ഈശോ വീണ്ടും അവരോട് പറഞ്ഞു: “ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശം ഉണ്ടായിരിക്കും” (യോഹ. 8: 12). പ്രകാശം ദൃശ്യമാകുന്നു,വെളിപ്പെടുത്തുന്നു. പ്രകാശം ഉള്ളപ്പോഴാണല്ലോ എല്ലാം വ്യക്തമായി കാണാൻ കഴിയുക. ഈശോ ദൈവമാണ്.പിതാവിനെയും പരിശുദ്ധാത്മാവിനെയും വെളിപ്പെടുത്തുന്നവനുമാണ്. യോഹന്നാൻ വ്യക്തമായി കോറിയിട്ടിരിക്കുന്നു:” ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. ദൈവവുമായി ഗാഡ ബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തുന്നത് (യോഹ.1:18).
ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തുന്നവൻ എന്ന നിലയിലാണ് ഈശോ ലോകത്തിന്റെ പ്രകാശമാവുന്നത്. അവിടുത്തെ അനുഗമിക്കുന്നവൻ, അനുകരിക്കുന്നവൻ, തന്നിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവീക പദ്ധതിയുടെ വെളിച്ചത്തിൽ തന്നെ ജീവിക്കണം. അവിടുന്ന് വ്യക്തമാക്കുന്നു ഞാൻ എന്റെ പിതാവിന്റെ കൽപ്പനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നത് പോലെ, നിങ്ങൾ എന്റെ കൽപ്പന പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും”(യോഹ 15:19). അവിടുന്ന് തുടരുന്നു: ഇതാണ് എന്റെ കൽപ്പന. ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതർക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല. ഞാൻ നിങ്ങളോട് കൽപ്പിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്(യോഹ 15:14). സ്നേഹിക്കുന്നവൻ അനുഗമിക്കണം, അനുകരിക്കണം, താദാത്മ്യപ്പെടണം.
പ്രകാശത്തെ, നിത്യ പ്രകാശത്തെ, അനുഗമിക്കുന്നവൻ, അനുകരിക്കുന്നവൻ, അനുസരിക്കുന്നവൻ,ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല.
അതുകൊണ്ട് ഈശോയെ കുറിച്ച് അനുദിനം ധ്യാനിക്കുകയായിരിക്കണം ഓരോ ക്രിസ്ത്യാനിയുടെയും തീവ്രമായ അഭിനിവേശം. അവിടുത്തെ ഉപദേശങ്ങൾ മറഞ്ഞിരിക്കുന്ന മന്ന അവിടുത്തെ പരിശുദ്ധാത്മാവ് ഉള്ളവർ കണ്ടെത്തും. വചനം കേൾക്കുക മാത്രം ചെയ്യുന്ന ആത്മ വഞ്ചകരാകാതെ വചനാനുശ്രതം ജീവിച്ച്,ജീവനാഥനെ അനുപദം അനുഗമിക്കുന്നവരും അവിടുത്തെ തിരുവിഷ്ടം അക്ഷരശ: നിർവഹിക്കുന്നവരുമാകണം.അവിടുത്തെ വചനങ്ങൾ പൂർണമായി രുചിച്ചറിയാൻ ജീവിതകാലം മുഴുവൻ അവിടുത്തെ പോലെയാകാൻ ചിന്തയിലും വാക്കിനും പ്രവർത്തിയിലും അവിടുത്തെ താദാത്മ്യപ്പെടാൻ പരിശ്രമിക്കണം.
യോഹ. 8 :12 ൽ താൻ ലോകത്തിന്റെ പ്രകാശമാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന ഈശോ മത്തായി 5 :14ൽ തുല്യ പ്രാധാന്യം നൽകിക്കൊണ്ട് പ്രഖ്യാപിക്കുന്നു. ” നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്” എന്ന്. അത് എങ്ങനെ സാധിക്കാമെന്ന് 5 :16 ൽ അവിടുന്നു സമർത്ഥിക്കുന്നു. “മനുഷ്യൻ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ”.
മത്താ. 5 :13- 16ൽ ഈശോ ശിഷ്യന്മാരെ നേരിട്ട് സംബോധന ചെയ്ത് അവരോടാണ് സംസാരിക്കുന്നത്. ലോകത്തിൽ അവർക്കുള്ള ദൗത്യം അവിടുന്ന് വ്യക്തമാക്കി കൊടുക്കുന്നത് ഉപ്പിന്റെ പ്രകാശത്തിന്റെയും പ്രതീകങ്ങളിലൂടെയാണ്. ഭക്ഷണപദാർത്ഥങ്ങൾ അഴിഞ്ഞു പോകാതെ ഉപ്പ് പരിരക്ഷിക്കുന്നതുപോലെ, തങ്ങളുടെ ചുറ്റുമുള്ള ലോകം ധാർമികമായി അധപതിച്ചു പോകാതെ കാത്തുസൂക്ഷിക്കുക തന്റെ ശിഷ്യന്മാരുടെ കടമയാണെന്ന് അവിടുന്ന് അവരെ അനുസ്മരിപ്പിക്കുന്നു.
അവർ ലോകത്തിന്റെ പ്രകാശവുമാണ്. മലമേൽ പണിതുയർത്തിയ പട്ടണം പോലെ അവർ ലോകത്തിന്റെ മുമ്പിൽ പ്രകാശിക്കണം .
” ഗുരുമുഖം കണ്ടു കണ്ട്, ഗുരു വചനം കേട്ടു കേട്ട് ഗുരു വചനം അനുസരിച്ച് അനുസരിച്ച് ഗുരുവിനെ പോലെയാകണം ഗുരുവായി പരിണമിക്കണം”.
ക്രിസ്ത്യാനി = ജീവിക്കുന്ന ക്രിസ്തു