കർത്താവിന്റെ കൽപ്പനകൾ അന്യൂനം പാലിക്കുന്നവർക്ക് ദീർഘായുസ്സും ഐശ്വര്യവും ലഭിക്കും. പക്ഷേ ഇതിനൊരു വ്യവസ്ഥയുണ്ട്. കരുണയും വിശ്വസ്തതയും കൈമുതലായി ഉണ്ടായിരിക്കുക. അവ കഴുത്തിൽ അണിയണം ; അങ്ങനെ ദൈവഭക്തൻ ദൈവത്തിന്റെ മനുഷ്യരുടെയും ദൃഷ്ടിയിൽ പ്രീതിയും സത്കീർത്തിയും നേടും അവർ പൂർണ ഹൃദയത്തോടെ കർത്താവിൽ വിശ്വാസം അർപ്പിക്കും. അവൻ ഒരിക്കലും സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയില്ല. തങ്ങളുടെ സകല പ്രവർത്തികളും ദൈവവിചാരത്തോടെയെ ചെയ്യുകയുള്ളൂ. ഇങ്ങനെയുള്ളവർക്ക് അവിടുന്ന് വഴിതെളിച്ചു കൊടുക്കും. അവരൊരിക്കലും സ്വയം ജ്ഞാനികൾ എന്ന് ഭാവിക്കുകയില്ല. അവർ കർത്താവിനെ ഭയപ്പെടുകയും സകല തിന്മകളിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്യുന്നു. അവർക്ക് ശരീരത്തിന് നല്ല ആരോഗ്യവും അസ്ഥികൾക്ക് അനായാസതയും കൈവരുന്നു.
ഇപ്രകാരം ജീവിക്കുന്നവർ തങ്ങളുടെ സമ്പത്തുകൊണ്ടും തങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളുടെ ആദ്യഫലം കാഴ്ചവച്ചും കർത്താവിനെ ബഹുമാനിക്കുന്നു. അപ്പോൾ അവരുടെ ധാന്യപ്പുരകൾ സമൃദ്ധി കൊണ്ട് നിറയുകയും അവരുടെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞ് ഒഴുകുകയും ചെയ്യും. കർത്താവിന്റെ ശിക്ഷണത്തെ അവർ ഒരിക്കലും നിന്ദിക്കുകയില്ല. അവിടുത്തെ ശാസനത്തിൽ അവർക്ക് യാതൊരു മടുപ്പും ഇല്ല. കാരണം പിതാവ് പ്രിയപുത്രനെ എന്നപോലെ താൻ സ്നേഹിക്കുന്നവരെ കർത്താവ് ശാസിക്കുന്നു. ജ്ഞാനം കൊണ്ട് കൈവരുന്ന നേട്ടം വെള്ളിയെയും സ്വർണത്തേക്കാൾ ശ്രേഷ്ഠമാണ്. മനുഷ്യൻ ആഗ്രഹിക്കുന്നത് ഒന്നും ജ്ഞാനത്തിന് തുല്യമല്ല. വിലയേറിയ രക്നത്തെക്കാൾ അത് അമൂല്യമാണ്. അതിന്റെ മാർഗങ്ങൾ ഏറെ പ്രസന്നവും സമാധാനപൂർണവുമാണ്. അതിനെ മുറുകെ പിടിക്കുന്നവർ സദാ സന്തുഷ്ടരായിരിക്കും. അവർ അന്യൂനമായ ജ്ഞാനവും വിവേചന ശക്തിയും വെച്ച് പുലർത്തും. അവ ആത്മാവിനെ ജീവനും കണ്ഠത്തിനു ആഭരണവുമായിരിക്കും. ഇവർ കൈമുതലായുള്ളവർ വഴിയിൽ സുരക്ഷിതരായി നടക്കും. അവരുടെ കാൽ ഒരിക്കലും ഇടറുകയില്ല.
കിടിലം കൊള്ളിക്കുന്ന കാര്യങ്ങൾ സംഭവിക്കാം. ഇവയൊന്നും ഭക്തരെ ഭയപ്പെടുത്തരുത്. അവർക്ക് എപ്പോഴും ആശ്രയമായി കർത്താവുണ്ട്. അവരുടെ കാൽ കുടുക്കിൽ പെടാതെ അവിടുന്ന് കാത്തുകൊള്ളും. അർഹിക്കുന്നവർക്ക് അവർ ആവുന്നത്ര നന്മ ചെയ്തുകൊടുക്കും. അവർ ആരെയും അയൽക്കാരനെയോ അകന്നിരിക്കുന്നവരെയോ ആവട്ടെ ദ്രോഹിക്കുകയില്ല. ആരുമായും കലഹിക്കുകയില്ല. അക്രമത്തിന്റെ മാർഗ്ഗം സ്വീകരിക്കുകയില്ല.
ദുർമാർഗികളെ കർത്താവ് വെറുക്കുന്നു. സത്യസന്ധരോട് സൗഹൃദം പുലർത്തുന്നു. നീതിമാന്മാരുടെ ഭവനത്തെ അവിടുന്ന് അനുഗ്രഹിക്കുന്നു. വിനീതരുടെ മേൽ അവിടുന്ന് കാരുണ്യം പൊഴിക്കുന്നു. ജ്ഞാനികൾ ബഹുമതി ആർജിക്കും. പുരുഷന്മാർക്ക് അവമതിയുണ്ടാവും