മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്ക് മടങ്ങും ന്യുനം
അനുതാപകണ്ണുനീർവീഴ്ത്തി
പാപപരിഹാരം ചെയ്തുകൊൾക നീ
ജനനത്തിന്റെ കൂടെപ്പിറപ്പാണ് മരണം. ഹെബ്രായ ലേഖനം വളരെ വ്യക്തമായി പറയുന്നു “മനുഷ്യൻ ഒരു പ്രാവശ്യം മരിക്കണം. അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു” (9:27,28). ദൈവത്തിന്റെ വിധി ന്യായയുക്തമാണെന്നു നമുക്കറിയാം (റോമാ. 2:2). ഒരുവൻ അന്ത്യശ്വാസം എടുക്കുന്നവരെ അവനു ദൈവത്തിന്റെ കരുണയ്ക്കു അവകാശമുണ്ട്. മരിക്കുന്നതിനുടനെ അവൻ തനതു വിധിക്കു വിധേയനാകുന്ന. അവന്റെ പ്രവർത്തികൾക്കനുസൃസ്തമുള്ള പ്രതിഫലം അവനു ലഭിക്കുന്നു. നന്മ ചെയ്തവർ ജീവന്റെ ഉയിർപ്പിനായും തിന്മ ചെയ്തവർ ശിക്ഷാവിധിയുടെ ഉയിർപ്പിനായും പുറത്തുവരും. ഒരുവന്റെ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം അവൻ ദൈവത്തിന്റെ ക്രോധം സംഭരിച്ചു വയ്ക്കുകയായിരിക്കും ചെയുക. എന്തെന്നാൽ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവർത്തികൾക്കനുസരിച്ചു അവിടുന്ന് പ്രതിഫലം നൽകുന്നു.
സത്കർമ്മത്തിൽ സ്ഥിരതയോടെ നിന്ന് മഹത്വവും ബഹുമാനവും അനേഷിക്കുന്നവർക്കു അവിടുന്ന് നിത്യജീവൻ പ്രദാനം ചെയ്യും. സ്വാർത്ഥമതികളായി സത്യത്തെ അനുസരിക്കാതെ ദുഷ്ടതയ്ക്കു വഴങ്ങുന്നവർ കോപത്തിനും ക്രോധത്തിനും പാത്രമാകും (cfr റോമാ 2:5-9). “ഇതാ ഞാൻ വേഗം വരുന്നു, എന്റെ സമ്മാനവും ഞാൻ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തർക്കും സ്വന്തം പ്രവർത്തികൾക്കനുസൃതം പ്രതിഫലം നൽകാനാണ് ഞാൻ വരുന്നത്” (വെളി. 22:12).കർത്താവിന്റെ ദൂതൻ വിളിച്ചുപറയുന്നു “ദൈവത്തെ ഭയപ്പെടുകയും അവിടുത്തേക്ക് മഹത്വം നൽകുകയും ചെയ്യുവിൻ. എന്തെന്നാൽ അവിടുത്തെ വിധിയുടെ ദിവസം വന്നുകഴിഞ്ഞു. സർവവും സൃഷ്ടിച്ചവനെ ആരാധിക്കുവിൻ” (വെളി. 14:7). “ഇപ്പോൾ സകലജനങ്ങളും പശ്ചാത്തപിക്കണമെന്നു ദൈവം ആജ്ഞാപിക്കുന്നു…. ലോകത്തെ മിഴുവൻ നീതിയോടെ വിധിക്കാൻ ദൈവം ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു” (അപ്പൊ. പ്ര. 17:30,31).