യേശു തോണിയില്‍ കയറിയപ്പോള്‍ ശിഷ്യന്മാര് അവനെ അനുഗമിച്ചു.
കടലില്‍ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകള്‍ ഉയര്‍ന്നു. അവന് ഉറങ്ങുകയായിരുന്നു.
ശിഷ്യന്മാര് അടുത്തുചെന്ന് അവനെ ഉണര്‍ത്തി അപേക്ഷിച്ചു: കര്‍ത്താവേ, രക്ഷിക്കണമേ. ഞങ്ങള്‍ ഇതാ, നശിക്കുന്നു.
അവന് പറഞ്ഞു: അല്പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവന് എഴുന്നേറ്റ്, കാറ്റിനെയും കടലിനെയുംശാസിച്ചു; വലിയ ശാന്തതയുണ്ടായി.
അവര്‍ ആശ്ചര്യപ്പെട്ടുപറഞ്ഞു:ഇവന് ആര്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നുവല്ലോ!
മത്തായി 8 : 23-27
ശിഷ്യത്വത്തെ കുറിച്ചുള്ള ഈശോയുടെ പ്രബോധനംനീ എന്നെ അനുഗമിക്കുക.മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ(8:22) എന്ന് അവിടുത്തെ കർക്കശമായ നിലപാടിലാണ് അവസാനിക്കുക. തുടർന്നു വരുന്നത് കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന സംഭവമാണ്. മത്തായി നൽകുന്ന വിവരണത്തെക്കാൾ വിശദാംശങ്ങൾ ഉള്ളത് മർക്കോസിന്റെ വിവരണത്തിലാണ്.
അന്നു സായാഹ്നമായപ്പോള്‍ അവന് അവരോടു പറഞ്ഞു:
നമുക്ക് അക്കരയ്ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്, അവന് ഇരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു.
അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക് ആഞ്ഞടിച്ചു കയറി. വഞ്ചിയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു.
യേശു അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ?
അവന് ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി.
അവന് അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?
അവര്‍ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇവന് ആരാണ്! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!
മര്‍ക്കോസ് 4 : 35-41
പ്രക്ഷുബ്ധമായ കടലിലെ കൊടുങ്കാറ്റ് ഈശോയെ അനുഗമിക്കുന്നവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയാണ് സൂചിപ്പിക്കുന്നത്. തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു. ഈശോ ഉറങ്ങുകയായിരുന്നു. ഈശോ കൂടെയുള്ളപ്പോൾ( ഉറങ്ങുകയാണെങ്കിൽ തന്നെ) തങ്ങൾ സുരക്ഷിതരാണ് എന്നുള്ള സത്യം ശിഷ്യർക്ക് പോലും കഴിയുന്നില്ല. ഈശോയെ വിളിച്ചുണർത്തിഅവിടുത്തോട് പറയുന്ന ചില വാക്കുകൾ ഇത് വ്യക്തമാക്കുന്നു:
” ഞങ്ങൾ ഇതാ നശിക്കുന്നു. പ്രത്യാശയുടെ, കരുണയുടെ, കരുതലിന്റെ ഉറവിടമായ സർവ്വശക്തനിൽ പ്രത്യാശ വയ്ക്കാൻ അവർക്ക് എളുപ്പമാകുന്നില്ല. അവരുടെ വിശ്വാസം ക്ഷയിക്കുന്നു. നിരവധി അത്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടും അവർ ബലഹീനരായി തളർന്നടിയുന്നു.
ശിഷ്യരുടെ തന്നിലെ വിശ്വാസക്കുറവിൽ ഈശോ ഏറെ വേദനിക്കുന്നുണ്ട്.സൗഭാഗ്യമായി അവിടുന്ന് പ്രതികരിക്കുന്നു:” അല്പവിശ്വാസികളെ നിങ്ങളെന്തിന് ഭയപ്പെടുന്നു.” ഈശോയ്ക്കുള്ള അവരുടെ സമർപ്പണം സർവ്വ സമ്പൂർണ്ണമായിരുന്നില്ല. ഈശോ സർവ്വശക്തനായ ദൈവമാണ്. അവിടത്തേക്ക് അസാധ്യമായി ഒന്നുമില്ല എന്ന് അവർ വിശ്വസിച്ചിരുന്നെങ്കിൽ, പ്രകമ്പമായ കടലിനെ തക്ക സമയത്ത് ശാസിച്ചു ശാന്തമാക്കുമെന്ന് അവർ കരുതിയേനെ. സർവ്വശക്തനായ ഈശോയിൽ അവർ വിശ്വാസം പ്രത്യാശയുമുള്ളവരായിരിക്കേണ്ടിയിരുന്നു.അതാ, അവിടുന്ന് ” എഴുന്നേറ്റ് കാറ്റിനെയും കടലിനെയും ശാസിക്കുന്നു. തൽക്ഷണം വലിയ ശാന്തത ഉണ്ടാവുകയും ചെയ്തു.
വിശ്വാസികളായ നമ്മൾ തിരിച്ചറിയേണ്ട ഒരു വലിയ സത്യമുണ്ട്. ക്രിസ്തു ശിഷ്യനും ഒരുപക്ഷേ മറ്റാരെക്കാൾ കൂടുതലായി സഹിക്കേണ്ടിവരും. ഓരോ വിശ്വാസിയുടെയും ജന്മാവകാശമാണ് സഹനം. ദുഃഖവെള്ളി കഴിഞ്ഞേ ഉയിർപ്പ് ഞായർ ഉണ്ടാവൂ. No crown without a cross.
ഇതു മനസ്സിലാക്കാൻ ആവശ്യമായ സമർപ്പണം അവർക്കില്ലായിരുന്നു.
365 പ്രാവശ്യം തിരുവചനത്തിൽ ആവർത്തിച്ചിരിക്കുന്ന ഒരു പ്രയോഗമാണ് “ഭയപ്പെടേണ്ട “.
കർത്താവിലെന്നും എന്റെ ആശ്രയം
കഷ്ടമോ നഷ്ടമോ എന്തു വന്നീടിലും
കർത്താവിൻ പാദം ചേർന്ന് പോകും ഞാൻ.