്കാൻ അവളെ പറഞ്ഞേൽപ്പിച്ചു. അനന്തരം, ഞാൻ ധരിച്ചിരുന്ന വേഷത്തിൽത്തന്നെ യാതൊരു വസ്തുക്കളും കരുതലായി എടുക്കാതെ, വാർസോയിൽ എത്തി.
ഞാൻ ട്രെയിനിൽ നിന്നിറങ്ങി. എല്ലാവരും അവരവരുടെ വഴികളിലൂടെ യാത്രയായി. ഏകാകിനിയായ ഞാൻ ഭയചകിതയായി. എന്ത് ചെയ്യണം? ആരെ ആശ്രയിക്കണം? എനിക്ക് ആരെയും ഒരു പരിചയവുമില്ല. അതുകൊണ്ടു ദൈവമാതാവിനോട് ഞാൻ ഇങ്ങനെ പറഞ്ഞു: “മറിയമേ, എന്നെ നയിക്കുക. എനിക്ക് വഴികാട്ടുക.” ഉടനെത്തന്നെ എന്റെ അന്തരാത്മാവിൽ ഞാൻ കേട്ടു “നഗരം വിട്ടു പോവുക. രാത്രി ചിലവഴിക്കാൻ അടുത്തുള്ള ഒരു ഗ്രാമത്തിൽ സുരക്ഷിതമായ ഒരു സ്ഥലം നീ കണ്ടെത്തും.” ഞാൻ അപ്രകാരം ചെയ്തു. ‘അമ്മ എന്നോട് പറഞ്ഞതുപോലെതന്നെ എല്ലാം സംഭവിച്ചു.
അടുത്ത ദിവസം അതിരാവിലെ, പട്ടണത്തിലേക്കു ഞാൻ വീണ്ടും പോയി. ആദ്യമായി കണ്ട സെൻറ് ജെയിംസ് ദേവാലയത്തിൽ പ്രവേശിച്ചു. ഇനിയുള്ള ദൈവതിരുമനസ്സു അറിയാൻ ഞാൻ അവിടെയിരുന്നു പ്രാർത്ഥിക്കാൻ തുടങ്ങി. ഒരു ദിവ്യബലി കഴിഞ്ഞു. മറ്റൊന്ന് അർപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആ സമയത്തു ഈ വാക്കുകൾ ഞാൻ കേട്ടു. പള്ളിവികാരി ഫാ. ജെയിംസ് ഡബ്രോസ്‌കിയുടെ അടുക്കൽ ചെല്ലുക. ഇനി എന്ത് ചെയ്യണമെന്ന് അദ്ദേഹം നിന്നെ അറിയിക്കും.
ദിവ്യബലിക്ക് ശേഷം ഞാൻ സങ്കീർത്തിയിലേക്കു ചെന്നു. എന്റെ ആത്മാവിൽ സംഭവിച്ചതെല്ലാം ഞാൻ ആ വൈദികനോട് പറഞ്ഞു. ഏതു സന്ന്യാസസമൂഹത്തിൽ ചേരണമെന്ന് മനസിലാക്കാൻ വേണ്ടി അദ്ദേഹത്തിന്റെ ഉപദേശം ഞാൻ തേടി. ആദ്യം ആ വൈദികൻ അമ്പരന്നുപോയി. എങ്കിലും എന്റെ ഭാവിയെ കർത്താവു ക്രമീകരിക്കുമെന്നു ആഴമായി വിശ്വസിക്കാൻ എന്നെ ഉപദേശിച്ചു.
ദൈവമാണ് ഒരു വ്യക്തിയെ സന്ന്യാസത്തിലേക്കു വിളിക്കുന്നത് (ഏതു അന്തസിലേക്കുള്ള വിളിയും അങ്ങനെതന്നെ). ഏതൊരു അർത്ഥിയും ആത്മാർത്ഥമായും സത്യസന്ധമായും പരിശ്രമിച്ചും പഠിച്ചും തനിക്കു ദൈവവിളിയുടെ പ്രാരംഭലക്ഷണങ്ങൾ ഉണ്ടെന്നു ഉറപ്പുവരുത്തണം. ആത്മശരീര സിദ്ധികളൊക്കെയും ആത്മനാഥന് അർപ്പണം ചെയ്യണം. പ്രാരംഭത്തിൽപോലും പ്രായത്തിനും അറിവിനും അനുസരിച്ചുള്ള ഈ സമ്പൂർണ സമർപ്പണം നടത്തിയാണ്, ആയിരിക്കണം സന്ന്യാസത്തിൽ പ്രവേശിക്കുക.