ഓ, എല്ലാ ആത്മാക്കളും അവിടുത്തെ കാരുണ്യത്തെ മഹത്വപ്പെടുത്താൻ എത്ര തീക്ഷണമായ ഞാൻ ആഗ്രഹിക്കുന്നു. അവിടുത്തെ കാരുണ്യം വിളിച്ചപേക്ഷിക്കുന്ന ആത്മാക്കൾ എത്ര ഭാഗ്യപ്പെട്ടവർ! അവിടുത്തെ മഹത്വമായി ദൈവം അവരെ പരിപാലിക്കും. ദൈവത്തോട് മത്സരിക്കാൻ ആര് ധൈര്യപ്പെടും? എല്ലാ ആത്മാക്കളും തങ്ങളുടെ ജീവിതകാലം മുഴുവനും പ്രത്യേകിച്ച് മരണസമയത്തും അവിടുത്തെ അനന്ത കാരുണ്യത്തിൽ ശരണപ്പെട്ടുകൊണ്ട് അവിടുത്തെ കാരുണ്യത്തെ മഹത്വപ്പെടുത്തിയിരുന്നെങ്കിൽ! അതുകൊണ്ട് പ്രിയ ആത്മാവേ, നിങ്ങൾ ആരായിരുന്നാലും ഒട്ടും ഭയപ്പെടേണ്ട, ഏറ്റവും വലിയ പാപിയാണ് അവിടുത്തെ അന്തകാരുണ്യത്തിൽ ശരണപ്പെടുവാൻ ഏറ്റവും അർഹതയുള്ളവനെ. ഓ എന്റെ ദൈവമേ, അവിടുത്തെ നന്മ എത്രയോ അവർണ്ണനീയം. അവിടുന്നല്ലോ പാപികളിലേക്ക് ആദ്യം ഇറങ്ങിച്ചെല്ലുന്നത് (ഡയറി: 598 )
ഈശോ അരുളിച്ചെയ്തു: ആത്മാക്കളോടുള്ള പ്രത്യേകിച്ച് നീചപാപികളോടുള്ള അളവറ്റ കരുണയാൽ എന്റെ ഹൃദയം കവിഞ്ഞൊഴുകുന്നു. ഞാൻ അവരുടെ ഏറ്റവും നല്ല പിതാവാണെന്നും, നിറഞ്ഞൊഴുകുന്ന കരുണയുടെ സ്രോതസ്സിൽനിന്ന് അവർക്കുവേണ്ടിയാണ് രക്തവും വെള്ളവും പുറപ്പെടുന്നതെന്നും അവർ മനസ്സിലാക്കിയിരുന്നെങ്കിൽ. അവർക്കു വേണ്ടിയാണ് ഞാൻ കരുണയുടെ രാജാവായി സക്രാരിയിൽ വാഴുന്നത് (ഡയറി 167 ).
ആത്മാക്കൾക്കുവേണ്ടി എന്റെ ഹൃദയത്തിൽ ജ്വലിക്കുന്ന സ്നേഹത്തെപ്പറ്റി നീ കൂടുതൽ ആഴമായി അറിയണം. എന്റെ പീഡാനുഭവങ്ങളെപ്പറ്റി ധ്യാനിക്കുമ്പോൾ നിനക്ക് അത് മനസ്സിലാക്കാൻ സാധിക്കും. പാപികൾക്കുവേണ്ടി എന്റെ കരുണ യാചിക്കുക; അവരുടെ രക്ഷ ഞാൻ ആഗ്രഹിക്കുന്നു. ഏതെങ്കിലും ഒരു പാപിക്കുവേണ്ടി അനുതാപപൂർണ്ണമായ ഹൃദയത്തോടും വിശ്വാസത്തോടും കൂടി നീ ഈ പ്രാർത്ഥന ചൊല്ലുമ്പോൾ ഞാൻ അവനു മനസാന്തരത്തിനുള്ള കൃപ നൽകും. പ്രാർത്ഥന ഇതാണ്: (ഡയറി: 186 ). ഓ ഈശോയുടെ തിരുഹൃദയത്തിൽനിന്നു ഞങ്ങൾക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു. (ഡയറി: 187 )