” നിങ്ങളുടെ പഴയ ജീവിതരീതിയിൽ നിന്നു രൂപംകൊണ്ട, വഞ്ചന നിറഞ്ഞ, ആസക്തികളാൽ കലുഷിതനായ പഴയമനുഷ്യനെ ദൂരെയെറിയുവിൻ, മനസ്സിൻറെ ചൈതന്യത്തിൽ നിങ്ങൾ നവീകരിക്കപ്പെടട്ടെ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിൻറെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ.” (എഫേ:4 :22 – 24 )
നിരന്തരം നവീകരിക്കപ്പെടുകയാണു ക്രൈസ്തവൻറെ പരമപ്രധാനമായ ഉത്തരവാദിത്വം. ഈ പ്രക്രിയ അനുസ്യൂതം, അനുനിമിഷം തുടർന്നു കൊണ്ടേയിരിക്കണം. നന്മ ചെയ്യുക, തിന്മ വർജ്ജിക്കുക ഈ പ്രക്രിയയാണ് ഓരോനിമിഷവും സംഭവിക്കേണ്ടത്. അനുനിമിഷം നടത്തുന്ന, നടത്തേണ്ട ഒരു തെരഞ്ഞെടുപ്പാണിത് , ഈ തെരഞ്ഞെടുപ്പു നടത്താതെ യഥാർത്ഥ ക്രൈസ്തവ ജീവിതം അസാധ്യമാണ്. ഈ തെരഞ്ഞെടുപ്പ് എപ്രകാരം നടത്തുന്നു ? അപജയങ്ങൾ സംഭവിച്ചിട്ടുണ്ടോ ? എന്നൊക്കെ സവിശേഷവും ആത്മാർത്ഥവുമായ ആത്മശോധനയിലൂടെ കണ്ടുപിടിക്കാനും തെറ്റുകൾ തിരുത്താനും കുറവു പരിഹരിക്കാനുമുള്ള അനന്യ സമയമാണ് നോമ്പുകാലം. മരുഭൂമിയിൽ 40 ദിനരാത്രങ്ങൾ മിശിഹാ നടത്തിയ ഉപവാസം ഇവിടെ നമുക്കു മാതൃകയാകുന്നു.
ഏതൊരു വിശ്വാസിയും മനസ്സിൻറെ ചൈതന്യത്തിൽ നവീകരിക്കപ്പെട്ടു പുതിയ സൃഷ്ടിയാകണം. “അതിനാൽ വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയല്ക്കാരോട് സത്യം സംസാരിക്കണം. കാരണം നാം ഒരേ ശരീരത്തിൻറെ അവയവങ്ങളാണ്. കോപ്പിക്കാം; എന്നാൽ പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതു വരെ നീണ്ടുപോകാതിരിക്കട്ടെ. സാത്താന് നിങ്ങൾ അവസരം കൊടുക്കരുത്. മോഷ്ടാവ് ഇനിമേൽ മോഷ്ടിക്കരുത്. അവൻ ഇല്ലാത്തവരുമായി പങ്കുവയ്ക്കാൻ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകൾ കൊണ്ട് മാന്യമായ ജോലിചെയ്യട്ടെ. നിങ്ങളുടെ അധരങ്ങളിൽ നിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. കേൾവിക്കാർക്ക് ആത്മീയ ചൈതന്യം പ്രദാനം ചെയ്യുന്നതിനായി അവരുടെ ഉന്നതിക്കുതകും വിധം നല്ല കാര്യങ്ങൾ സന്ദർഭമനുസരിച്ചു സംസാരിക്കുവിൻ. രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിൻറെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്. സകല വിദ്വേഷവും ക്ഷോഭവും ക്രോധവും അട്ടഹാസവും ഭൂഷണവും എല്ലാ തിന്മകളോടുകൂടെ നിങ്ങൾ ഉപേക്ഷിക്കുവിൻ. ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ. (എഫേ:4:25 -32 )