അനുസരണത്തിന്റെ, അതും ദൈവത്തോടുള്ള അനുസരണത്തിന്റെ, അത്യുദാത്ത മാതൃകയാണ് എബ്രഹാം. തന്മൂലം, എല്ലാ കാര്യങ്ങളിലും കർത്താവു അവനെ അനുഗ്രഹിച്ചുകൊണ്ടിരുന്നു. മകൻ ഇസഹാക്കിനു ഭാര്യയെ കണ്ടെത്തുന്ന കാര്യത്തിലും അവൻ സവിശേഷമാംവിധം അനുഗ്രഹിക്കപെട്ടു. അവന്റെ ആഗ്രഹം പോലെ, തന്റെ നാട്ടിൽ, തന്റെ ചാർച്ചക്കാരുടെ ഇടയിൽ നിന്ന് മകന് അനുയോജ്യയായ വധുവിനെ കണ്ടുപിടിച്ചു കൊണ്ടുവരാൻ അബ്രാഹത്തിന്റെ ഭൃത്യന് ദൈവം കൃപ നൽകി. ദൈവമായ കർത്താവു തന്റെ ദൂതനെ ഭൃത്യന് മുൻപേ അയച്ചു എല്ലാം ക്രമീകരിച്ചുകൊടുത്തു. അവന്റെ ആത്മാർത്ഥമായ ചെറുപ്രാര്ഥന ഏറ്റം ഹൃദ്യമാണ്. അവൻ പ്രാർത്ഥിച്ചു: എന്റെ യജമാനനായ അബ്രാഹത്തിന്റെ ദൈവമായ കർത്താവെ, ഇന്ന് എന്റെ ദൗത്യം അങ്ങ് വിജയിപ്പിക്കണമേ! എന്റെ യജമാനന്റെ മേൽ കണിയണമേ!
ഭൃത്യന്റെ പ്രാർത്ഥന ദൈവം കേട്ട്. അബ്രാഹത്തിന്റെ ഇൻഗീതം പോലെ അവന്റെ നാട്ടിൽ, അവന്റെ സഹോദരൻ നാഹോരിന്നു മിൽക്കയിൽ ജനിച്ച ബെതുവേലിന്റെ മകൾ റബേക്കയെ ദൈവം കാണിച്ചുകൊടുത്തു. അവൻ അവൾക്കു മോതിരവും വളകളും കൊടുത്തു സ്വീകരിക്കുന്നു. അതിനുശേഷം തന്റെ യജമാനനായ അബ്രാഹത്തിന്റെ ദൈവമായ കർത്താവിനെ അവൻ തണുവണങ്ങി ആരാധിക്കുകയായി. തന്നെ നേർവഴിക്കു നയിച്ച ദൈവത്തെ അവൻ സ്തുതിച്ചു.
ബെതുവേലിനും മകൻ ലാബാനും ദൈവഹിതം വെളിപ്പെട്ടുകിട്ടുന്നു. ഭൃത്യന്റെ വാക്കുകൾ കെട്ടുകഴിഞ്ഞപ്പോൾ അവർ ഒരേ സ്വരത്തിൽ പറയുന്നു: “ഇത് കർത്താവിന്റെ ഇഷ്ട്ടമാണ്. ഇതിനെ കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല… കർത്താവു തിരുവുള്ളമായതുപോലെ റബേക്ക നിന്റെ യജമാനന്റെ മകന് ഭാര്യയിരിക്കട്ടെ.”
ഈ വാക്കുകൾ കേട്ടപ്പോൾ ഭൃത്യൻ താണുവീണു കർത്താവിനെ ആരാധിച്ചു. ‘മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം.’ വിശ്വസികളുടെ പിതാവായ അബ്രാഹത്തിന്റെ വിശ്വാസജീവിതം വേലക്കാരിൽപോലും ദൈവഭക്തി ഉളവാക്കാൻ പോന്നതായിരുന്നു. ഓരോ ഘട്ടത്തിലും ദൈവത്തെ ആരാധിച്ചും അവിടുത്തോടു പ്രാര്‍ഥിച്ചുമാണ് ആ ഭൃത്യൻ തന്നെ ഏല്പിച്ച ഉത്തരവാദിത്വം വിശ്വസ്തതാപൂർവം നിർവഹിച്ചു വിജയശ്രീലാളിതനായത്. ദൈവം തന്നെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപെട്ടവർക്കു, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്ക് അറിയാമല്ലോ (റോമാ. 8:28). ‘താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു. വിളിച്ചവരെ നീതീകരിച്ചു. നീതീകരിച്ചവരെ മഹത്വപ്പെടുത്തി’ (റോമാ. 8:30).
നൂറ്റാണ്ടുകൾക്കു ശേഷം അവതീര്‍ണനായ ഈശോ തന്റെ ഭുവനപ്രസിദ്ധമായ ഗിരിപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു പഠിപ്പിച്ചത് വിശ്വാസികളുടെ പിതാവ് ജീവിതത്തിൽ പ്രയോഗികമാക്കി.
(മത്താ. 5:13-16)
നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.
നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല.
വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്മേലാണു വയ്ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്ക്കും പ്രകാശം നല്കുന്നു.
അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
അബ്രാഹത്തിന്റെ ഭൃത്യന്റെ വിശ്വാസവും ദൈവാശ്രയത്വവും പ്രാർത്ഥന ചൈതന്യവും അവന്റെ പ്രാർത്ഥനയിൽ സാധാരണത്വവും അസാധാരണത്വവും പ്രയോഗികതയുമൊക്കെ എത്ര പ്രകീർത്തിച്ചാലും അധികമാവുകയില്ല.