പരിശുദ്ധപിതാവ് കുറച്ചുനാളുകൾ മുമ്പ് വിശ്വാസികളെയെല്ലാവരെയും വേദനിപ്പിക്കേണ്ട ഒരു പ്രസ്താവന നടത്തി. എനിക്കു ഭയവും ആകുലതയും അനുഭവപ്പെടുന്നു. കാരണം, ഇന്നു വി.കുർബാന സ്വീകരിക്കുന്നവരുടെ എണ്ണം വളരെ വർദ്ധിച്ചിട്ടുണ്ട്. പക്ഷെ, കുമ്പസാരിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നു.
ഇങ്ങനെയൊരു പതിവുശീലത്തിന് അവരെ പ്രേരിപ്പിക്കുന്നത് പല കാരണങ്ങൾ ആകാം-പാപബോധം നഷ്ടപ്പെട്ടത്-ദൈവം ആര്, ദൈവവും മനുഷ്യനുമായ ഈശോ ആര് ഹൃദയത്തിൽ യാതൊരു ജ്വലനവും അനുഭവപ്പെടാത്തത്, ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യാത്തത്, ഒരു സ്റ്റാറ്റസ് സിമ്പലായി വിശുദ്ധ കുർബാന സ്വീകരണത്തെ കാണുന്നത്, മറ്റാരെയെങ്കിലും ബോധ്യപ്പെടുത്താൻ ഒക്കെയാകാം.
ഇവിടെ അത്യാവശ്യമായിരിക്കുന്നത്, ദൈവവുമായുള്ള, സ്നേഹവുമായുള്ള സമാഗമത്തിന്റെ അതിശയം അവർ മാത്രമല്ല, എല്ലാവരും, പുനർജ്ജീവിക്കുക എന്നതാണ്. വി.കുർബാന ഹൃദയംകൊണ്ട്, ഹൃദയത്തിൽ, അന്തരാത്മാവിൽ അനുഭവിക്കണം. അനുരഞ്ജനത്തിന്റെ കൂദാശ അടുക്കലടുക്കൽ സ്വീകരിക്കണം. കർത്താവിന് അനിഷ്ടമുളവാക്കുന്ന (ശരിക്ക് ആത്മശോധന ചെയ്താൽ, അവ ഒരു നൂറെണ്ണമാണെന്നു നമുക്കു കാണാം) പാപങ്ങളെല്ലാം പരിപൂർണ്ണമായി ക്ഷമിക്കാൻ ഈശോയോട് ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് അപേക്ഷിക്കുക. അങ്ങനെ ദിവ്യബലിയിൽ സജീവമായി പങ്കെടുക്കാൻ നമുക്കു സാധിക്കും.
നാമുമായി ഇടപെടുന്നവരോടു നല്ല രീതിയിൽ ഇടപെടാതിരിക്കുക, മറ്റുള്ളവരോടു കയർക്കുക, സമാധാനവും ക്ഷമയും നഷ്ടപ്പെടുത്തുക, ദിവ്യബലിക്കുമുമ്പ് കർത്താവിനോട് അവിടുത്തെ അരൂപിയെ അയയ്ക്കാൻ പ്രാർത്ഥിക്കാതിരിക്കുക, ആത്മീയ ഒരുക്കം ഇല്ലാതെ അത്ഭുതങ്ങളുടെ അത്ഭുതമായ ദിവ്യബലിയിൽ സംബന്ധിക്കുക-എല്ലാം ദൈവത്തെ വേദനിപ്പിക്കുന്നു. അവയെല്ലാം പാപമായതുകൊണ്ട് അനുതപിച്ച് അനുരഞ്ജനകൂദാശ സ്വീകരിക്കുക.
ദൈവം തരുന്ന അനുഗ്രഹങ്ങൾക്കു നന്ദി പറയാതിരിക്കുകയും പാപമാണ്. വചനം മുറിച്ചു വിളമ്പുക ദിവ്യബലിയുടെ അവശ്യഘടകമാണ്. ആ സമയത്തിനും കുർബാന ആരംഭിക്കുന്നതിനും മുമ്പു ദിവ്യബലിക്ക് അണയാതിരിക്കുന്നതും ശ്രദ്ധാപൂർവ്വം, ധ്യാനാത്മകമായി, പ്രാർത്ഥനാപൂർവ്വം വചനം ശ്രവിക്കാതിരിക്കുന്നതും ഗൗരവാവഹമായ വീഴ്ചകൾ തന്നെ. പ്രബോധനത്തിനും തെറ്റുതിരുത്തലിനും ആധ്യാത്മികവളർച്ചയ്ക്കും വികാസത്തിനും, പ്രത്യാശയ്ക്കും സ്നേഹത്തിനുമെല്ലാം അത്യന്താപേക്ഷിതമാണു ദൈവവചനം. ഫലം പുറപ്പെടുവിക്കാതെ വചനം തിരിച്ചുപോവുകയില്ലെന്നു സത്യവേദപുസ്തകം പറയുന്നുണ്ടെങ്കിൽത്തന്നെ, വചനത്തിനു ഹൃദയമടയ്ക്കുന്നവരിൽ അതു ഫലമൊന്നും പുറപ്പെടുവിക്കുകയില്ല. ഈശോയോ, അവിടുത്തെ വചനമോ, ഇതരപ്രസാദവരങ്ങളോ ആരിലേക്കും ഒരിക്കലും ഇടിച്ചുകയറുകയില്ല. സ്വതന്ത്രമായി ദൈവത്തിനു, വിശ്യഷ്യ, പരിശുദ്ധാത്മാവിനു ഹൃദയം തുറക്കുന്നവർക്കാണ് ഇവയെല്ലാം സമൃദ്ധമായി ലഭിക്കുക.