ഈശ്വരസാരൂപ്യത്തിൽ ഉരുവാക്കപ്പെട്ട മനുഷ്യൻ, ഈശ്വരനുമായി അഭേദ്യമായ ആഭിമുഖ്യം പാലിക്കാൻ കടപ്പെട്ട മനുഷ്യൻ ദൈവത്തെപ്പോലെയാകുവാൻ വ്യാമോഹിച്ചു. ഫലമോ, സന്തോഷത്തിന്റെ ശ്രീകോവിലിൽ ഉരുത്തിരിഞ്ഞ വിശ്വം മുഴുവൻ ശോകാബ്ധിയുടെ ആഴത്തിലേക്കു കുത്തനെ വീണു. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനെ തന്റെ സ്രഷ്ടാവുമായി സംയോജിപ്പിച്ചിരുന്ന സ്നേഹ ശൃംഖല തകർക്കപ്പെട്ടു. കൃതഘ്നതയുടെ ഈ ഇതിഹാസമാണ് നാടകീയമായ ശൈലിയിൽ ഉല്പത്തി പുസ്തകം അവതരിപ്പിക്കുന്നത്. പാപംമൂലം ലോകത്തിലെ ക്രമവും താളവും തെറ്റുന്നതും പാപഫലങ്ങൾ പിൻതലമുറകളിലേയ്ക്കു വ്യാപിക്കുന്നതുമാണ് അവിടെ നാം വായിക്കുക.
പാപം മനുഷ്യനിലെ ദൈവികജീവനെ ഞെരുക്കിക്കൊന്നു. ഈശ്വരന്റെ രൂപവും സാമ്യവുമായിരുന്ന മനുഷ്യൻ സാത്താന്റേയും അവന്റെ കിങ്കരന്മാരുടെയും ആവാസകേന്ദ്രമായി മാറി. ജീവിതത്തോടുള്ള അവന്റെ സമീപനം അശുഭോദർക്കമായി. ഇനിമേൽ അതവനൊരു ഭാരമാണ്. ആനന്ദസംദായകമായിരുന്ന തൊഴിൽ കദനകാരണമായിമാറിയിരിക്കുന്നു. രക്തം വെള്ളമായി ആ വെള്ളത്തിൽ നിന്നൂറി വരുന്ന വിയർപ്പുകൊണ്ട് നനഞ്ഞുകുഴഞ്ഞ അപ്പമേ ഇനി അവനു ഭക്ഷിക്കാനൊക്കൂ. ഈ പരിതോവസ്ഥയിൽ പിറന്നു വീഴാതിരിക്കുന്നെങ്കിൽ, ചിലർ ചിന്തിച്ചേക്കാം.
എന്നാൽ, മാനവരാശിയെ ഈ നിസ്സഹായതയിൽ അപ്പാടെ അങ്ങു വിട്ടുകളയാൻ സ്നേഹസ്വരൂപനായ ഈശ്വരനു മനസ്സുവന്നില്ല. ഹാവായുടെ മക്കൾക്കെല്ലാം ശാപമോക്ഷമേകാൻ ഒരു രക്ഷകനെ അവിടുന്നു വാഗ്ദാനം ചെയ്യുന്നു. അതിൽത്തന്നെ പ്രലോഭകനായ പിശാചിനുള്ള ശാപവാക്കുകളും ഉൾക്കൊള്ളുന്നുണ്ട്. ആദ്യത്തെ ആ സുവിശേഷം ബൈബിൾ അവതരിപ്പിക്കുന്നതിപ്രകാരമാണ്: ‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്താനവും അവളുടെ സന്താനവും തമ്മിലും ഞാൻ ശത്രുത വിതയ്ക്കും. അവൻ നിന്റെ തലയിൽ ചവിട്ടും’.(ഉല്പ 3:15)
‘സംഭവിക്കട്ടെ’ എന്ന ഒറ്റ വാക്കരുളിയാണല്ലോ പരംപൊരുൾ ഈ വിശ്വത്തെ ഉണ്മയുടെ ഉത്സവത്തിൽ പങ്കുകൊള്ളിച്ചത്.
‘വാക്കിനാലുളവായി വാനവുമവനിയും
വാരിധികളും സൂര്യചന്ദ്രനക്ഷത്രങ്ങളും’
അവിടുത്തെ ഔന്നത്യം പ്രകീർത്തിക്കുന്ന പർവ്വതശ്രേണികളും വിശാലതയെ പെരുമ്പറകൊട്ടി വിളിച്ചറിയിക്കുന്ന പരപ്പേറിയ കടലുകളും പക്ഷിമൃഗാദികളും സസ്യവർഗ്ഗങ്ങളും നീലമേക്കട്ടിയുടെ കീഴിലുള്ള അർക്ക ചന്ദ്രതാരകാദികളും ആദ്യദമ്പതിമാർക്കു സ്വാഗതമരുളാൻ അണിഞ്ഞൊരുങ്ങിയത് അവിടുത്തെ ‘വചന’ത്തിന്റെ ശക്തികൊണ്ടുമാത്രമാണ്. ഇവയൊക്കെ പണിചെയ്ത മനുഷ്യൻ യഥാർത്ഥത്തിൽ പരബ്രഹ്മത്തിന്റെ ലീലാസന്താനമാണ്. അവനെ ബുദ്ധിയും സ്വതന്ത്ര മനസ്സുമുള്ള അനശ്വരമായ ഒരാത്മാവിന്റെ ഉടമയാക്കാൻ അവിടുത്തെ ഒരു നിശ്വാസം മാത്രം മതിയായിരുന്നു.
പക്ഷേ, ആദ്ധ്യാത്മികമായി മരിച്ച മനുഷ്യനു പുതുജീവൻ പകരാൻ ‘ധ്യാനംകൊണ്ടാത്മാവെയാത്മാവിൽക്കണ്ടുകൊണ്ടാനന്ദലീനനായ്’ നിത്യതയിൽ നിവസിച്ച ദിവ്യ വചസ്സ് മാംസം ധരിച്ചു ഭൂമിയിൽ മനുഷ്യനായി പിറക്കേണ്ടിവന്നു. ഈ മഹാരഹസ്യം പ്രാവർത്തികമാക്കാൻ ഈശ്വരന് ഒരു ജനതയെത്തന്നെ തെരഞ്ഞെടുത്തൊരുക്കേണ്ടിയിരുന്നു. വിവിധ കാലഘട്ടങ്ങളിൽ, വിവിധവാഗ്ദാനങ്ങൾ വഴിമാത്രമേ ഈ വസ്തുത ആ ജനതയ്ക്കെങ്കിലും വെളിപ്പെടുത്താൻ അവിടുത്തേയ്ക്കു കഴിഞ്ഞുള്ളൂ.
ദൈവവുമായുള്ള സന്ധിയിൽ ഒപ്പുവയ്ക്കാനുള്ള അസുലഭാഗ്യം അബ്രാഹത്തിനാണ് ആദ്യം സിദ്ധിച്ചത്. ദൈവം അദ്ദേഹത്തോടു സംസാരിച്ചു: ഈ നാടുവിട്ടു ഞാൻ നിനക്കു കാണിച്ചുതരുന്ന ദേശത്തേയ്ക്കു പുറപ്പെടുക; നിന്നിൽനിന്ന് വലിയൊരു ജനതയ്ക്കു രൂപം നല്കും ഞാൻ. നിന്നെ അനുഗ്രഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും. നിന്നെ അനുഗ്രഹിക്കുന്നവർക്ക് എന്റെ പ്രസാദം ഉണ്ടായിരിക്കും; നിന്നെ ശപിക്കുന്നവർക്കോ എന്റെ ശാപവും. നിന്നിലൂടെ മാനുഷ്യകം മുഴുൻ മംഗളം അനുഭവിക്കും (ഉല്പ. 12:15)
ദൈവത്തിന്റെ കല്പന സകലവും അബ്രാഹം ശിരസാ വഹിച്ചു. ‘അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറട്ടെ’ എന്നതായിരുന്നിരിക്കണം അദ്ദേഹത്തിന്റെ മുദ്രാവാക്യം. കാരണം, ദൈവത്തിന്റെ വാഗ്ദാനത്തിൽ കലവറയില്ലാത്ത വിശ്വാസമാണ് അബ്രാഹം അർപ്പിച്ചത്. മൽക്കിസ്ദേക്കിലൂടെ മറ്റൊരാശീർവാദവും അദ്ദേഹത്തിനുകിട്ടി. ‘ആകാശവും ഭൂമിയും കൈയടക്കുന്ന ഉന്നതനായ ദൈവത്താൽ നീ അനുഗ്രിക്കപ്പെട്ടവനാകുന്നു. ദൈവം തരുന്ന എല്ലാ നന്മകളെയുംകാൾ അധികമായി അവിടുത്തെ സ്നേഹിക്കണം’ എന്നയാൾ ഉറച്ചു.
സകല ഹൃദയരഹസ്യങ്ങളും അറിയുന്ന ദൈവം ഈ ഘട്ടത്തിൽ തന്റെ വിശ്വസ്തദാസനെ ഒന്നു പരീക്ഷിക്കാൻ നിശ്ചയിച്ചു. ‘അബ്രാഹം-ദൈവത്തിന്റെ സ്വരം കർത്താവേ, ഇതാ ഞാൻ. ഭയഭക്തി സമേതം മറുപടി കൊടുത്തിട്ട് ഏതു കല്പനയും അനുസരിക്കാൻ അദ്ദേഹം ഒരുങ്ങിനിന്നു. അന്നത്തെ കല്പന ഹൃദയത്തിൽ ഇടിത്തീ വീഴിക്കുന്ന മാതിരി ആയിരുന്നു അബ്രാഹത്തിന്. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത അതികഠിനമായ കല്പന! നിന്റെ വാത്സല്യഭാജനമായ ഏക മകൻ ഇസാക്കിനെ ആമ്മോറക്കാരുടെ നാട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുക. അവിടെ ഞാൻ നിനക്കു കാണിച്ചുതരുന്ന മലമേൽ അവനെ എനിക്കായി ദഹനബലി സമർപ്പിക്കുക’.
അബ്രാഹം പരാതി പറഞ്ഞില്ല. ഇസഹാക്കിന്റെ മക്കൾ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകുമെന്ന ദൈവത്തിന്റെ വാഗ്ദാനം നിറവേറ്റുന്നതെങ്ങനെയെന്നു ചോദിച്ചില്ല. സോദോമിനുവേണ്ടി വാദിച്ചതുപോലെ ഇസഹാക്കിനു വേണ്ടി മാദ്ധ്യസ്ഥം തേടിയില്ല. ഹൃദയത്തിലെ ദുഃഖവും പേറി, അശേഷം സംശയിക്കാതെ, പിറ്റെ ദിവസം പുലർച്ചയ്ക്കുതന്നെ എഴുന്നേറ്റ് കഴുതപ്പുറത്തു കയറി ഇസഹാക്കിനേയുംകൂട്ടി വടക്കോട്ടു യാത്രതിരിച്ചു. മൂന്നാംദിവസം അബ്രാഹം ദൃഷ്ടികളുയർത്തി ദൂരത്തുനിന്നു ബലിക്കു ഭഗവാൻ നിശ്ചയിച്ച മല കണ്ടു. ‘ഹോമബലിക്കു കുഞ്ഞാടെവിടെ’ എന്ന ഇസഹാക്കിന്റെ നിഷ്ക്കളങ്കത നിറഞ്ഞു നിന്ന ചോദ്യത്തിന് ‘എന്റെ മകനേ, നമ്മൾ ദൈവത്തിന്റെ കല്പന പ്രകാരമാണു ബലിയർപ്പിക്കാൻ പോകുന്നത്. തന്റെ ഹോമബലിക്കാവശ്യമുള്ള ആടിനെ ദൈവം അയച്ചുതന്നു കൊള്ളും’ എന്നു മറുപടി പറഞ്ഞു.
മലമുകളിലെത്തി അവർ. തീർത്തും വിജയമായൊരു പ്രദേശം. എങ്ങും നിറഞ്ഞ നിശ്ശബ്ദത. താഴ്വരയിലെ മാമരങ്ങളെ ഒരു മന്ദമാരുതൻ പോലും ചലിപ്പിക്കുന്നില്ല. പിതാവും പുത്രനുംകൂടി പർവതപ്പുറത്തു കല്ലുകൊണ്ടൊരു ബലിപീഠമുണ്ടാക്കി. ശേഖരിച്ചുകൊണ്ടുവന്നിരുന്ന വിറകെല്ലാം അതിന്മേൽ പാകത്തിന് അടുക്കിവച്ചു. പക്ഷേ, ആടെവിടെ?….വയോവൃദ്ധനായ അബ്രാഹം വിറയ്ക്കുന്ന കരങ്ങളിൽ കയറെടുത്തു. അപ്പോഴാണു യുവാവിനു കാര്യം മനസ്സിലായത്; താൻതന്നെയാണു ദൈവം അയച്ചിരിക്കുന്ന ആട്. പിതാവു തന്റെ ഓമനപുത്രനെ ബലിയർപ്പിക്കണം എന്നാണ് ദൈവത്തിന്റെ ഇത്തവണത്തെ കല്പന! അഗ്നിപരീക്ഷിണംതന്നെ.
‘ദൈവം തരുന്ന എല്ലാ നന്മകളെയുംകാൾ അവിടുത്തെ സ്നേഹിക്കണം’ എന്ന തന്റെ പിതാവിന്റെ പ്രബോധനം ഇസഹാക്കു സ്മരിച്ചു. അബ്രാഹം ഏറ്റം സ്നേഹിക്കുന്ന വസ്തു തന്റെ അരുമ സന്താനമാണ്. ആ വസ്തുവിനെ ഇപ്പോൾ ദൈവത്തിനു കൊടുക്കുന്നു. ആ പിതാവിന്റെ വിസ്മയാവഹമായ ദൈവസ്നേഹത്തിന്റെ മുമ്പിൽ ഇസഹാക്കു നമ്രശിരസ്കനായി. അവൻ തുടർന്നു ചിന്തിച്ചു. തന്റെ അമൂല്യനിധി തന്റെ ജീവനാണ്. ദൈവം അതു തന്നു. ഇപ്പോൾ തിരികെ ആവശ്യപ്പെടുന്നു. ദൈവത്തിന്റെ അഭിഷ്ടം! അതു നിറവേറട്ടെ….ഇസഹാക്കു കരചരണങ്ങൾ നീട്ടി വിറകിന്മേൽ കയറിക്കിടന്നു, ശവാസനസ്ഥനായ ഒരു യോഗിവര്യനെപ്പോലെ. കഴുത്തു ശരിക്കു നിവർത്തി കണ്ണടച്ചാണ് മുനീന്ദ്രൻ ശയിക്കുന്നത്. മനുഷ്യൻ സ്വയം ദൈവചിത്തത്തിനു സമർപ്പിക്കണം. അതാണ് യഥാർത്ഥ ദൈവസ്നേഹം! അതാണു പരമമായ ഭക്തിമാർഗ്ഗം. അതാണു ഹൃദയപൂർവ്വകമായ നന്ദി.
അബ്രാഹം വിറപൂണ്ട കരങ്ങളിൽ കത്തിയെടുത്തു. ഭയങ്കരനിമിഷങ്ങൾ! പെട്ടെന്നൊരു സ്വരം: ‘അബ്രാഹം, അബ്രാഹം!’.
‘കർത്താവേ, ഇതാ ഞാൻ’ ആ ബ്രഹ്മഭക്തൻ പതിവുപോലെ ഉത്തരം പറഞ്ഞു.
‘നീ കുട്ടിയോടു യാതൊന്നും ചെയ്യരുത്. നിന്റെ ഓമനമകനെപ്പോലും അഹൂതി ചെയ്യാൻ മടിക്കാതിരുന്നതുകൊണ്ട് നീ ദൈവഭക്തനാണെന്നു തെളിഞ്ഞിരിക്കുന്നു’. വൃദ്ധന്റെ ചങ്കിടിപ്പു പൂർവഗതിയെ പ്രാപിച്ചു. ഹൃദയം തണുത്തു. കത്തി ആളറിയാതെ തന്നെ നിലംപതിച്ചു. സന്തോഷത്തിന്റെ ഉന്മാദത്തള്ളലിൽ ഒന്നുംതന്നെ സംസാരിക്കാൻ കഴിഞ്ഞില്ലയാൾക്ക്. ഒരു നിമിഷം, ശിരസ്സു നമിച്ചു മകന്റെ കെട്ടഴിച്ചുവിട്ടു.
മരങ്ങളുടെയിടയിൽ എന്തോ ഒരു മർമ്മരശബ്ദം. അപ്പനും മകനും അങ്ങോട്ടു നോക്കി. അത്ഭുതമേ, ഒരു തടിയൻ മുട്ടാട് മരത്തിന്റെ ശിഖരങ്ങളിൽ കൊമ്പുടക്കി കിടക്കുന്നു. ‘തന്റെ ഹോമബലിക്കു ദൈവം ആടിനെ കരുതി’യിട്ടുണ്ട്. ഇസഹാക്ക് ഉന്മേഷഭരിതനായി ഓടി ആടിനെ പിടിച്ചു കൊണ്ടുവന്നു. അവർ അതിനെ ഹോമബലിയായി ദൈവത്തിനു സമർപ്പിച്ചു.
ഹോമബലി കഴിഞ്ഞപ്പോൾ ദൈവം അദ്ദേഹത്തോടും ചെയ്തിരുന്ന വാഗ്ദാനങ്ങൾ മോറിയാമലയുടെ ഉച്ചിയിൽ വീണ്ടും മുഴങ്ങി. ‘നിന്നെ ഞാൻ സമൃദ്ധമായി അനുഗ്രഹിക്കുകയും ആകാശനീലിമയിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽത്തരിപോലെയും നിന്റെ വംശപരമ്പരയെ വർദ്ധിപ്പിക്കുകയും ചെയ്യും. അവർ തങ്ങളുടെ ശത്രുക്കളുടെ ദേശം അവകാശമായി അനുഭവിക്കും. എന്റെ സ്വരം ശ്രവിച്ചതുകൊണ്ടു ശ്രീമത്ത് ധരിത്രിയിലെ സകലജാതി ജനങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും’.
‘ഭൂമിയിലെ സകല ജാതി ജനങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും’ എന്നു ദൈവം അരുളിചെയ്തതു മിശിഹായുടെ അവതാരത്തെക്കുറിച്ചാണ്. ജനകോടികളെ പാപത്തിന്റെ പിടിയിൽ നിന്നു മോചിക്കാൻ വരുന്ന ദൈവകുമാരൻ ഇസഹാക്കിന്റെ വംശത്തിൻ ജനിക്കും. രക്ഷകന്റെ കാരണവന്മാർ എന്ന ബഹുമതിയ്ക്ക് അബ്രാഹവും ഇസഹാക്കും പത്രീഭൂതരാകും. ഇസഹാക്കിന്റെ പൗത്രനായ യൂദായുടെ വംശത്തിലാണ് ദാവീദിന്റെ കുടുംബം. ആ കുടുംബത്തിൽ കന്യകയുടെ മകനായി മിശിഹാ ജനിക്കും. ‘നിന്റെ സന്തതിവഴി മാനവരാശി അനുഗ്രഹിക്കപ്പെടും’ എന്ന ആവിഷ്ക്കരണംവഴി ദൈവദൂതൻ സൂചിപ്പിച്ചത് ഈ സംഗതിയാണ്. അങ്ങനെ വാഗ്ദാനചരിത്രം മിഴിവും മൂല്യവും മഹനീയതയും പ്രാപിച്ചു.
പരാപരൻ തന്റെ വാഗ്ദാനങ്ങളിലെല്ലാം നിതരാം വിശ്വസ്തനാണ്. സമയത്തിന്റെ സമാപ്തിയിൽ രക്ഷകനായ ഈശ്വരൻ ലോകചരിത്രത്തിൽ അവതീർണ്ണനായി. ദൈവസ്നേഹോദ്ഭിന്നമായ രക്ഷയുടെ പ്രതീകവും യാഥാർത്ഥ്യവും വാഗ്ദാനം നിറവേറ്റലും രക്ഷാകരപദ്ധതിയുടെ കേന്ദ്രവുമാണു ക്രിസ്തു. ലോകചരിത്രത്തിൽ സച്ചിദാനന്ദന്റെ അസ്തിത്വാത്മക പ്രകാശനമാണ് അവിടുന്നെന്ന് സുപ്രസിദ്ധ ദൈവശാസ്ത്രപണ്ഡിതനായ കാൾറാനർ പറയുന്നു. സ്വയം ശാപവിഷയമായിക്കൊണ്ടു പാപത്തിന്റെ കരാളഹസ്തത്തിൽനിന്ന് മാനവവംശത്തെ അവിടുന്നു സ്വതന്ത്രമാക്കി. വിശദമായ പ്രസ്താവം അന്യത്ര പ്രതീക്ഷിക്കാം.
പഴയനിയമത്തിൽ വാഗ്ദാനത്തിന്റെ വിഷയം കാനാൻ ദേശമാണ്. പുതിയനിയമകാലത്തു ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഈശ്വരവാഗ്ദാനത്തിന്റെ വിഷയം സ്വർഗ്ഗമാകുന്ന പുതിയ ആകാശവും പുതിയഭൂമിയുമാണ്. ക്രിസ്തു തന്റെ ജീവിതവും ചെയ്തികളും പ്രത്യേകിച്ച്, പീഢാനുഭവവും കുരിശുമരണവും ഉത്ഥാനവുംവഴി സ്വർഗ്ഗപ്രാപ്തിക്കു മനുഷ്യനെ അർഹനാക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ ജീവിതത്തോടു താദാത്മ്യം പ്രാപിച്ച് പ്രതീക്ഷയിൽ നിന്നു നിർഗ്ഗളിക്കുന്ന ശക്തിചൈതന്യത്താൽ വേണം മനുഷ്യൻ അവന്റെ പരിപൂർണ്ണനികേതനമായ പുതിയ ഓർശ്ലത്ത് പ്രവേശിക്കാൻ.