യാക്കോബ് ബേര്‍ഷെബായില്‍നിന്നു ഹാരാനിലേക്കു പുറപ്പെട്ടു.
സൂര്യന് അസ്തമിച്ചപ്പോള്‍ അവന് വഴിക്ക് ഒരിടത്ത് തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. ഒരു കല്ലെടുത്തു തലയ്ക്കു കീഴേവച്ച് അവന് ഉറങ്ങാന്‍ കിടന്നു. അവന് ഒരു ദര്‍ശനം ഉണ്ടായി:
ഭൂമിയില്‍ ഉറപ്പിച്ചിരുന്ന ഒരു ഗോവണി – അതിന്റെ അറ്റം ആകാശത്തു മുട്ടിയിരുന്നു. ദൈവദൂതന്‍മാര്‍അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ടു കര്‍ത്താവ് അരുളിച്ചെയ്തു: ഞാന്‍ നിന്റെ പിതാവായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമായ കര്‍ത്താവാണ്. നീ കിടക്കുന്ന ഈ മണ്ണു നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും.
നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും.
ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല.
അപ്പോള്‍ യാക്കോബ് ഉറക്കത്തില്‍ നിന്നുണര്‍ന്നു. അവന് പറഞ്ഞു: തീര്‍ച്ചയായും കര്‍ത്താവ് ഈ സ്ഥലത്തുണ്ട്.
എന്നാല്‍, ഞാന്‍ അതറിഞ്ഞില്ല. ഭീതിപൂണ്ട് അവന് പറഞ്ഞു: ഈ സ്ഥലം എത്ര ഭയാനകമാണ്! ഇതു ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല. സ്വര്‍ഗത്തിന്റെ കവാടമാണിവിടം.
യാക്കോബ് അതിരാവിലെ എഴുന്നേറ്റു തലയ്ക്കു കീഴേ വച്ചിരുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിര്‍ത്തി അതിന്മേല് എണ്ണയൊഴിച്ചു.
ഉല്പത്തി 28 : 10-18
സഹോദരന്റെ കോപത്തെ ഭയന്ന് പ്രാണരക്ഷാർത്ഥം ഓടുകയാണ് ഭീരുവും കുറ്റവാളിയുമായി യാക്കോബ്. പക്ഷേ ദൈവം അവനെ അനുധാവനം ചെയ്യുന്നു. ഒരു ദർശനത്തിലൂടെ ദൈവം അവനെ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.28:10,11 യാക്കോബിന്റെ ദയനീയാവസ്ഥയാണ് അവതരിപ്പിക്കുക. വഴിവക്കിൽ തളർന്നു വീണവനെ തൊട്ടുണർത്തി ശക്തി പകർന്നു പുതിയ മനുഷ്യൻ ആക്കുന്ന മഹോന്നതന്റെ മഹാകരുണയുടെ പ്രവർത്തിയാണ് തുടർന്ന് വിവരിക്കുന്നത്.
ഉറങ്ങിക്കിടന്നവനു ലഭിക്കുന്ന ദർശനം സ്വപ്നത്തെ സൂചിപ്പിക്കുന്നു. നരനെയും നിഖിലേശനെയും തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്ന രക്ഷാകര പദ്ധതിയുടെ പ്രതീകമാണ് ഭൂമിയിൽ ഉറപ്പിച്ചതും ആകാശത്തെ തൊട്ടു നിൽക്കുന്നതും ആയ ഗോവണി. അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ദൈവദൂതന്മാർ ദൈവഹിതം മനുഷ്യർക്ക് വെളിപ്പെടുത്തുകയും അവരുടെ പ്രതികരണം ദൈവത്തിനു മുമ്പിൽ എത്തിക്കുകയും ചെയ്യുന്ന സന്ദേശവാഹാകരാണ്. ദൈവിക പദ്ധതി പ്രകാരം യാക്കോബിന്റെ സന്തതി പരമ്പരയിൽ അവതീർണനായ ഈശോമിശിഹായിലാണ് സ്വർഗവും ഭൂമിയും പരിപൂർണ്ണ രമ്യതയിൽ എത്തുന്നത്.
ഗോവണിയുടെ മുകളിൽ കർത്താവ് പ്രത്യക്ഷപ്പെടുന്നത് സ്വർഗ്ഗം മാനവനായി തുറക്കപ്പെടുന്നതിന്റെ സൂചനയാണ്.28:13,14 വാക്യങ്ങളിൽ ദൈവം യാക്കോബിന് “സ്വന്തമായ ദേശവും അസംഖ്യമായ് സന്തതി പരമ്പര”യെയും വാഗ്ദാനം ചെയ്യുന്നു. സാർവത്രിക രക്ഷയെ കുറിച്ചുള്ള പരാമർശം ഉല്പത്തി 12 :3ൽ നൽകിയ വാഗ്ദാനത്തെ അനുസ്മരിപ്പിക്കുന്നു. ഒപ്പം ഇത് ലോകജനതകളോടു മുഴുവനമുഉള്ള യാക്കോബിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് അവനെ ബോധവാനാക്കുന്നു. 15ആം വാക്യത്തിലൂടെ വാഗ്ദാനം ചെയ്യപ്പെട്ട വ്യക്തിപരമായ സംരക്ഷണം കക്ഷിക്ക് ശക്തിയും പ്രത്യാശയും പ്രദാനം ചെയ്യുന്നു. ഈ വാഗ്ദാനത്തിലൂടെ ഒരു ഭീരുവിന്റെ ഒളിച്ചോട്ടം ഒരു വിശ്വാസിയുടെ തീർത്ഥാടനമായി മാറുന്നു.
കുറ്റബോധവും ഭീതിയും ഒക്കെ മനസ്സിനെ തളർത്തുകയും ജീവിതം തന്നെ വഴിമുട്ടുകയും ചെയ്തു എന്നു തോന്നുമ്പോൾ, ദൈവഭക്തന്റെ തലയ്ക്ക് മുകളിൽ സ്വർഗം വിടരുകയും സർവ്വശക്തനും പുതിയ വഴികളും വാതിലുകളും തുറക്കുകയും ചെയ്യുമെന്ന് യാക്കോബിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഹൃദയത്തിൽ കുറ്റഭാരവും പേറി, സ്വാർത്ഥതയുടെ വഴിവക്കിൽ തളർന്നു കിടക്കാനല്ല, എഴുന്നേറ്റു ദൈവ മനുഷ്യ രമ്യതയുടെ ദൂതുമായി മുന്നേറാനാണ് മഹോന്നതൻ നമ്മോട് ഓരോരുത്തരോടും ആവശ്യപ്പെടുന്നത്. ഈ യാത്രയിൽ ദൈവം നമ്മുടെ മുമ്പിൽ തന്നെ ഉണ്ടായിരിക്കും.