വളരെ പ്രശസ്തമായൊരു ഗാനമാണ് ‘പന്തക്കുസ്ത നാലിൽ മുൻ മഴ പെയ്യിച്ച പരമപിതാവേ പിന്മഴ നൽകു’ എന്നത്. വർഷകാലത്തു ധാരാളം മഴ പെയ്യുമെന്നു നമുക്കറിയാം. എന്നാൽ മഴക്കാലമെല്ലാം കഴിഞ്ഞു വേനൽ കാലത്തേയ്ക്ക് പ്രവേശിക്കുമ്പോൾ ഇടയ്ക്കു വേനൽ മഴകളും ഉണ്ടാകാറുണ്ട്. കൊടും വേനലിൽ പെയ്യുന്ന മഴ മണ്ണിനും മനുഷ്യനും കുളിർമ്മ നൽകും. വേനൽ മഴ പെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്? നമ്മുടെ ദാഹവും പരവേശവുമെല്ലാം മാറും. വറ്റിവരണ്ട കിണറുകളിൽ ജലമെത്തും, വാടിപ്പോയ ചെടികളെലാം തളിരിടും. വരണ്ട മണ്ണിൽ ഒളിച്ചിരുന്ന വിത്തുകൾ പൊട്ടിമുളച്ചു വളരാൻ തുടങ്ങും… ഇതെല്ലം വേനൽമഴയിലൂടെ സംഭവിക്കുന്നതാണ്. ഇതുപോലെ പരിശുദ്ധാത്മാവ് എന്ന വേനൽമഴ വ്യക്തികളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ അവരിലോരോത്തരിലും സമൂഹത്തിലും മാറ്റമുണ്ടാകും. അതുവരെ ഉണ്ടായിരുന്ന വരണ്ടുണങ്ങിയ അവസ്ഥ മാറും, ജീവിതം കുളിര്മയുള്ളതാകും. അതുകൊണ്ടു നമ്മുടെ വളർച്ച മുരടിച്ച അവസ്ഥയ്ക്കും തളർച്ചയ്ക്കുമുള്ള ഏക പരിഹാരം ഒരു പുതിയ മഴ -പരിശുദ്ധാത്മാവിന്റെ പുത്തൻ മഴ- ഉണ്ടാവുക എന്നതാണ്.ആദ്യ നൂറ്റാണ്ടിൽ പെയ്ത മുന്മഴ പോലെ ഈ അവസാന കാലഘട്ടത്തിലും ഒരു പിന്മഴ നമ്മുക്കാവശ്യമാണ്. പുതിയൊരു പന്തക്കുസ്ത ആവശ്യമാണ്. വരണ്ടുണങ്ങിപോയതും നന്മ വറ്റിയതുമായ ജീവിതങ്ങൾ വീണ്ടും തഴച്ചു വളരാൻ നമുക്കിന്നൊരു മഴ ആവശ്യമാണ്. അതിനാൽ നമുക്കും പ്രാർത്ഥിക്കാം, ഒരു പിന്മഴയെ ഞങ്ങൾക്കായി അയക്കണമേ എന്ന്…
ബെന്നി പുന്നത്തറ, ശാലോം