വീണ്ടും അവന് ശിഷ്യരോട് അരുളിച്ചെയ്തു: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തു ഭക്ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ടാ.
എന്തെന്നാല്‍, ജീവന് ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ്.
കാക്കകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്ക്കു കലവറയോ കളപ്പുരയോ ഇല്ല. എങ്കിലും, ദൈവം അവയെ പോറ്റുന്നു. പക്ഷികളെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!
ആകുലരാകുന്നതുകൊണ്ട് ആയുസ്സിന്റെ ദൈര്‍ഘ്യം ഒരു മുഴംകൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും?
ഏറ്റവും നിസ്സാരമായ ഇതുപോലും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റുള്ളവയെപ്പറ്റി ആകുലരാകുന്നതെന്തിന്?
ലില്ലികളെ നോക്കുവിന്‍: അവനൂല്‍ നൂല്ക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും, ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും അവന്റെ സര്‍വമഹത്വത്തിലും അവയില്‍ ഒന്നിനെപ്പോലെ അലംകൃത നായിരുന്നില്ല.
ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല!
എന്തു തിന്നുമെന്നോ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാവുകയും വേണ്ടാ.
ഈ ലോകത്തിന്റെ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം.
നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും.
ലൂക്കാ 12 : 22-31
ആകുലരാകേണ്ട എന്ന ആഹ്വാനത്തോടെയാണ് ഈശോ ഇവിടെ തന്റെ ഉപദേശം ആരംഭിക്കുക. ഭൗതിക സ്വത്തിലും സമ്പത്തിലും അല്ല സർവശക്തനും സകലത്തിന്റെയും സൃഷ്ടാവും പരിപാലകനുമായ ദൈവത്തിൽ സകല ആശ്രയവും വയ്ക്കുക. ഇപ്രകാരം ദൈവ പരിപാലനയിൽ ആശ്രയിക്കുന്ന ലളിത സുന്ദരമായ ചില ഉദാഹരണങ്ങൾ ഈശോ എടുത്ത് കാട്ടുന്നു. മനുഷ്യന്റെ ജീവൻ ഭക്ഷണത്തിനും വസ്ത്രത്തിനും ഉപരിയാണ്. ജീവിതത്തിൽ പരമപ്രധാനമായത് ദൈവ മനുഷ്യബന്ധമാണ്.ഈ ബന്ധത്തിൽ പ്രധാന കാര്യം അന്നത്തെ ആവശ്യത്തിന് വേണ്ടതെല്ലാം ദൈവകരങ്ങളിൽ പൂർണ്ണമായി സമർപ്പിക്കുകയാണ്. കാരണം ഇവയെല്ലാം മനുഷ്യന് അത്യന്താപേക്ഷിതമാണെന്ന് ദൈവത്തിന് അറിയാം. എല്ലാം കയ്യാളുന്നവനാണ് ഉടയവൻ. ഓരോ മനുഷ്യനും ആവശ്യമായ എന്തെന്ന് മറ്റാരെയുംകാൾ കൂടുതൽ അവിടുന്ന് അറിയുന്നു.
അതുകൊണ്ടാണ് അന്നത്തെ അപ്പത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ഈശോ പഠിപ്പിച്ചത്. ഭക്ഷണം,വസ്ത്രം തുടങ്ങിയ അത്യാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്, ആത്യന്തികമായി ഇവയെല്ലാം നൽകുന്നത് സ്നേഹ സ്വരൂപനായ ദൈവമാണെന്ന് സത്യം വിസ്മരിച്ചുകൊണ്ട് ആവരുത്. ആകുലപ്പെടാതെ ഉത്തരവാദിത്വബോധത്തോടെ അന്വേഷിക്കണം, അധ്വാനിക്കണം, തീക്ഷണമായി,പ്രാർത്ഥിക്കണം.നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
1 പത്രോസ് 5 : 7
ഈ മേഘലയിലുള്ള തന്റെ ഉപദേശങ്ങൾ വിശദീകരിക്കാൻ ഈശോ കാക്കകൾ, ലില്ലികൾ,പുല്ല്,ഇവയെ ഉദാഹരണങ്ങളായി സ്വീകരിക്കുന്നു. വൃത്തികെട്ടത്, അല്പം പോലും മൂലമില്ലാത്തത്, സംസ്കാരശൂന്യം, ഇവയൊക്കെയാണല്ലോ കാക്കയുടെ പ്രത്യേകതകൾ. പക്ഷി വർഗ്ഗത്തിൽ ഏറ്റവും അധമ വിഭാഗത്തിൽപ്പെട്ട കാക്കയുടെ ഉദാഹരണം ഏറ്റവും ധ്വന്വാത്മകമാണ്. ആരും പരിഗണിക്കാത്ത കാക്കയെ പോലും കർത്താവ് കുറവൊന്നും കൂടാതെ പരിപാലിക്കുന്നു. എങ്കിൽ അവയെക്കാൾ ഏറെ ഏറെ വിലപ്പെട്ട നമ്മെ എത്ര കരുതലോടെ അവിടുന്ന് പരിപാലിക്കുകയില്ല! പിന്നെന്തിന് ആകുലത? ആകുലത ദോഷമേ (രോഗം, ക്ഷീണം, മുതലായവ) വരുത്തുകയുള്ളൂ.
ജീവിതത്തിൽ നിയന്ത്രണം കൈവിട്ടു പോകുന്നു എന്ന് തോന്നൽ നിന്നുണ്ടാകുന്ന പിരിമുറുക്കം ആണ് ആകുലത. ബൈബിളിൽ ആകുലതയുടെ എതിർപദം ദൈവാശ്രയം ആണ്. നിർമ്മിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ദൈവമാണ്. ദൈവം നമ്മെ പരിപാലിക്കുമെന്ന് നാം ഓരോരുത്തരും അറിയണം. ഓരോ മനുഷ്യനും ദൈവത്തിൽ ആശ്രയിക്കണം. ശിഷ്യരെയും ജനത്തെയും ദൈവാശ്രയത്വത്തിലേക്ക് നയിക്കാൻ ആണ് നല്ലവനായ ദൈവം പരിശ്രമിക്കുന്നത്. ഈ സത്യം എല്ലാവരും അറിയണം. എല്ലാവരും ദൈവത്തിൽ ആശ്രയിക്കണം.
ലില്ലിയെയും വയലിലെ പുല്ലിനെയും ദൈവം മനോഹരമായി അലങ്കരിക്കുന്നു. തന്റെ സർവ്വ മഹത്വത്തിലും സോളമൻ പോലും അവയിൽ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല. ക്ഷണഭംഗുരതയുടെ പ്രതീകമാണ് പുല്ല്. അൽപായുസ്സായ ലില്ലിയെയും പുല്ലിനെയും ദൈവം ഇത്രമാത്രം മനോഹരമായി അലങ്കരിച്ചൊരുക്കുന്നതെങ്കിൽ നമ്മെ ഓരോരുത്തരെയും ദൈവം എത്രയധികമായി സർവാലംകൃതവിഭൂഷിതരാക്കുകയില്ല! ഈശോയുടെ ശിഷ്യർ പ്രഥമത : ലക്ഷ്യമാക്കേണ്ടത് ദൈവരാജ്യമാണ്. അതോടൊപ്പം വേണ്ടതെല്ലാം ദൈവം അവർക്ക് നൽകും. ദൈവ മനുഷ്യബന്ധത്തിലാണ് പരിപാലന ഉണ്ടാവുക!