ഒരു ശനിയാഴ്ച ദിവസം വൈകുന്നേരം ആൽബി തന്റെ കളിപ്പാട്ടങ്ങൾ വാരികൂട്ടിയിട്ടു അതിനിടയിലിരുന്നു കളിക്കുകയായിരുന്നു. അപ്പോഴാണ് റോബർട്ട് ജോലിസ്ഥലത്തുനിന്നും വന്നത്. അപ്പായിയെ കണ്ടതും ആൽബി കളിപ്പാട്ടങ്ങൾ അവിടെത്തനെയിട്ടു ചാടിയെഴുന്നേറ്റു അടുത്തേക്ക് ചെന്നു.
റോബർട്ട് അവനെ സ്നേഹപ്പൂർവം കൈയിലെടുത്തു. അവർ സംസാരിക്കുന്ന ശബ്ദം കേട്ട് ജെസ്സി വന്നു നോക്കുമ്പോൾ കളിപ്പാട്ടങ്ങൾ എല്ലാം വാരിവലിച്ചു ഇട്ടിരിക്കുന്നു.
‘എടാ ആൽബി… നിന്നോട് ഞാൻ പറിഞ്ഞിട്ടുള്ളതല്ലെ കളി കഴിയുമ്പോൾ എല്ലാം നിന്റെ പെട്ടിയിൽ എടുത്തു വയ്ക്കണമെന്ന്.’ ജെസ്സി ശകാരരൂപത്തിൽ ചോദിച്ചു.
‘അമ്മെ ഞാൻ കളി കഴിഞ്ഞതല്ല.അപ്പായിയെ കണ്ടപ്പോൾ പെട്ടന്ന് നിർത്തിയതാ. ഉറങ്ങുന്നതിനു മുൻപ് എല്ലാം അടുക്കി വയ്ക്കാം.’
‘ഉം… അടുക്കി പെറുക്കി വച്ചില്ലെങ്കിൽ എന്റെ സ്വഭാവം മാറും കേട്ടോ.’ ജെസ്സിയുടെ സ്നേഹപൂർവമുള്ള ഭീഷണി.
‘നീ ഒന്ന് അടങ്ങു ജെസ്സി. അവൻ അടുക്കി വച്ചോളും.’ റോബർട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
‘ഓ! നിനക്ക് സപ്പോര്ടിനു ആളെത്തിയല്ലോ.ഇനി എന്താ കുഴപ്പം.’ജെസ്സി അത് പറഞ്ഞത് ആൽബിയോടാണെങ്കിലും സൂചിപ്പിച്ചതു റോബർട്ട് മകനെ സപ്പോർട്ട് ചെയ്തതിലുള്ള പ്രതിഷേധമായിരുന്നു.
തുടർന്ന്…. ശാന്തയായി,
‘ചേട്ടായി ഡ്രസ്സ് ഒകെ മാറി കുളിച്ചിട്ടു വരൂ… അപ്പോഴേക്കും അടുക്കളയിലെ എന്റെ ജോലിയും തീരും.’
അല്പസമയത്തിനുള്ളിൽ റോബർട്ട് കുളികഴിഞ്ഞു ആൽബിയുടെ അടുത്തേക്ക് വന്നു. അതിനിടയിൽ അവൻ കളിപ്പാട്ടങ്ങളെല്ലാം പെട്ടിയിൽ അടുക്കി വച്ചുകഴിഞ്ഞു.
‘കൊച്ചു നല്ല കുട്ടിയായിട്ടു എല്ലാം അടുക്കിവച്ചോ?’ റോബർട്ട് ചോദിച്ചു.
‘ഇല്ലെങ്കിൽ ‘അമ്മ വഴക്കു പറയും. ‘അമ്മ ഭയങ്കര സ്ട്രിക്റ്റാ അപ്പായി…’
‘കൊച്ചിന്റെ നന്മയ്ക്കു വേണ്ടിയല്ലേ ‘അമ്മ സ്ട്രിക്റ്റാകുന്നത്?’
‘അതെ. എന്നാലും…’ അതുപറയുമ്പോൾ അവന്റെ മുഖത്ത് നേരിയ ഒരു വിഷമം റോബർട്ട് ശ്രദ്ധിച്ചു.
‘ശരി. നമുക്ക് അമ്മയെ ഒരു പാഠം പഠിപ്പിക്കാം.’
‘അമ്മയെ അടിക്കുകയും വഴക്കുപറയുകയും ഒന്നും വേണ്ട’ ആ വാക്കുകളിൽ ആൽബിയുടെ ഉള്ളിന്റെയുള്ളിൽ അമ്മയോടുള്ളസ്നേഹം പ്രകടമായിരുന്നു.
‘ച്ഛയ്.അപ്പായി അങ്ങനെയൊന്നും ചെയ്യില്ല.പകരം ചെറിയ ഒരു പാര വയ്കാം.അതും തമാശയ്ക്.’
‘അതുമതി.’അവനു സന്തോഷമായി .
(അവരുടെ സംസാരം മുഴുവൻ ജെസ്സി അടുക്കളയിൽ നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷെ കേട്ട ഭാവം നടിച്ചില്ല.)
‘ബൈബിൾ അല്ലെ അമ്മയുടെ ആയുധം …..നമുക് അത് വച്ച്ത്തന്നെ ഒരു പണികൊടുക്കാം.’ റോബർട്ട് ഐഡിയ വ്യക്തമാക്കി.
‘അതുവേണോ? ദൈവം ശിക്ഷിച്ചാലോ…?;ആൽബി ഒരു പന്തികേട് സൂചിപ്പിച്ചു.
‘ഇതു വെറുതെ തമാശക്കല്ലേ… അതുകൊണ്ടു സാരമില്ല. കൊച്ചു ബൈബിൾ എടുത്തുകൊണ്ടുവാ.’
ആൽബി വേഗം ബൈബിൾ എടുത്തുകൊണ്ടുവന്നു റോബെർട്ടിന്റെ കൈയിൽ കൊടുത്തു.
‘എടി ജെസ്സി ഇങ്ങുവന്നെ…’ ജെസ്സി അടുക്കളയിലായിരുന്നതിനാൽ റോബർട്ട് അല്പം ഉച്ചത്തിൽ വിളിച്ചു.
ജെസ്സി അവരുടെ അടുത്തേക്ക് വന്നത് യാതൊന്നും അറിയാത്ത ഭാവത്തിലാണ്. ‘എന്താ ചേട്ടായി?’
‘ബൈബിളിൽ നല്ല പാണ്ഡിത്യമുണ്ടെന്നു നിനക്ക് ഒരു ഭാവമുണ്ടല്ലോ’ കൈയിലിരുന്ന ബൈബിൾ ജെസ്സിയെ കാണിച്ചുകൊണ്ട് റോബർട്ട് പറഞ്ഞു.
‘എന്റെ ദൈവമേ… എനിക്ക് അങ്ങനെ യാതൊരു ഭാവവുമില്ല. പിന്നെ, എനിക്ക് ഒരു ആവശ്യം വന്നാൽ ബൈബിളും അതിലെ വചനങ്ങളും തുണയാകും എന്ന ഉറപ്പുണ്ട്. അത് അഹംകാരമൊന്നുമല്ല. ബൈബിൾ പരിചയപ്പെടുത്തുന്ന ദൈവത്തിലുള്ള വിശ്വാസം. അത്രയേയുള്ളൂ’ ജെസ്സി വിനയപൂർവം പറഞ്ഞു.
‘അത്രയുമുണ്ടല്ലോ, അതുമതി. സാധിക്കുമെങ്കിൽ എന്റെ ഒരു സംശയം തീർത്തുതരണം.’
‘ശ്രമിക്കാം’
(ആൽബി എല്ലാറ്റിനും സാക്ഷിയായി സമീപം നിൽക്കുന്നു.)
‘ബൈബിൾ അനുസരിച്ചാണല്ലോ നീ ആൽബിയെ വളർത്താൻ ശ്രമിക്കുന്നത്.’
‘അതെ’
‘അല്പം മുൻപ് നീ ഇവനോട് എല്ലാം അടുക്കിപെറുക്കി വയ്ക്കണമെന്നും പറയുകയും ചെയ്തു.’
‘ഉവ് പറഞ്ഞു’ ജെസ്സി വളരെ ജാഗ്രതയോടെയാണ് ഓരോ മറുപടിയും പറയുന്നത്.
‘അപ്പോൾ അടുക്കിപെറുക്കി വൈക്കുന്നതുമായി ബന്ധപ്പെട്ട ഒരു ബൈബിൾ വാക്യം ഒന്ന് കാണിച്ചുതരുമോ? എനിക്കും കൂടി ഒന്ന് പഠിക്കാനാ.’ തെല്ലു അഹംകാരത്തോടെ അത്രയും പറഞ്ഞിട്ട് കൈയിലിരുന്ന ബൈബിൾ ജെസ്സിയുടെ നേരെ നീട്ടി.
‘വേദപുസ്തകം ചേട്ടായിയുടെ കൈയിൽത്തന്നെ ഇരിക്കട്ടെ. എന്റെ കൈയിൽ അഴുക്കുണ്ട്.’
‘പക്ഷെ എന്റെ ചോദ്യത്തിനുത്തരം…’ റോബർട്ട് തിരക്കുകൂട്ടി.
‘അത് സിമ്പിൾ ചോദ്യമല്ല. ചേട്ടായി കൈയിലിരിക്കുന്ന ആ ഗ്രന്ഥം ഒന്ന് തുറന്നേ.’
‘അതെന്താ അതിന്റെ സൈഡിലൂടെ എഴുതിയിരിക്കുന്നത്?’
‘ഇതിൽ വലുത് അധ്യായത്തിന്റെ നമ്പറും സൈഡിലൂടെയുള്ള ചെറിയ അക്കങ്ങൾ അതാതു വാക്യത്തിന്റെ നമ്പറും.’ ഒരു തോൽവി പ്രതീക്ഷിക്കാത്തതിനാൽ വളരെ നിസ്സാരമട്ടിലായിരുന്നു റോബെർട്ടിന്റെ മറുപടി.
‘അതെ. കൂടാതെ ഓരോ പേജിന്റെയും മുകളിൽ ആ ഭാഗം എഴുതിയ ലേഖകന്റെ പേരും അധ്യായവും’ റോബർട്ട് പറയാൻ വിട്ടുപോയത് ജെസ്സി ഓർമിപ്പിച്ചു.
‘ശരിയാണ്’ റോബർട്ട് സമ്മതിച്ചു.
‘ഇനി ഞാൻ രണ്ടേ രണ്ടു ചോദ്യം ചോദിക്കും’ ജെസ്സി ഒന്നു ഉഷാറായി.
‘അതെങ്ങനെ ശരിയാകും? ആദ്യം ഞാൻ ചോദിച്ചതിന്റെ ഉത്തരം പറയ്. എന്നിട്ടു തിരിച്ചു ചോദിക്കു. അതല്ലേ അതിന്റെ ഒരു ശരി.’
‘അത് ചേട്ടായി… ചില ചോദ്യങ്ങളുടെ കറക്റ്റ് ഉത്തരം ചിലപ്പോ മറ്റു ചോദ്യങ്ങളായിരിക്കും. അതുകൊണ്ടാ’ ജെസ്സി കാര്യം വ്യക്തമാക്കി.
‘ഉം… ചോദിക്കു’ റോബർട്ട് സമ്മതിച്ചു.
‘ചേട്ടായി എപ്പോൾ ബൈബിൾ തുറന്നപ്പോൾ കണ്ടത് ലേഖകനെയും അതുപോലെ അധ്യായവും വാക്യവും എല്ലാം കൃത്യമായി അക്കമിട്ടു എഴുതിയിരിക്കുന്നതല്ലേ?’
‘യെസ്’
‘ബൈബിൾ മുഴുവൻ കൃത്യമായി ലേഖനങ്ങൾ തിരിച്ചു അക്കമിട്ടു ക്രോഡീകരിച്ചു അവതരിപ്പിച്ചു മാതൃക കാണിച്ചശേഷം അടുക്കിപെറുക്കി വയ്ക്കണം എന്ന് പ്രത്യേകം അതിലെഴുതണമെന്നുണ്ടോ? മാതൃകയെക്കാൾ വലുതല്ലല്ലോ ഉപദേശം. ചേട്ടായി തന്നെ പറയ്’ ജെസ്സി പറഞ്ഞു നിർത്തി.
മറുപടിയൊന്നും പറയാനില്ലാതെ റോബെർട്ടിന്റെ മുഖത്ത് ഒരു ചമ്മൽ ചിരിതെളിഞ്ഞു.
‘മൊബൈൽ കൈലുണ്ടെങ്കിൽ ഒരു സെൽഫി എടുക്കുന്നത് നന്നായിരിക്കും. ഇത്തരം ഭാവങ്ങൾ അപൂർവമായേ വരൂ…’ പൊട്ടിചിരിച്ചുകൊണ്ടാണ് ജെസ്സി അത് പറഞ്ഞത്.
‘ബൈബിൾ ഇരിക്കുന്നത് അപ്പായിയുടെ കൈയിൽ… പക്ഷെ ജയിച്ചത് ‘അമ്മ’ കുഞ്ഞു റഫറിയായ ആൽബി വിധി പറഞ്ഞു.
‘അതേയ്… എന്നെ തോൽപ്പിക്കാൻ കച്ചകെട്ടിവന്ന അപ്പായിയും പുന്നാരമോനും ഒരു കാര്യം മനസിലാക്കിയാൽ കൊള്ളാം. ബൈബിൾ കൈയിൽ പിടിച്ചതുകൊണ്ടോ കൊണ്ടുനടന്നതുകൊണ്ടോ കാര്യമില്ല. പകരം, അതിലെ ആശയങ്ങൾ മനസ്സിൽ കൊണ്ട് നടക്കണം. അവ ദൈവവചനങ്ങളാണെന്ന ഉത്തമ ബോധ്യത്തോടെ. അങ്ങനെയായാൽ… ബൈബിളിനു തോൽവി ഇല്ലാത്തതുപോലെ നമ്മളും തോൽവി അറിയുകയില്ല.’ ചേട്ടായിയെ ജയിക്കുക എന്നതിനാണ് മറിച്ചു കൊച്ചിന് ഒരു സാരോപദേശം എന്നരീതിയിൽ ആണ് ജെസ്സി അത് പറഞ്ഞത്.
‘എടി ജെസ്സി നിനക്ക് തെറ്റി. ഞാൻ കൊച്ചിന് ഒരു ഗുണപാഠം കാണിച്ചു കൊടിത്തതല്ലേ’ റോബർട്ട് തടിതപ്പാനുള്ള ശ്രമം തുടങ്ങി.
‘എന്ത് ഗുണപാഠം?’
‘മോശം ലക്ഷ്യത്തിനുവേണ്ടി ബൈബിൾ ഉപയോഗിച്ചാൽ വിജയിക്കുകയില്ലെന്നുള്ള ഗുണപാഠം.’
റോബെർട്ടിന്റെ ന്യായികരണം കേട്ട് ജെസ്സിക്ക് ചിരിയടക്കാനായില്ല. അവൾ ആൽബിയെ കൈയിലെടുത്തു നെറുകയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.
‘കൊച്ചിന്റെ അപ്പായി ഞാൻ ഉദ്ദേശിച്ചതിലും വളരെ വലിയവനാ കേട്ടോ.’
‘അതെന്താ അമ്മെ?’
‘സ്വയം പരാജയപെട്ടുകൊണ്ടു മകന് ഗുണപാഠം നൽകുന്ന അപ്പന്മാർ ലോക ചരിത്രത്തിലെന്നല്ല കഥകളിൽപോലും ഇല്ല’ ഒന്ന് നിർത്തിയിട്ടു, ‘ഉരുണ്ടുകളിക്കു ചേട്ടായിക്ക് ഓസ്കാർ കിട്ടും.’
‘ഒന്ന് പൊടി കാന്താരി… നീ പോയി ചോറ് വിളമ്പു.’ സ്നേഹപൂർവ്വം ജെസ്സിയുടെ തോളിൽ തട്ടിക്കൊണ്ടു റോബർട്ട് പറഞ്ഞു.