ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽവന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും. അവൻ ഇതു പറഞ്ഞതു തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവ് നൽകപ്പെട്ടിട്ടില്ലായിരുന്നു. എന്തന്നാൽ, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല (യോഹ 7 :37 -39 ). മനുഷ്യാത്മാവ് ദാഹിക്കുന്നതു ദൈവത്തിനുവേണ്ടിയാണ്. ദൈവാത്മാവിനു വേണ്ടിയാണ്. സങ്കീർത്തകൻ ഈ സത്യം അതിസുന്ദരമായ ആവിഷ്കരിക്കുന്നത് സങ്കീ. 42 ലാണ്.”എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ” (സങ്കീ. 42:2)
യോഹ. 7:37-39 ൽ ജലം സൂചിപ്പിക്കുന്നത് പരിശുദ്ധാത്മാവിനെയാണ്. വി. ലിഖിതം പ്രസ്താവിക്കുന്നതുപോലെ എന്നത് എസെ. 47:1-9 ലാണ്. കവിഞ്ഞൊഴുകുന്ന നദിപോലെ പരിശുദ്ധാത്മാവ് നമ്മിൽ പാതാളത്തോളമല്ല മുട്ടോളമല്ല അരയോളമല്ല നിറഞ്ഞു കവിഞ്ഞൊഴുകണം. വലിയൊരു (cfr എസെ. 47:1-5) ജീവനദിയായി ഈ അവസ്ഥയിൽ കവിഞ്ഞൊഴുകണം. പരിശുദ്ധാത്മാവ് തന്നെയായിരിക്കും അനുഭവസ്ഥനെ നയിക്കുക, നിയന്ത്രിക്കുക, ഭരിക്കുക.
ആകയാൽ, ഇപ്പോൾ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവർക്കു ശിക്ഷ വിധിയില്ല. എന്തെന്നാൽ, യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു.ശരീരത്താൽ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത് ദൈവം ചെയ്തു. അവിടുന്നു തന്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തിൽ ശിക്ഷ വിധിച്ചു. ഇത് ശരീരത്തിന്റെ പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, ആത്മാവിന്റെ പ്രചോദനമനുസരിച്ചു ജീവിക്കുന്ന നമ്മിൽ നിയമത്തിന്റെ അനുശാസനം സഫലമാകുന്നതിനുവേണ്ടിയാണ്. എന്തെന്നാൽ, ജഡികമായി ജീവിക്കുന്നവർ ജഡികകാര്യങ്ങളിൽ മനസ്സുവയ്ക്കുന്നു. ആത്മീയമായി ജീവിക്കുന്നവരാകട്ടെ, ആത്മീയകാര്യങ്ങളിൽ മനസ്സുവയ്ക്കുന്നു. ജഡികാഭിലാഷങ്ങൾ മരണത്തിലേക്ക് നയിക്കുന്നു; ആത്മീയാഭിലാഷങ്ങൾ ജീവനിലേക്കും സമാധാനത്തിലേക്കും. ജഡികതാല്പര്യങ്ങളിൽ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണ്. അത് ദൈവത്തിന്റെ നിയമത്തിനു കീഴ്പ്പെടുന്നില്ല; കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. ജഡികപ്രവണതകൾക്കനുസരിച്ച് ജീവിക്കുന്നവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവത്തിന്റെ ആത്മാവ് യഥാർത്ഥമായി നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജഡികരല്ല, ആത്മീയരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളവനല്ല. എന്നാൽ, നിങ്ങളുടെ ശരീരം പാപംനിമിത്തം മൃതമാണെങ്കിലും ക്രിസ്തു നിങ്ങളിലുണ്ടെങ്കിൽ നിങ്ങളുടെ ആത്മാവ് നീതിനിമിത്തം ജീവനുള്ളതായിരിക്കും. യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുണ്ടെങ്കിൽ, യേശുക്രിസ്തുവിനെ ഉയർപ്പിച്ചവൻ നിങ്ങളുടെ മൃതശരീരങ്ങൾക്കും നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനാൽ ജീവൻ പ്രദാനം ചെയ്യും.
ആകയാൽ,സഹോദരരേ, ജഡികപ്രവണതകൾക്കനുസരിച്ചു ജീവിക്കാൻ നാം ജഡത്തിനുകടപ്പെട്ടവരല്ല. ജഡികരായി ജീവിക്കുന്നെങ്കിൽ നിങ്ങൾ തീർച്ചയായും മരിക്കും. എന്നാൽ, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാൽ നിഹനിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും . ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്,പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെയാണ് നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണ് നാം ആബാ-പിതാവേ-എന്ന് വിളിക്കുന്നത് നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവ് നമ്മുടെ ആത്മാവിനോടുചേർന്നു സാക്ഷ്യം നൽകുന്നു. നാം മക്കളെങ്കിൽ അവകാശികളുമാണ്: ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും. എന്തെന്നാൽ, അവനോടൊപ്പം ഒരിക്കൽ മഹത്വപ്പെടേണ്ടതിന് ഇപ്പോൾ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു (റോമാ. 8:1-17).
അങ്ങനെയാണ് “പരിശുദ്ധാത്മാവിന്റെ സംസ്കാരം നമ്മിൽ പ്രാബല്യത്തിൽ വരുക”. സമാന്തരമായും ഏറ്റം വിനാശകരമായും ഒരുവനിൽ ദൃഢമൂലമാകുന്ന “മരണസംസ്കാരവും” തഴച്ചു വളരുന്നതുകൊണ്ട്. ഇതിന്റെ വക്താക്കൾ തിന്മയുടെ ഉണർത്തു പാട്ടുപാടുന്നതിൽ അതിവിദഗ്ധരാണ്. അവർ പൂർണ്ണസ്വാതന്ത്ര്യത്തോടും വലിയ ആരവത്തോടും ചെയ്യുന്നവ തികച്ചും ജുഗുപ്സാവഹവും വിനാശകരവുമാണ്- “വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത,വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈ ദൃശ്യമായ മറ്റു പ്രവർത്തികളുമാണ്. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്നു മുമ്പ് നിങ്ങൾക്കു നൽകിയ താക്കീത് ഇപ്പോഴും ആവർത്തിക്കുന്നു (ഗല. 5:19-21)
തിന്മയെ താലോലിക്കുന്നവൻ, ഏറ്റം ഹീനമായ, അപലപനീയമായ ഗർഭഛിദ്രം നടത്തുന്നവർ, അഴിമതി, ‘ഫ്രണ്ട്ഷിപ്പ്’, ‘ചാറ്റിങ്’ (ഐ റ്റി ലോകത്തിന്റെ ദുരുപയോഗങ്ങൾ), വാട്സ് ആപ്പ് പ്രക്രിയ, നെറ്റ് സമസ്യ, പീഡനങ്ങൾ, തട്ടിപ്പ്, വെട്ടിപ്പ്, വഞ്ചന, വക്രത, ചതി, കുതന്ത്രങ്ങൾ ഇവയെല്ലാം. ലക്ഷങ്ങളും കോടികളും ആർഭാടനത്തിനുവണ്ടി- വിവാഹങ്ങൾ, മനസ്സമ്മതങ്ങൾ , മാമ്മോദീസാകൾ, ആദ്യകുർബാന സ്വീകരണങ്ങൾ- എല്ലാം മരണ സംസ്കാരത്തെ വിളിച്ചോതുന്നു. ആത്മീയതയിൽ വളരേണ്ട സമയത്തു ക്ഷണം നടത്തുന്നതിന് മാസങ്ങളോളം (വർഷം?) വ്യഗ്രചിത്തരായി അലഞ്ഞു തിരിയുന്ന വൈദികാർഥികൾക്കുവേണ്ടി ലക്ഷങ്ങൾ ലക്ഷങ്ങൾ സി സി കാമറ ഫ്ളക്സ് പ്രദർശങ്ങൾക്ക് -തിരുപ്പട്ടസ്വീകരണത്തോടനുബന്ധിച്ചു കാണുക എത്ര സങ്കടകരം! ബന്ധപ്പെട്ടുള്ള വാഹന സംസ്കാരം (ക്രെയ്സ് ). ചെവിയില്ലെന്നു തോന്നുമാർ , അഥവാ ചെവിവേദനയാണെന്നു തോന്നുമാറുള്ള മൊബൈൽ ദുരുപയോഗം, വിവാഹത്തിനു, യാതൊരു മാന്യതയുമില്ലാതെ വധുവിനെ അണിയിച്ചൊരുക്കളും മിനിമത്തേൽ നിർത്തുന്ന വസ്ത്രധാരണ ഫാഷനുകൾ, ഇവന്റ് മാനേജ്മെന്റ്, കോടികളുടെ പള്ളികൾ, ശത കോടികളുടെ ബസ്ലിക്കകൾ (ക്രിസ്ത്യാനിയുടെ സ്ഥാനത്തു ചർച്ചിയാനിറ്റി) ഇവയൊക്കെ മരണ സംസ്കാരത്തിന്റെ ഉത്തമോദാഹരണങ്ങളാണ്. തീർന്നിട്ടില്ല. സിമന്റ് (Cement),മെറ്റൽ(Metal),അയൺ(Iron) കെട്ടിട സമുച്ചയങ്ങളും അവ നടത്തുന്ന (പണം വാരിക്കൂട്ടുന്നതിനുവേണ്ടി മാത്രമുള്ള) സ്ഥാപനങ്ങൾ, ബാറുകൾ,ബ്ലെയിഡ് മാഫിയ,കൊട്ടേഷൻ സംഘങ്ങൾ. എല്ലാം മരണസംസ്കാരത്തിന്റെ അശുഭ സ്മാരകങ്ങളാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും “രക്ഷിക്കാൻ കഴിയാത്തവിധം കർത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല കേൾക്കാനാവാത്തവിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടുമില്ല” (ഏശ. 59:1). “ദുഷ്ടൻ മരിക്കുന്നതിലല്ല, അവൻ ദുഷ്മാർഗ്ഗത്തിൽനിന്നു പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്ക് സന്തോഷം. പിന്തിരിയുവിൻ. തിന്മയിൽനിന്നു നിങ്ങൾ പിന്തിരിയുവിൻ…. ദുഷ്ടൻ ദുർമാർഗ്ഗത്തിൽ നിന്ന് പിൻതിരിഞ്ഞാൽ അവൻ തന്റെ ദുഷ്ടതമൂലം നശിക്കുകയില്ല (എസെ. 33:11,12) രൂപാന്തരപ്പെട്ടു അത്തരം ജീവിതരീതികളും ശൈലികളും പരിശുദ്ധാത്മാവിന്റെ സംസ്കാരത്തിന്റെ മുഖ മുദ്രകളാണ്.