ബാബേൽ ഗോപുരങ്ങളിൽ നിന്ന് പുൽകൂട്ടിലേക്കു മടങ്ങിവരാൻ ആർച്ച്ബിഷപ് ഡോ. സൂസപാക്യം ഉത്ബോധിപ്പിക്കുന്നു. ഈശോയുടെ മനുഷ്യാവതാരത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്റെ മനസിലേക്ക് വരുന്നത് യോഹ. 3:16 ആണ്. “എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനായി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.”
എല്ലാവരും നിത്യജീവൻ (ദൈവത്തോടൊപ്പം അനുഭവിക്കുന്ന നിത്യ സൗഭാഗ്യം) പ്രാപിക്കണം. അതിനുവേണ്ടിയാണ് ദൈവം തന്റെ ഏകജാതനെ നമുക്ക് തന്നത്. മാനവരാശി മുഴുവൻ നിത്യജീവൻ, നിത്യ രക്ഷ, സ്വർഗം സമ്മാനിക്കാനാണ് മിശിഹാ മഹിയിൽ അവതരിച്ചു, കാൽവരിയിൽ സ്വയം ബലിയായതു. അവിടുത്തേക്ക് ആരും അന്യരോ പരദേശികളോ അല്ല. എല്ലാവരും തന്റെ സ്വന്തമാണ്. “തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവ് നൽകി” (യോഹ. 1:12). ഇതാണ് മനുഷ്യാവതാര രഹസ്യം.
ഇത് അവഗണനയുടെ അല്ല, പരിഗണനയുടെ സന്ദേശമാണ്; തികച്ചും ഭാവാത്മകം. “നീ എനിക്ക് വിലപെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്… ആയതുകൊണ്ട്… ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്” (ഏശയ്യാ 43:4,5). ദൈവം തങ്ങളെ അവഗണിച്ചുവെന്നും ഉപേക്ഷിച്ചെന്നും ഇസ്രായേൽ ജനത്തിന് തോന്നിയപ്പോൾ അവരെ ആശ്വസിപ്പിച്ചുകൊണ്ടു അവിടുന്ന് പറയുന്നു: “മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പെറ്റമ്മ പുത്രനോട് കരുണ കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ, ഞാൻ നിന്നെ എന്റെ ഉള്ളം കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശയ്യാ 49:15,16).
നിസാരരും നിരാശ്രയരും നിരാലംബരും നിന്ദിതരും ഏറ്റം ബലഹീനരുമായിരുന്നവരെപ്പോലും കരുതുകയും വിലമതിക്കുകയും ചെയുന്ന രക്ഷയുടെ മാർഗമാണ്, മനോഭാവമാണ് ഈശോ തന്റെ ജീവിതത്തിലൂടെ, കാണിച്ചു തരുന്നത്. പുൽകൂട്ടിലേക്കുള്ള തീർത്ഥാടനമാണ് യഥാർത്ഥ ആത്മീയത. എളിയവരിൽ എളിയവനായി ദരിദ്രരിൽ ദരിദ്രനായി ഒരു പുൽകൂട്ടിലാണലോ അവിടുന്ന് ജനിച്ചത്. എളിയവരിലാണ് തന്റെ സാന്നിധ്യമെന്നും അവരിലാണ് തന്നെ കണ്ടെത്തേണ്ടതെന്നും അവിടുന്ന് നമ്മെ പഠിപ്പിച്ചു (മത്താ. 25:40). വിധവയുടെ കൊച്ചുകാശും രക്തസ്രാവക്കാരിയുടെ സൗഖ്യവും ചുങ്കക്കാരന്റെ പ്രാർത്ഥനയും അവിടുന്ന് പരമ പ്രധാനമായി കണക്കാക്കി.