പണ്ടൊക്കെ മനുഷ്യന് പേരിടാൻ എളുപ്പമായിരുന്നു.പേരുകൊണ്ട് ഒരുവന്റെ (ഒരുവളുടെ) മതവും മനസ്സിലാക്കാമായിരുന്നു. കൂടാതെ പേര് ആണിന്റെയോ പെണ്ണിന്റെയോ എന്നും വ്യക്തമായിരുന്നു. കാലം മാറി, കോലം മാറി. പേര് വേഷം ഇവകൊണ്ടൊന്നും ആരെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. ചില പെൺകൊടികളെ കണ്ട് മോനേ എന്ന് വിളിച്ച് ഞാൻ ഇളിഭ്യനായിട്ടുണ്ട്. ഇളിഭ്യനാകുക എനിക്ക് സഹജമാണെങ്കിലും!
തോമ്മാ, പാപ്പൻ, കറിയാ, ചാത്തൻ, കിട്ടൻ, പപ്പു തുടങ്ങിയ പഴയ പേരുകൾ പണ്ടേ പോയിമറഞ്ഞു. ഓമനപ്പേരുകളുടെ വരവോടെ എല്ലാം കുഴമറിഞ്ഞു. ക്രിസ്ത്യാനി വർഗ്ഗത്തിന് മാമ്മോദീസാപ്പേരും വിളിപ്പേരും ഉണ്ട്. ഒരുകാലത്ത് രണ്ടക്ഷരം ചേർത്തുള്ള പേരുകളായിരുന്നു. അർത്ഥം ശ്രദ്ധിച്ചതേയില്ല. ഷാബി എന്ന് ഒരു പൈങ്കിളിക്ക് പേരിട്ടതായി കേട്ടിട്ടുണ്ട്. ഇപ്പോൾ ഔദ്യോഗിക പേര്, വിളിപ്പേര്, വേറൊരു പേര് ഇങ്ങനെയായിട്ടുണ്ട്. ഒരു കാലത്ത് അച്ഛന്റെ പേരിന്റെ ആദ്യക്ഷരവും അമ്മയുടെ പേരിന്റെ ആദ്യക്ഷരവും ചേർത്ത് കുട്ടിക്ക് പേരിട്ടിരുന്നു. ലോലഹൃദയനായ ഞാൻ (ശിഥിലഹൃദയനല്ല) ചിന്തിച്ചു വേലായുധന്റെയും ശ്യാമളയുടെയും കുഞ്ഞിന്റെ പേര് എന്തായിരിക്കും എന്ന്!
ഒരുവന്റെ സ്വഭാവം നോക്കി നാട്ടുകാർ നൽകുന്ന പേരാണ് യഥാർത്ഥ പേര്. സ്കൂളിൽ എന്റെയൊരു സഹപാഠിയുടെ പേര് ദോശക്കുട്ടൻ എന്നായിരുന്നു. അവൻ ദോശപ്രിയനോ, ദോശമോഷ്ടിച്ചവനോ എന്നു നിശ്ചയമില്ല. പിന്നെ ചില വിദ്യാർത്ഥികൾ അധ്യാപകർക്ക് പേരു നൽകിയിരുന്നല്ലോ. ഗുരുശാപം ഭയന്ന് അതൊന്നും എഴുതുന്നില്ല. പേര് നൽകുന്നതിൽ ഞാനും മോശക്കാരനായിരുന്നില്ല. എനിക്കും കിട്ടി ശിക്ഷ. സെമിനാരിയിൽ എന്നെ ഉപ്പുചാക്ക് എന്ന് ലവണസുന്ദരമായി വിളിച്ചിരുന്നു. സഹോദരിമാരുടെ പേരുകളിലേക്ക് കടക്കുന്നില്ല.
ഇനി അച്ചന്മാരുടെ പേരുകൾ
മുൻകാലങ്ങളിൽ അച്ചന്മാരുടെ പേരും വീട്ടുപേരും വ്യക്തമായിരുന്നു. പേര് മാമ്മോദീസായിൽ ലഭിച്ചത്. വീട്ടുപേരുള്ളവൻ അതും ചേർക്കും. കാലം മാറിയപ്പോൾ സംഗതി കുഴഞ്ഞു. മോഹിപ്പിക്കുന്ന പേരുകളും ഭയപ്പെടുത്തുന്ന ഭവനനാമങ്ങളും രംഗപ്രവേശം ചെയ്തു. ചില സാമ്പിളുകൾ.
ഫാ. മോഹൻ ഇടിവെട്ടിപ്പറമ്പിൽ
ഫാ.മനു സിമിത്തേരിമുക്കിൽ
ഫാ. അപ്പുണ്ണി ചിറ്റീന്തുംമൂട്ടിൽ
ഫാ. ഷിബു കയ്യാലപ്പുറത്ത്
ഫാ. സിബു ചക്കയില്ലാപ്ലാക്കൽ
ഫാ. വൈറ്റ് ഭൂതക്കുഴിയിൽ
ഫാ. മോനായി കൈതമൂട്ടിൽ
ഫാ. ഷേണായി മുതിരപ്പറമ്പിൽ
ഫാ. കുഞ്ഞായി ചിതൽപ്പുറ്റിൽ
ഇങ്ങനെ പോകുന്നു. ഒരു കാര്യം കൂടി സൂചിപ്പിച്ച് അച്ചന്മാർക്ക് സ്വീകരിക്കാവുന്ന പേരുകൾ നല്കാം. സമത്വയാത്രക്കാരനെ ഭയന്ന് ഞാൻ എന്റെ വീട്ടുപേര് മാറ്റാൻ നിശ്ചയിച്ചിരിക്കുകയാണ്.
എല്ലാം ഭാരതീയമാക്കുന്നതല്ലേ ഇപ്പോൾ തടിക്ക് ക്ഷേമകരം. അതുകൊണ്ട് ‘ആനന്ദ’കൂട്ടി ചില പേരുകൾ സൗജന്യമായി നൽകാം. ഇവയിൽ ഇരട്ടിപ്പ് കണ്ടേക്കാം, പക്ഷേ തട്ടിപ്പില്ല.
ആഹ്ലാദാനന്ദ പരക്ലേശാനന്ദ
ആമാശയാനന്ദ ശോകമൂകാനന്ദ
അഹംഭാവാനന്ദ കപടഭാവാനന്ദ
അവിവേകാനന്ദ പരവിമർശനാനന്ദ
അജമാംസാനന്ദ വിഷാദാനന്ദ
അല്പജ്ഞാനാനന്ദ നാരദാനന്ദ
അബോധാനന്ദ ഗദ്ഗദാനന്ദ
അമിതവേഗാനന്ദ സുഗുണാനന്ദ
അതിവിനയാനന്ദ തൻകാര്യാനന്ദ
അമിതഭോജനാനന്ദ ഗുൽഗുലാനന്ദ
അതിനിദ്രാനന്ദ സിനിമാനന്ദ
അനിദ്രാനന്ദ നിതാന്തചാപല്യാനന്ദ
അന്ധകാരാനന്ദ പത്രപാരായണാനന്ദ
അപൂർവ്വരോഗാനന്ദ നാരീവിദ്വേഷാനന്ദ
ഉന്മാദാനന്ദ കുക്കുടമാംസാനന്ദ
ഉഹോപോഹാനന്ദ സുകരമാംസാനന്ദ
ഉദാസീനാനന്ദ വരാഹമാംസാനന്ദ
ഭീമഗാത്രാനന്ദ വക്രചിത്താനന്ദ
പിത്തരോഗാനന്ദ കൗശലാനന്ദ
ചിന്തരോഗാനന്ദ നിർവ്വികാരാനന്ദ
വാതരോഗാനന്ദ പരലോകാനന്ദ
കഫരോഗാനന്ദ വിദേശയാത്രാനന്ദ
സർപ്പഭയാനന്ദ വിനോദയാത്രാനന്ദ
തസ്കരഭയാനന്ദ സ്വയംപാചകാനന്ദ
നിസ്സഹകരണാനന്ദ പൗരസ്ത്യാനന്ദ
ക്രമസമാധാനന്ദ ഗാനപൂജാനന്ദ
ക്രുദ്ധാനന്ദ ഗതാഗതാനന്ദ
നഗ്നപാദാനന്ദ മധുരപ്രിയാനന്ദ
സദുപദേശാനന്ദ ക്ഷീരപ്രിയാനന്ദ
ചപലചിത്താനന്ദ ദുർശാഠ്യാനന്ദ
തന്ത്രവിദ്യാനന്ദ സെൽഫോണാനന്ദ
മന്ത്രവിദ്യാനന്ദ ഫേസ്ബുക്കാനന്ദ
ജിജ്ഞാസാനന്ദ കഷ്ടനഷ്ടാനന്ദ
ശകടാനന്ദ പരോപകാരാനന്ദ
വീരപരാക്രമാനന്ദ ഹ്രസ്വകായാനന്ദ
ദീർഘകായാനന്ദ കാത്തോയാനന്ദ
സംഗീതാനന്ദ ദുരൂഹതാനന്ദ
സ്വകുടുബപ്രേമാനന്ദ വീരപരാക്രമാനന്ദ
സൂത്രവിദ്യാനന്ദ പരപ്രശംസാനന്ദ
നിരാഹാരാനന്ദ വാസനാനന്ദ
അച്ചൻമാരുടെ പെൻഷൻ പ്രായം എഴുപത്തഞ്ച് ആയതുകൊണ്ട് എഴുപത്തഞ്ചുപേരുകളെ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാൽ രണ്ടു കാരണങ്ങൾക്കൊണ്ട് അവ 80 ആക്കി. ഒന്നാമത് അച്ചൻമാർ ഏതു പ്രായത്തിൽ മരിക്കണമെന്ന് സഭാനിയമത്തിൽ കാണുന്നില്ല.
രണ്ടാമത് നിയമപ്രകാരമുള്ള പ്രായപരിധിയിൽ സേവനം അവസാനിപ്പിക്കാൻ പലരും വിസമ്മതിക്കുന്നു. തങ്ങൾക്ക് ആരോഗ്യം ഉണ്ടെന്ന് കാണിക്കാൻ മസ്സിൽ പ്രദർശിപ്പിക്കുകയും തലമുടി ഒന്നുപോലും നരച്ചിട്ടില്ല എന്ന് മാലോകരം അറിയിക്കാൻ തലയിൽ ചില രാസപ്രവർത്തനങ്ങൾ നടത്തുകയും യൗവ്വനം നിലനിർത്തുവാനായി കായകല്പ ചികിത്സ നടത്തുകയും ചെയ്യുന്നതായി കേൾക്കുന്നു. പിന്നെ ‘നീ എന്നേക്കും പുരോഹിതനാകുന്നു എന്നല്ലേ വചനം’.
ഇനിയും ചില പെൻഷൻ പ്രായക്കാർ ‘ലീവ് വേക്കൻസി’യിലും കയറുന്നുണ്ട്. ചില കൊച്ചച്ചന്മാരും കൊച്ചല്ലാത്ത അച്ചന്മാരും ചികിത്സ, വിനോദസഞ്ചാരം, ആഗോളപര്യടനംസ അകാല പഠനം ഇവയ്ക്കായി ഇടവകയിൽ നിന്നും മാറി നിൽക്കുമ്പോൾ മേൽപ്പറഞ്ഞവർ അഹമഹമിഹയാ അവിടേയ്ക്ക് ഓടിയെത്തും, ക്ഷണിച്ചിട്ടാണ് കേട്ടോ! അതു പലതുകൊണ്ടും ഗുണകരമാണല്ലോ. പെക്കൂണിയാ ഒന്നും മോഹിക്കുന്നില്ല.
എന്റെ കൈവശം കൂടുതൽ പേരുകൾ സ്റ്റോക്കുണ്ട് എന്നറിയിക്കട്ടെ. എപ്പാർക്കിയൽ ഐ.ഡി. കാർഡു സഹിതം ആവശ്യക്കാർ നേരിട്ടു സമീപിക്കുക. അവർ അവരുടെ ഹൈറ്റും വെയ്റ്റും പൊക്കവും തൂക്കവും, ആഹാരനീഹാര രീതികൾ, രോഗങ്ങൾ ഇവ കൂടി അറിയിക്കണം. ഫോണിൽ ആവശ്യപ്പെടരുത്; ഇപ്പോൾ ഫോണാനന്തര കാലഘട്ടമായതുകൊണ്ടും ആ സാധനം ശരിയായി ഉപയോഗിക്കാൻ എനിക്ക് വശമില്ലാത്തതുകൊണ്ടും. തപാലും പറ്റില്ല. പാൽ, തപാൽ, ടിനോപാൽ ഇവ പണ്ടേ വർജ്ജിച്ചവനാണ് ഞാൻ. മാത്രമല്ല, മരിച്ചുകൊണ്ടിരിക്കുന്ന ഭാരതീയ തപാൽ വകുപ്പിനെ സഹായിക്കാൻ ഞാനൊരുക്കവുമല്ല!