ഓരോ ക്രൈസ്തവനും ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവനാണ്. ഈശോമിശിഹായ്ക്ക് വിധേയനായിരിക്കുന്നതിനും അവിടുത്തെ രക്തത്താൽ തളിക്കപ്പെടുന്നതിനുവേണ്ടി അവിടുന്ന് അവനെ മുൻകൂട്ടി തിരഞ്ഞെടുത്തു. അവൻ പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടവനുമാണ് ദൈവത്തിന്റെ കൃപയ്ക്കും സമാധാനത്തിനും അവൻ അവകാശിയുമാണ്.
ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ;.അങ്ങേയ്ക്ക് നന്ദി പറയുന്നു; അങ്ങയെ ഞാൻ സ്തുതിക്കുന്നു; അങ്ങേയ്ക്ക് ഞാൻ സ്തോത്രം ചെയ്യുന്ന; അങ്ങയെ ഞാൻ ആരാധിക്കുന്നു; അങ്ങയെ ഞാൻ മഹത്വപ്പെടുത്തുന്നു; അങ്ങയെ ഞാൻ പുകഴ്ത്തുന്നു; അങ്ങയെ ഞാൻ വാഴ്ത്തുന്നു.
“വാഴ്ത്തിടുന്നു,വാഴ്ത്തിടുന്നു, വാഴ്ത്തിടുന്നു ഞാൻ
എൻ രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാൻ.
കുരിശെടുത്തു മലമുകളിൽ നടന്നുപോയോനെ
പാദം രണ്ടും ചുംബിച്ചങ്ങേ വാഴ്ത്തിടുന്നു ഞാൻ.
ദൈവമേ,ഞാൻ അങ്ങയെ കീർത്തിക്കുന്നു,അങ്ങയെ ഞാൻ പ്രകീർത്തിക്കുന്നു. ദൈവമേ,അങ്ങയെ ഞാൻ വിശ്വസിക്കുന്നു. അങ്ങയെ വിശ്വസിക്കാത്തവർക്ക് വേണ്ടി ഞാൻ അങ്ങയോട് മാപ്പ് ചോദിക്കുന്നു. ദൈവമേ അങ്ങിൽ ഞാൻ ശരണപ്പെടുന്നു,അങ്ങിൽ ശരണപ്പെടാത്തവർക്ക് വേണ്ടി അങ്ങയോട് ഞാൻ മാപ്പ് അപേക്ഷിക്കുന്നു. അങ്ങയെ സ്നേഹിക്കാത്തവർക്ക് വേണ്ടി, അങ്ങേ യ്ക്കു നന്ദി പറയാത്തവർക്ക് വേണ്ടി, അങ്ങയെ സ്തുതിക്കാത്തവർക്ക് വേണ്ടി, അങ്ങേയ്ക്ക് സ്തോത്രം ചെയ്യാത്തവർക്കുവേണ്ടി,അങ്ങയെ ആരാധിക്കാത്ത വർക്ക് വേണ്ടി, മഹത്വപ്പെടുത്താത്തവർക്ക് വേണ്ടി, പുകഴ്ത്താത്തവർക്ക് വേണ്ടി, വാഴ്ത്താത്തവർക്ക് വേണ്ടി, കീർത്തിക്കാത്തവർക്കുവേണ്ടി, പ്രകീർത്തിക്കാത്തവർക്ക് വേണ്ടി ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങേയ്ക്ക് നന്ദി പറയുകയും പുകഴ്ത്തുകയും വാഴ്ത്തുകയും കീർത്തിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു.
ഈശോമിശിഹായിൽ വിശ്വസിക്കുന്നവർ, അവിടുത്തെ തിരുവിഷ്ടം അനു നിമിഷം നിറവേറ്റുന്നവർ,അക്ഷയവും കളങ്ക രഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്ക് (ദൈവമക്കളുടെ സ്ഥാനത്തേക്ക്) അവരോധിക്കപ്പെടുന്നു. ഈ അവകാശം ഒരുവന് കൈവരുന്നത് മിശിഹായുടെ കുരിശു മരണവും ഉത്ഥാനവും വഴിയാണ്.എല്ലാറ്റിനും അടിസ്ഥാനമായിരിക്കുന്നത് കർത്താവിന്റെ( ദൈവത്തിന്റെ പിതാവിന്റെ) കാരുണ്യാതിരേകവും., അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ!
മാനവരാശിയുടെ മുഴുവൻ രക്ഷയുടെ അടിസ്ഥാനം മിശിഹായിലുള്ള വിശ്വാസമാണ്. വിശ്വാസം വഴി കൃപയാലാണ് രക്ഷ യാഥാർത്ഥ്യമാവുക (എഫേ.2:8). ഇപ്രകാരം രക്ഷിക്കപ്പെട്ടവർക്ക് അൽപ്പകാലത്തേക്ക് വിവിധ പരീക്ഷകൾ നിമിത്തം വ്യസനിക്കേണ്ടി വന്നേക്കാം. അവ ഒരിക്കലും വിശ്വാസം നഷ്ടപ്പെടുത്തുകയോ, വിശ്വാസിയെ തളർത്തുകയോ, തളർന്നു പോവുകയോ അരുത്. മറിച്ച് ആനന്ദിക്കുവിൻ.”
കാരണം അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണ്ണത്തേക്കാൾ വിലയേറിയതാരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം.
അത് ഈശോ മിശിഹായുടെ പ്രത്യാഗമനത്തിന് സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും… അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങൾ പ്രാപിക്കുകയും ചെയ്യുന്നു.
” നിങ്ങൾക്ക് ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുൻകൂട്ടി അറിയിച്ച പ്രവാചകന്മാർ രക്ഷയെ കുറിച്ച് ആരായുകയും അന്വേഷിക്കുകയും ചെയ്തു
“നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ.
അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍ യേശുക്രിസ്തുവിന്റെ, മരിച്ചവരില്‍ നിന്നുള്ള ഉത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗത്തില്‍ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെവീണ്ടും ജനിപ്പിച്ചിരിക്കുന്നു.
അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല് വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നു.
അല്പകാലത്തേക്കു വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍.
കാരണം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും.
അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് അവാച്യവും മഹത്വപൂര്‍ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു.
അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുന്‍കൂട്ടി അറിയി ച്ചപ്രവാചകന്‍മാര്‍ ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയും ചെയ്തു.”(1 പത്രോ.1 :3- 10 ).