മനുഷ്യന്റെ ബുദ്ധിക്ക് പരിമിതികളുണ്ട്
കത്തോലിക്കാ സഭയുടെ വേദപാരംഗതൻ ആയ വിശുദ്ധ അഗസ്റ്റിനോസിനെ പറ്റി നാം കേട്ടിട്ടുണ്ട്. ബുദ്ധിരാക്ഷസനും ദൈവശാസ്ത്രജ്ഞനു മായിരുന്ന അദ്ദേഹം കുറെ നാളായി പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം എന്തെന്ന് അറിയുവാനായി തലപുകഞ്ഞ് ആലോചന യിലും പഠനത്തിലും ആയിരുന്നു. ദൈവം ഒന്നേയുള്ളൂ. എന്നാൽ ദൈവത്തിൽ മൂന്നു ആളുകൾ. ദൈവം ഒന്നേയുള്ളൂ വെങ്കിൽ അതിൽ മൂന്ന് പേർ എങ്ങനെ ഉണ്ടാവും… ഇനി മൂന്ന് പേരുണ്ടെങ്കിൽ അവർക്കെങ്ങനെ ഒരാളാവാൻ സാധിക്കും… ഇതും ആലോചിച്ച് അഗസ്റ്റിനോസ് ഒരിക്കൽ കടൽത്തീരത്തു കൂടി നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു കുട്ടി കടൽത്തീരത്ത് ഇരുന്ന് എന്തോ ചെയ്യുന്നതായി അഗസ്റ്റിനോസ് കണ്ടു. കുട്ടി ചെറിയ ഒരു കുഴി ഉണ്ടാക്കി അതിൽ ഒരു ചെറിയ കടൽ കക്ക ഉപയോഗിച്ച് കടൽ വെള്ളം കോരി ഒഴിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നു. അഗസ്റ്റിനോസ് കുട്ടിയോടു ചോദിച്ചു.’ മകനേ, നീ എന്ത് ചെയ്യുന്നു’. ‘ ഞാൻ ഈ കക്ക ഉപയോഗിച്ച് ഈ കടൽവെള്ളം മുഴുവൻ ഈ കുഴിയിൽ ആക്കാൻ പോവുകയാണ് ‘ കുട്ടി മറുപടിപറഞ്ഞു. ‘ ഒരിക്കലും സാധ്യമല്ല’ എന്ന് പറഞ്ഞ് അഗസ്റ്റിനോസ് കുട്ടിയെ കളിയാക്കി.’ ഈ കുഴിയിൽ നിറയ്ക്കുന്ന വെള്ളം എല്ലാം കടലിലേക്ക് പോവുകയല്ലേ ചെയ്യുന്നത് ‘. ഞാൻ ചെയ്യുന്ന ഈ പ്രവർത്തി അസാധ്യമാണെന്ന് തോന്നുന്ന അങ്ങയുടെ ബുദ്ധിയിൽ പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം കണ്ടുപിടിക്കാനുള്ള ശ്രമം അസാധ്യവും ബുദ്ധിശൂന്യതയും ആണ് ‘. ഇത് പറഞ്ഞ് കുട്ടി അപ്രത്യക്ഷമാവുകയും ചെയ്തു. മനുഷ്യരായ നമ്മുടെ ബുദ്ധിക്ക് പരിമിതികളുണ്ട്. ദൈവത്തിന് അസാധ്യമായിട്ടൊന്നുമില്ല താനും.