ചൈനയിൽ കടുത്ത മതപീഡനം നടന്ന ഒരു കാലം. പീഡനം അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്ന ഒരു ഗ്രാമത്തിന്റെ അരുമമകളായിരുന്നു, ഫ്രാൻസെസ്ക്കാ. പന്ത്രണ്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആ പെൺകുട്ടി പരിശുദ്ധകുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ പ്രത്യേകഭക്തയായിരുന്നു. ഫ്രാൻസെസ്ക്കായും കുടുംബവും മാത്രമല്ല, അവിടെയുള്ള മറ്റ് ഒട്ടനവധി കുടുംബങ്ങളും അതീവ തീക്ഷ്ണമതികളായ കത്തോലിക്കരായിരുന്നു. അവർക്കു ദിവ്യബലിയർപ്പിക്കുന്നതിനും മറ്റ് ആധ്യാത്മികാഭ്യാസങ്ങൾക്കുമായി ഒരു ദൈവാലയം അവർ കണ്ണിലുണ്ണിപോലെ കാത്തുസൂക്ഷിച്ചിരുന്നു. മതപീഡനം തുടർക്കഥയായിരുന്നതുകൊണ്ട് ക്രിസ്ത്യാനികൾ തങ്ങളുടെ ദൈവാലയങ്ങളുടെ കാര്യത്തിൽ രഹസ്യാത്മകത പാലിച്ചിരുന്നു.
എങ്കിലും പട്ടാളക്കാർ ഫ്രാൻസെസ്ക്കായുടെ പരിപാവനമായ ഇടവക ദൈവാലയം കണ്ടുപിടിച്ചു. തൽക്ഷണം അവർ ആ ദൈവാലയം ഭേദിച്ച് അകത്തു കടന്ന് സക്രാരി തുറന്ന് കുസ്തോദിയെടുത്ത് അതിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തികൾ ദൈവാലയത്തിൽ വാരിവിതറി. വിവരമറിഞ്ഞു ദൈവാലയത്തിലെത്തിയ വിശ്വാസികളെയെല്ലാം വെടിവച്ചുകൊന്നു. അറിഞ്ഞു കേട്ടുവന്നവർക്കെല്ലാം മുൻഗാമികളുടെ അതേ അനുഭവം തന്നെ ഉണ്ടായി. ദൈവാലയവും പരിസരവും രക്തപ്പുഴയായി. തിന്മയുടെ ഈ താണ്ഡവനൃത്തം സായംകാലം വരെ തുടർന്നു. ആ ഇടവകയിലെ കുടുംബനാഥൻമാരും, യുവാക്കന്മാരും, എല്ലാവരും തന്നെ, പീഡകരുടെ നിറതോക്കിനിരയായി.
അവശേഷിച്ച വിശ്വാസികൾ പ്രാർത്ഥനയിലും പരിത്യാഗപ്രവൃത്തികളിലും വ്യാപൃതരായി ജീവിച്ചുപോന്നു. പട്ടാളക്കാർ പരിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയെ അങ്ങേയറ്റം അവഹേളിച്ച വാർത്ത ഫ്രാൻസെസ്കായുടെ മനസ്സിനെ അത്യന്തം വേദനിപ്പിച്ചു. പിറ്റേദിവസം അതിരാവിലെ അവൾ വളരെ രഹസ്യമായി പള്ളിയിലെത്തി. ദൈവകൃപയാൽ ആ സമയത്തു പള്ളിപ്പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. അവൾ വേഗം അകത്തുകയറി, മുട്ടുകുത്തി, അവഹേളിതനായി പള്ളിക്കുള്ളിൽ കിടന്നിരുന്ന ഈശോയെ ഭയഭക്ത്യാദരവുകളോടെ ആരാധിച്ചു. ഈ സമയമെല്ലാം അവൾ കരയുകയായിരുന്നു.
ദൈവാലയത്തിനുള്ളിൽ മുട്ടിന്മേൽ നിന്ന് കണ്ണീരൊഴുക്കി ദിവ്യകാരുണ്യ ഈശോയെ ആരാധിച്ചുകൊണ്ടിരുന്ന ആ പെൺകുട്ടിയെ മതപീഡകർ ആരെങ്കിലും കണ്ടിരുന്നെങ്കിൽ അവൾക്കു നേരെ അവർ നിറയൊഴിക്കുമായിരുന്നു. ദൈവത്തിന്റെ അനന്തപരിപാലനയിൽ അന്ന് ആരും അവളെ കണ്ടില്ല. അവൾ കുറച്ചു സമയം ദിവ്യനാഥനെ ആരാധിച്ചശേഷം വലിയ സ്നേഹത്തോടെ കുമ്പിട്ട് ഒരു തിരുവോസ്തി നാവുകൊണ്ടെടുത്തു ഭക്ഷിച്ചു. അനന്തരം അവൾ വീട്ടിലേക്കു മടങ്ങി. ഇപ്രകാരം ഇരുപത്തൊമ്പതു ദിവസം ഈശോയെ ആരാധിക്കാനും സ്നേഹവായ്പ്പോടെ ഹൃദയത്തിൽ സ്വീകരിക്കാനും അവൾക്കു സാധിച്ചു.
മുപ്പതാം ദിവസം പതിവുപോലെ അതിരാവിലെ അവൾ ദൈവാലയത്തിനുള്ളിൽ പ്രവേശിച്ച് ദിവ്യനാഥനെ അൽപ്പസമയം ആരാധിച്ചുകൊണ്ടിരുന്നു. ആ സമയത്ത് തോക്കുധാരികളായ രണ്ടു പട്ടാളക്കാർ പള്ളിക്കുള്ളിൽ പ്രവേശിച്ചുവെന്ന് അവൾ മനസ്സിലാക്കി. ആരാധന അവസാനിപ്പിച്ചതിനുശേഷം അത്യാദരവോടും അത്യഗാധമായ സ്നേഹത്തോടും, ലോകപാപത്തിനു പരിഹാരം പ്രാർത്ഥിച്ചുകൊണ്ടും, അവൾ കുമ്പിട്ട് തന്റെ സർവ്വസ്വവുമായ കർത്താവിനെ, തിരുപ്പാഥേയമാക്കി, നാവ് ഉപയോഗിച്ച്, ഹൃദയത്തിൽ സ്വീകരിച്ചു. ആ കുഞ്ഞുമാലാഖായുടെ ഇരുവശങ്ങളിലായി നിലയുറപ്പിച്ച കഠിനഹൃദയരായ ആ കശ്മലൻമാർ അവളുടെ ഇരുതോളിനും താഴെ ഉന്നം വച്ചു നിറയൊഴിച്ചു. ‘ഈശോ’ എന്നുറക്കെ നിലവിളിച്ചുകൊണ്ട് അവൾ മരിച്ചു വീണു. അവളുടെ പാവനാത്മാവു നിത്യസൗഭാഗ്യം, നിത്യജീവൻ, സ്വർഗ്ഗം, പ്രാപിച്ചു. പരിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയിലുള്ള അത്യഗാധമായ വിശ്വാസവും അവിടുത്തെ വാഗാദാനങ്ങളിലുള്ള നിറഞ്ഞ പ്രത്യാശയും അവിടത്തോടുള്ള അതിരുകളില്ലാത്ത സ്നേഹവുമാണ് രക്തസാക്ഷി മകുടം ചൂടാൻ ഫ്രാൻസെസ്ക്കായെ പ്രേരിപ്പിച്ചതെന്ന സത്യം അനുക്തസിദ്ധമാണല്ലോ.
ഒരു ക്രിസ്ത്യാനിക്ക് പരിശുദ്ധ ത്രിത്വത്തിനു നൽകാവുന്ന പരമാരാധനയാണ്, അനുപമമായ കൃതജ്ഞതാ പ്രകാശനമാണ്, സമുന്നത സ്തുതിപ്പാണ്, പ്രത്യാശാനിർഭരമായ പാപപ്പരിഹാരയാചനയാണ്, സ്നേഹം തന്നെയായ പരിശുദ്ധ ത്രിത്വത്തോടുള്ള പരമോന്നത സ്നേഹപ്രകാശനമാണ്, അവിടുന്നുമായുള്ള അതിവിശുദ്ധമായ കൂട്ടായ്മയാണ് പരിശുദ്ധകുർബാന. ഒപ്പം, പരിശുദ്ധ ത്രിത്വത്തിനു മനുഷ്യമക്കളോടുള്ള അനന്തമായ, നിത്യമായ, അതുല്യമായ സ്നേഹത്തിന്റെ സുമോഹനസമ്മാനവുമാണു പരിശുദ്ധ കുർബാന. പരിശുദ്ധ കുർബാനയിൽ, പരിശുദ്ധകുർബാനയിലൂടെ പരമകാരുണികനായ പരമോന്നതൻ പാപിയായ മനുഷ്യനോടു കാണിക്കുന്ന സ്നേഹാതിരേകം പരമദിവ്യകാരുണ്യം ആവിഷ്കരിക്കാൻ പരിമിതവിഭവനായ മനുഷ്യന് പറ്റിയ വാക്കുകളില്ല. അവൻ എന്തൊക്കയോ പറഞ്ഞു വയ്ക്കുന്നുവെന്നുമാത്രം. ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹം അവർണ്ണനീയവും വർണ്ണനാതീതവുമാണ്.
ദൈവം പരിശുദ്ധകുർബാനയിലൂടെ മനുഷ്യരിലേക്ക് ഒഴുക്കുന്ന സ്നേഹസാഗരത്തിന്റെ ആഴം മനസ്സിലാക്കാൻ ആർക്കും സാധിക്കുകയില്ല. എങ്കിലും തുടർന്നു പ്രതിപാദിക്കുന്ന സംഭവങ്ങൾ അല്പമൊരു സൂചന നൽകിയേക്കും. പട്ടിണികൊണ്ടു പിടഞ്ഞു മരിക്കാൻപോകുന്ന തന്റെ കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ പെലിക്കൻ പക്ഷി ചെയ്യുന്ന സ്നേഹയാഗം ദൈവത്തിന്റെ ഈ മഹാസ്നേഹത്തിന്റെ പ്രതീകമായി പരമ്പരാഗതമായി കരുതിപ്പോരുന്നു. നമ്മുടെ പല അൾത്താരകളിലും ഇതിന്റെ ചിത്രീകരണം നമുക്കു കാണാം. തള്ളപ്പെലിക്കൻ തന്റെ ചുണ്ടുകൊണ്ട് സ്വന്തം ചങ്കു കുത്തിപ്പൊട്ടിച്ച് ആ ചങ്കിലെ ചോര കൊടുത്തു കുഞ്ഞുങ്ങളെ മരണത്തിൽനിന്നു രക്ഷിച്ചിട്ട് മരിച്ചു വീഴുന്നു! തന്റെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സ്വരക്തം ഊറ്റിക്കൊടുക്കുന്ന പെലിക്കൻ പക്ഷി! മനുഷ്യർക്കുവേണ്ടി 28430 തുള്ളി രക്തം ചിന്തി കാൽവരിയിൽ മരിക്കുകയും പരിശുദ്ധ കുർബാനയിലൂടെ ആ മരണം അനുനിമിഷം ആവർത്തിക്കുകയും ചെയ്യുന്ന, തന്റെ തിരുശരീരരക്തങ്ങൾ മനുഷ്യർക്കു ഭക്ഷണപാനീയങ്ങളായി നൽകി അവരെ നിത്യജീവന്റെ അവകാശികളാക്കുന്ന ദിവ്യഈശോയുടെ, സ്നേഹഈശോയുടെ, ഒരു സുന്ദരപ്രതീകം തന്നെയല്ലേ പെലിക്കൻ?.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട കാലം. ജപ്പാനിലെ ഒരു ഗ്രാമം മുഴുവൻ യുദ്ധത്തിന്റെ കെടുതിയിൽ ഞെരിഞ്ഞമർന്നു. പട്ടിണിയും പകർച്ചവ്യാധികളും പലവിധ ഇതരരോഗങ്ങളും മൂലം നൂറുകണക്കിനാളുകൾ ദിനംപ്രതി മരിച്ചുവീഴുകയാണ്. എല്ലായിടത്തും നിസ്സഹായത. മരിച്ചുവീഴുന്ന മനുഷ്യശരീരങ്ങൾ മറവുചെയ്യാൻപോലും ആളുകളില്ല. മരണത്തിന്റെ വായിൽ നിന്നു കഷ്ടി രക്ഷപെട്ടു നിൽക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണു ചുവടെ ചേർക്കുന്നത്. അവിടെ അപ്പനും അമ്മയും അഞ്ചു മക്കളുമായിരുന്നു. മാതാപിതാക്കളുടെ അതീവശ്രദ്ധയും കഠിനാധ്വാനവും വഴി കുടുംബം മുമ്പോട്ട് ഇഴഞ്ഞു നീങ്ങുകയാണ്. രണ്ടുമൂന്നു ദിവസമായി അവരും കൊടും പട്ടിണിയിലായിട്ട്. മാതാപിതാക്കളുടെ പരിശ്രമങ്ങളൊന്നും വിജയിക്കുന്നില്ല. ഒരു സായംകാലത്ത് വിശന്നുപൊരിയുന്ന കുട്ടികൾ വാവിട്ടു കരയുകയാണ്. അവർ ചീരപോലെ തളർന്നു കിടക്കുന്നു.
ഈ ദൃശ്യം കണ്ടു സഹിക്കാനാവാതെ, വേദനയിൽ ഉഴലുന്ന പിതാവ് കുടുംബനാഥയോടു പറഞ്ഞു: ‘അടുത്തൊരു കടയിൽ ഇറച്ചി കിട്ടുമെന്നു കേട്ടു. ഞാനൊന്നു പോയി അന്വേഷിക്കട്ടെ’. അയാൾ പോയി അധികം വൈകാതെ തന്നെ മടങ്ങി വന്നു; കൈയിൽ ഒരു പൊതി മാംസവുമുണ്ടായിരുന്നു. ജീവിതപങ്കാളിയെ വിളിച്ച് പൊതി ഏല്പിച്ചിട്ട് അയാൾ നിർദ്ദേശിച്ചു: ‘വേഗം ഇതു പാകം ചെയ്ത് കുഞ്ഞുങ്ങൾക്ക് കൊടുക്കുക. ഞാനൊന്നു പുറത്തുപോയിട്ട് താമസിയാതെ മടങ്ങിവരാം’. ഇത്രയും പറഞ്ഞിട്ട് ആ കുടുംബനാഥൻ അപ്രത്യക്ഷനായി. എന്തോ പന്തികേടു തോന്നിയ മൂത്തമകൻ താമസംവിനാ വീടിനു പുറത്തേയ്ക്കിറങ്ങി. അപ്പനെക്കുറിച്ച് അവന്റെ മനസ്സിൽ ആശങ്കകൾ ഉണ്ട്. അവന്റെ കണ്ണുകൾ അത്യാകാംക്ഷയോടെ പറക്കുകയാണ്.
അപ്പോൾ അവരുടെ ഔട്ട്ഹൗസിൽ നിന്ന് ഒരു അപസ്വരം അവൻ കേട്ടു. അവൻ അങ്ങോട്ടു കുതിച്ചു. അവൻ കണ്ട ദയനീയ ദൃശ്യം ഹൃദയഭേദകമായിരുന്നു. അവനു ജന്മം നൽകിയ, അവനെ പൊന്നുപോലെ വളർത്തിയ, വാത്സല്യംകൊണ്ട് അവനെ വാരിപ്പൊതിഞ്ഞിരുന്ന, സ്നേഹധനനായ, ത്യാഗമൂർത്തിയായ, നിസ്വാർത്ഥനായ അവന്റെ പിതാവു രക്തംവാർന്നു മരിച്ചുകൊണ്ടിരിക്കുന്നു! വാവിട്ടു നിലവിളിച്ചുകൊണ്ട് ഒരു നിരീക്ഷണം നടത്തിയപ്പോൾ അവനു മനസ്സിലായത് തന്റെ പിതാവിന്റെ ഇരുതുടയിൽ നിന്നും മാംസം വാർന്നെടുത്തിരിക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ്. അവനും സഹോദരങ്ങൾക്കും ഭക്ഷണമായി അപ്പൻ അമ്മയെ ഏൽപ്പിച്ചതു സ്വരീരരക്തങ്ങളാണെന്ന തിരിച്ചറിവും അവനുണ്ടായി. അവന്റെ അമ്മയും സഹോദരങ്ങളും അയൽക്കാരും ഓടിയെത്തി. ഇതിനകം ആ രക്തസാക്ഷിയുടെ പാവനാത്മാവ് തന്റെ നിത്യവസതിയിലേക്കു പറന്നുയർന്നിരുന്നു. തന്റെ മക്കൾ മരിക്കാതെ ജീവിക്കാൻ വേണ്ടി സ്വശരീരക്തങ്ങൾ മുറിച്ചുവിളമ്പിക്കൊടുത്ത ഈ മഹാനെ, ഈ ധീരരക്തസാക്ഷിയെ, നാമാരും മറക്കാനിടയില്ല.
നാം പരാമർശിച്ച ആ പിതാവിനു തന്റെ മക്കളോടുള്ള സ്നേഹത്തെ, പരിമിതമായ അർത്ഥത്തിൽ, അത്യത്ഭുതാവഹമെന്നു വിശേഷിപ്പിക്കാൻ സാധിക്കും. എങ്കിൽ, മാനവരാശിക്കു മുഴുവനായി, പരിശുദ്ധ കുർബാനയിൽ തന്നെത്തന്നെ, നിത്യം മുറിച്ചു, വിഭജിച്ചു വിളമ്പുന്ന ഈശോയുടെ സ്നേഹം എത്ര അഗാധം! എത്ര മഹനീയം! ‘ആരുണ്ടിതുപോലെന്നെ സ്നേഹിക്കാൻ/ ജീവൻ നൽകി രക്ഷിക്കാൻ!’
നാമെല്ലാവരും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരു വലിയ സ്നേഹത്തിന്റെ കഥ കൂടി പറയാം. ഈ സ്നേഹം അനുഭവിക്കാത്ത മനുഷ്യവ്യക്തികൾ ആരുമില്ല. നാമോരോരുത്തരും നമ്മുടെ അമ്മയുടെ ഉദരത്തിൽ, ഒരിഞ്ചിന്റെ നാനൂറിലൊന്നു വലിപ്പത്തിൽ, നഗ്നനേത്രങ്ങൾക്കു പൂർണ്ണമായും അദൃശ്യമായി, ഉരുവായവരാണ്. ഓരോരുത്തരെ സംബന്ധിച്ചും അതു നിമിഷങ്ങളുടെ നിമിഷങ്ങളുടെ നിമിഷമാണ്. സർവ്വശക്തന്റെ സ്നേഹഹൃദയത്തിൽ നിന്നു നാം ഭൗമികാസ്തിത്വം സ്വീകരിച്ച നിമിഷം! അവിടുത്തെ അനന്തസ്നേഹത്തിലും അനന്തപരിപാലനയിലും അനന്തപരിലാളനയിലുമാണ് ഈ മംഗളകർമ്മം നടന്നത്. 9 മാസവും 9 നാഴികയും 9 വിനാഴികയും നാം നമ്മുടെ അമ്മയുടെ ഉദരത്തിലായിരുന്നു. ഈ കാലഘട്ടത്തിൽ നാം പൂർണ്ണശിശുത്വത്തിലേക്കു വളരുകയായിരുന്നു. ദൈവത്തിന്റെ കരങ്ങളിലിരുന്നാണു നാം വളർന്നത്. ഈ വളർച്ച കൈവരുത്താൻ കർത്താവ് ആരെയാണ് ഉപകരണമാക്കിയത്. നമ്മുടെ പ്രിയപ്പെട്ട അമ്മയെത്തന്നെ. അമ്മ എങ്ങനെയാണു നമ്മെ വളർത്തിയത്? സ്വന്തം ശരീരരക്തങ്ങൾ നമ്മുടെ പുക്കിൾക്കൊടിയാകുന്ന കാസായിൽ അനുനിമിഷം സമർപ്പിച്ചു, സമർപ്പിച്ച്. ഇത് അത്ഭുതങ്ങളുടെ അത്ഭുതമല്ലെ?
നിരുപമസ്നേഹം, സമാനതകളില്ലാത്ത ത്യാഗം, അനന്യ സഹനം, നിതാന്തശ്രദ്ധ, കരുതൽ, മധുരോദാരമായ പരിരക്ഷയും പരിഗണനയും, സർവ്വോപരി ഉള്ളുരുകിയ പ്രാർത്ഥന ഇവയൊക്കെ ഈ പ്രേമപ്രക്രിയയ്ക്കു പിന്നിലുണ്ട്. ഓരോ മകനും മകളും തന്റെ അമ്മ തനിക്കായി ചെയ്തതെല്ലാം ഓർമ്മയിൽ സൂക്ഷിച്ച് പുത്ര, പുത്രീ സഹജമായ സ്നേഹത്തോടെ, ഹൃദയംഗമമായ നന്ദിയോടെ, വലിയ കരുതലോടെ ആയിരിക്കണം അമ്മയോട് ഇടപെടുക. ഇങ്ങനെ അമ്മയെ കരുതാത്തവർ, ഈശ്വരതുല്യം അമ്മയെ ആദരിക്കാത്തവർ, അമ്മയ്ക്കുവേണ്ടി എന്തു ത്യാഗവും അനുഷ്ഠിക്കാൻ സന്നദ്ധത കാണിക്കാത്തവർ, തങ്ങളുടെ അക്ഷന്തവ്യമായ കൃത്യവിലോപത്തിനു ദൈവതിരുമുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടി വരും.
‘മാതാ, പിതാ, ഗുരു, ദൈവോ ഭവഃ’.
പിറന്നു വീഴുന്ന നിമിഷംവരെ മാത്രമല്ല നമ്മുടെ അമ്മ തന്റെ ശരീരരക്തങ്ങൾ നമുക്കു പകർന്നുതരുന്നത്. അമ്മ നൽകുന്ന അതിവിശിഷ്ടമായ അമ്മിഞ്ഞപ്പാൽ അമ്മയുടെ മാംസനിണങ്ങളുടെ തദ്ഭവരൂപമാണ്. നമ്മുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ബൗദ്ധിമ, മാനസിക വികാസങ്ങൾക്കമെല്ലാം ഈ ദിവ്യ ഔഷധം അത്യന്താപേക്ഷിതമാണ്. അമ്മയുടെ സ്വയംദാനത്തിനു പരിമിതികളുണ്ടെന്ന സത്യം എടുത്തുപറയേണ്ടിയിരിക്കുന്നു. നമ്മുടെ വളർച്ചയുടെ ഒരു ഘട്ടം വരെ മാത്രമേ മുലപ്പാൽ തന്നു നമ്മെ വളർത്താൻ അമ്മയ്ക്കു സാധിക്കുകയുള്ളൂ. എന്നാൽ, അപരിമേയനായ കർത്താവ് തന്റെ തിരുശരീരരക്തങ്ങൾ നമ്മുടെ ആത്മാവിന്റെ ഭോജനമായി അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിൽ നിത്യമായി നമുക്കു നൽകുന്നു. അവിടുത്തെ ആത്മദാനത്തിന്റെ അന്തസാരവും ആകെത്തുകയുമാണ് പുൽക്കൂടും കാൽവരിയും.
ഉള്ളിലൊരൾത്താരയുണ്ടാകണം
ദൈവത്തിന്റെ സ്നേഹം കാച്ചിക്കുറുക്കി അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിലാക്കിയിരിക്കുന്നതാണ് പരിശുദ്ധകുർബാന. ഇതിനോടു കിടപിടിക്കുന്നതൊന്നുമില്ല. ഇത്ര അതുല്യവും അഗ്രാഹ്യവും അനന്തവും സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവും ആയി മറ്റൊന്നില്ല. സർവ്വശ്രേഷ്ഠമായ ഈ ആരാധന, സ്തുതിപ്പ്, കൃതജ്ഞത, പാപപ്പരിഹാരം, അനുഗ്രഹസ്രോതസ്സ് നമ്മെ അടിമുടി ഗ്രസിക്കുന്നുണ്ടോ? പാലാരൂപതയിൽപ്പെട്ട (അന്നു ചങ്ങനാശ്ശേരി) ഒരു പുരാതന കുടുംബമാണ് തലച്ചിറ. നിരവധി വൈദികർക്കു ജന്മം കൊടുത്ത ഈ കുടുബത്തിലെ ഒരു മകൻ ചങ്ങനാശ്ശേരി മൈനർ സെമിനാരിയിലും ആലുവാ മേജർ സെമിനാരിയിലും പഠിച്ച്, ആ സെമിനാരിയിൽവച്ചുതന്നെ പട്ടം സ്വീകരിച്ച്, സെമിനാരി ചാപ്പലിൽ പുത്തൻ കുർബാനയും ചൊല്ലി. പുത്തൻകുർബാന ചൊല്ലാൻ, സ്വന്തം ഇടവകയിൽ പോകുമ്പോൾ വാഹനാപകടത്തിൽ ആ നല്ല വൈദികൻ മരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്ക്കാര ശുശ്രൂയ്ക്കുശേഷം ഭാഗ്യസ്മരണാർഹനായ കാളാശ്ശേരി പിതാവ് അദ്ദേഹത്തിന്റെ ഡയറി പരിശോധിച്ചപ്പോൾ, അതിൽ അവസാനമായി എഴുതിയിരുന്നത് ‘എന്റെ ദൈവമേ, ഒരു കുർബാന ചൊല്ലിക്കഴിഞ്ഞു മരിക്കാനും ഞാൻ സന്നദ്ധനാണ്’ എന്നാണ്. പരിശുദ്ധ കുർബാനയുടെ അമൂല്യത മനസ്സിലാക്കിയ വൈദികൻ! അച്ചന്റെ വിശിഷ്ടമായ ഓർമ്മയ്ക്കു മുമ്പിൽ പ്രണാമം!
പരിശുദ്ധകുർബാനയിൽ എന്താണു സംഭവിക്കുക? രാജാധിരാജൻ വിനീതനായി, സ്വയം ശൂന്യനായി നമ്മെത്തേടി അണയുന്നു. പാപിക്കും രോഗിക്കും സൗഖ്യമേകാൻ, അന്ധനും ബധിരനും മോചനമേകാൻ, തളർന്ന മനസ്സുകൾക്കു നവോത്ഥാനം നൽകാൻ, ദിവ്യബലിയിൽ ഈശോ എഴുന്നള്ളുന്നു. സ്നേഹം മാത്രം പകർന്നീടാൻ, ജീവൻ പോലും നൽകീടാൻ, തകർന്ന ഹൃദയങ്ങൾക്കു ശാന്തിയായി, അവിടുന്നു വരുന്നു. മനുഷ്യൻ മുറിയുമ്പോൾ പരിശുദ്ധ കുർബാനയിലെ ഈശോ ആ മുറിപ്പാടിൽ സ്വന്തം മുഖം പതിപ്പിച്ച് സ്നേഹവും സൗഖ്യവും ശാന്തിയും പകരുന്നു. നാം നമ്മെത്തന്നെ മുറിച്ചു, വിഭജിച്ചു പങ്കിടുകയാണെങ്കിൽ, നാമും കുർബാനയാകും. അവിടുന്നു തന്നെത്തന്നെ നമുക്കു പങ്കുവച്ചു തരുന്നു. നമ്മുടെ ജീവിതം അവിടുത്തേക്കു സമർപ്പിച്ചാൽ, അവിടുന്നു ശാശ്വത ജീവൻ നമുക്കു പകർന്നു തരും.
കുരിശിൽ ജീവൻ നമുക്കായി ഹോമിച്ചവൻ അൾത്താരവേദിയിലും അനുദിനവീഥിയിലും നമ്മോടുകൂടെയുണ്ട്: ‘അമ്മനുഏൽ’. അവിടുത്തേക്ക് നമ്മോടുള്ള സ്നേഹം അവിടുന്ന് അൾത്താരയിൽ രക്തവും മാംസവുമായി രൂപാന്തരപ്പെടുത്തി, നമുക്കായി വിളമ്പുന്നു. അനുദിനജീവിതവീഥിയിൽ താങ്ങായ്, തണലായ് അവിടുന്നു നമ്മോടു കൂടെ നടക്കുന്നു. ഭൂസ്വർഗ്ഗങ്ങൾ കൈകോർക്കുന്ന മദ്ബഹായിൽ, മാലാഖമാർ സ്തുതിഗീതങ്ങൾ പാടുന്ന അൾത്താരയിൽ, മിശിഹാനാഥൻ പെസഹാക്കുഞ്ഞാടാകുന്നു. അൾത്താരയിൽ, ഈശോയുടെ സ്നേഹബലിയിൽ നമ്മുടെ ജീവിതലികൂടി ചേർക്കാം. നമുക്കു ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനുമാണല്ലോ അവിടുന്നു സ്വജീവൻ സമർപ്പിക്കുന്നത്. നാം നമ്മെത്തന്നെ അവിടുത്തേക്കു സമർപ്പിക്കണം. അനുദിനം അൾത്താരയിൽ യാഗമായിത്തീരണം. അവിടുത്തെ പ്രവൃത്തികൾ നാം ചെയ്യണം. അവിടുത്തെ പാതയിൽ സഞ്ചരിക്കണം. ഈശ്വരചിന്തയിൽ നമ്മുടെ മനസ്സു ലയിക്കണം. വിശുദ്ധകുർബാന അർപ്പിക്കുന്ന നമ്മുടെ ഹൃദയങ്ങൾ ഈശ്വരനിൽ വിലയം കൊള്ളണം.
ജീവിതം മുഴുവൻ ബലിയായിരിക്കുവാൻ നമുക്കു നമ്മുടെ ഉള്ളിലൊരൾത്താരയൊരുക്കാം. നമ്മെത്തന്നെ പൂർണ്ണമായി അവിടുത്തേക്കു നൽകാം. നമ്മുടെ ഭാരവും ജീവിതക്ലേശവും ഈശോ ഏറ്റുവാങ്ങും. നമുക്കു പ്രത്യാശയുള്ളവരാകാം. നമ്മുടെ സ്നേഹത്തൂവാലാകൊണ്ട് ദിവ്യനാഥന്റെ തൂമുഖം തുടച്ച്, ഒരു സ്നേഹപൂമാല കൊരുത്ത് അവിടുത്തെ തിരുമാറിൽ ചാർത്താം. ബലിവേദിയിൽ നമ്മെത്തന്നെ കാണിക്കയായ് നല്കുമ്പോൾ ദിവ്യസ്നേഹം രക്തവും മാംസവുമായി നമ്മിൽ അലിയും. കുരിശോളമെത്തുന്ന സ്നേഹം, ബലിയായിത്തീരുന്ന സ്നേഹം, മുറിയപ്പെടും ദിവ്യസ്നേഹം ചുടുചോര ചിന്തുന്ന സ്നേഹം, പാദം കഴുകുന്ന സ്നേഹം, സ്വയം ശൂന്യമാക്കുന്ന സ്നേഹം, മാംസം ധരിക്കുന്ന അൾത്താര നമ്മുടെ സാരസർവ്വസ്വവുമാകട്ടെ. ദിവ്യബലിയിൽ ഈശോ തന്റെ ശരീരവും രക്തവും നമുക്കു പുതുജീവനായി പകർന്നുതരുന്നു.
പാപകടങ്ങൾ പോക്കുന്ന ഈശോയുടെ ബലി, പരിശുദ്ധി പകരുമീ പരമയാഗം, സ്വർഗ്ഗാധിസ്വർഗ്ഗവും ഭൂതലവും സ്വർഗ്ഗീയവൃന്ദവും മാനവരും ഒരുമയോടെ അണിചേരുന്ന തിരുബലിയിൽ അണിചേരുന്നവർ ഭാഗ്യപ്പെട്ടവരല്ലേ? തിരുവത്താഴമേശയിലെ ഈ സുമോഹന, സുന്ദര, സുരഭില സമ്മാനം നമ്മുടെ അമൂല്യനിധിയായിരിക്കട്ടെ. ബലിവേദിയിൽ ബലിയാവുക എളുപ്പമല്ല. പക്ഷേ, ദൈവം നമ്മിൽനിന്ന് അത് ആഗ്രഹിക്കുന്നു. പ്രിയ സൂനു യേശു പ്രിയതാതനു സമർപ്പിച്ച സ്നേഹബലി, അവിടുത്തെ ആത്മബലിയാണിത്. ഇതു നമ്മുടെയും ബലിയാവണം. നാമോരോരുത്തരും ഈശോയെപ്പോലെ ബലിയർപ്പകനും ബലിവസ്തുവുമാകണം.
ദൈവസ്നേഹം ജ്വലിക്കുന്ന അൾത്താരയിൽ, ആത്മാർപ്പണത്തിന്റെ നൈവേദ്യമായി, ബലിയർപ്പകരോരുത്തരും രൂപാന്തരപ്പെടണം. ഈശോയോടൊപ്പം അർപ്പകരെല്ലാം ബലിയാകണം. ബലിവസ്തുവായി സമർപ്പിക്കണം. നമ്മുടെ ജീവിതം ബലിയായി മാറ്റണം. അപ്പത്തോടും വീഞ്ഞിനോടുമൊപ്പം അർപ്പകന്റെ ഉള്ളും ഉള്ളവും ഉള്ളതും സമർപ്പിക്കപ്പെടണം.
സ്വർഗ്ഗം പൂകാൻ നമ്മെ ഒരുക്കുന്ന ദിവ്യബലിയിൽ, നാഥൻ വീണ്ടും തന്നെത്തന്നെ മുറിക്കുമ്പോൾ, ജീവൻ നൽകുന്ന ദിവ്യശരീരം കൈക്കൊള്ളാൻ നമ്മെത്തന്നെ നമുക്കു മുറിക്കാം; സഹജർക്കായ് നമുക്കു മുറിഞ്ഞു പകരാം.
സ്നേഹത്തിലൊന്നായ്, ആത്മാർപ്പണത്തിന്റെ ഈ കൂദാശയിൽ, എല്ലാവരും ഒരുമിക്കണം. ബലിയർപ്പകർ ഈശോയുടെ സാക്ഷികളായ്ത്തീർന്ന് എന്നും ആ സ്നേഹം പങ്കുവയ്ക്കണം. സ്നേഹമായ്ത്തീർന്ന ഈ അപ്പം, അപ്പമായി തീർന്ന ഈ സ്നേഹം, നമ്മിലലിയാനായ് വെമ്പൽ കൊള്ളുകയാണ്.
ഏറ്റം വലിയ പുണ്യപ്രവൃത്തി
കാലിത്തൊഴുത്തിൽ പിറന്നവനെ, കരുണ നിറഞ്ഞവനേ, കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ കഴുകിക്കളഞ്ഞവനെ നന്ദിയോടെ വാഴ്ത്താൻ ലഭിക്കുന്ന അവസരങ്ങളെല്ലാം നമുക്കു പ്രയോജനപ്പെടുത്താം. കനിവിന്റെ കടലായ, അറിവിന്റെ പൊരുളായ, അവിടുന്ന് അനുഗ്രഹമാരി പൊഴിക്കുന്ന പരിശുദ്ധ കുർബാന സജീവമായി അർപ്പിക്കുകയാണ് ഈ ലോകത്തിലെ നമ്മുടെ ഏറ്റം വലിയ പുണ്യപ്രവൃത്തി.
ജീവിതം മുഴുവൻ ബലിയായണയ്ക്കുവാൻ ഉള്ളിലൊരൾത്താര ഒരുക്കി, നമ്മൾ കൈക്കുമ്പിളുമായി നില്ക്കണം. ഈ ജന്മം ബലിയായ് നൽകാൻ സ്നേഹത്തോടെ കൈകൾ കൂപ്പി തിരുമുമ്പിൽ അണയാം. രാജാധിരാജൻ കാലിത്തൊഴുത്തിൽ മനുജനായി പിറന്നതിന്റെയും, പാപികളായ നമുക്കു പഥേയമാകാൻ തിരുവോസ്തിയായതിന്റെയും, മൃതിയെത്തകർത്തു മൂന്നാം ദിനം ഉയിർത്തെഴുന്നേറ്റതിന്റെയും രഹസ്യം സ്നേഹം, സ്നേഹം, സ്നേഹം മാത്രം. സ്നേഹം പ്രതിസ്നേഹത്താലെ കടംവീടൂ. ദൈവം നമ്മോടു കാട്ടുന്ന അനുപമസ്നേഹത്തിന്റെ, അനന്തസ്നേഹത്തിന്റെ, അനശ്വരസ്നേഹത്തിന്റെ, കരുണാർദ്ര സ്നേഹത്തിന്റെ, അത്യുച്ചകൊടിയാണു പരിശുദ്ധ കുർബാന. അവിടുത്തോടും പ്രതിസ്നേഹം കാണിക്കാൻ നമുക്കുള്ള ഏറ്റം ഉദാത്തമായ, ഏറ്റം അനുഗ്രഹീതമായ, മാർഗ്ഗമാണ് പരമ ദിവ്യബലി. ദൈവത്തിനു കൊടുക്കാൻ കൂടുതൽ മഹത്തമമായ യാതൊന്നും നമുക്കില്ല.
പരിശുദ്ധി പകരുന്ന പരമയാഗമാണ് പരിശുദ്ധകുർബാന. സ്വർഗ്ഗാധിസ്വർഗ്ഗവും ഭൂതലവും വിശ്വം മുഴുവനും ഒരുമയോടെ അണിചേരുകയാണിവിടെ. ഇവിടെ സ്നേഹം ബലിയാകുകയാണ്, ബലിയേകുകയാണ്. ജീവിതപാതയിൽ നമുക്കു വഴിയും സത്യവും ജീവനുമാകുവാൻ ജീവനാഥൻ സ്വയം അലിയുന്നു; നമ്മോട് അലിഞ്ഞുചേരുന്നു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ശൂന്യവത്ക്കരണത്തിന്റെയും സ്വയംദാനത്തിന്റെയും സമ്പൂർണ്ണ സമർപ്പണമാണ് ഇവിടെ സംഭവിക്കുക. ഈ സ്നേഹയാഗം, നിറഞ്ഞു കവിയുന്ന പ്രതിസ്നേഹത്തോടെ, നിത്യപിതാവിനു നമുക്കു സമർപ്പിക്കാം.
നമ്മെ വാനോളമുയർത്താൻ പരമദിവ്യസ്നേഹം താണിറങ്ങുന്നു. നമ്മുടെ ഉൾത്തടം സ്വർഗ്ഗീയമാക്കാനാണ് അവിടുന്ന് അണയുന്നത്. എന്നെന്നും നമ്മോടൊപ്പമായിരിപ്പാൻ അപ്പമായതാണവിടുന്ന്. സ്നേഹിതനാകുന്ന സ്നേഹമാണവിടുന്ന്. ദിവ്യബലി അർപ്പിച്ച് ആത്മാവിന്നൾത്താരയിൽ നമുക്ക് അവിടുത്തെ ആരാധിക്കാം.
‘എന്നും നിന്നോടൊന്നായിരിക്കാൻ
എന്നും നിന്നിലലിഞ്ഞുചേരാൻ
സോദരങ്ങളെ സ്നേഹിച്ചു സ്നേഹിച്ചു
ദിവ്യകാരുണ്യമായ്ത്തീരാൻ
ഞാൻ ചരിക്കുന്ന സക്രാരിയാകാൻ
അങ്ങിൽ അലിയാൻ കഴിഞ്ഞിരുന്നെങ്കിൽ..
ബലിയായിത്തീരുന്ന സ്നേഹം/ കറയറ്റ കുഞ്ഞാടിൻ സ്നേഹം-‘
ത്രിത്വകാരുണ്യമാണ് ഈ മഹാനുഗ്രഹം നമുക്കു സംലഭ്യമാക്കുന്നത്. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22).
ദിവ്യബലിയുടെ കാതൽ ദിവ്യനാഥന്റെ രക്തം ചിന്തലാണ്. സകല ബന്ധനങ്ങളിൽ നിന്നും ആ തിരുരക്തം നമുക്കു വിടുതൽ നൽകുന്നു. ഈശോയുടെ തിരുരക്തത്താലാണ് എല്ലാ അടിമച്ചങ്ങലകളും തകരുന്നത്. ഈശോ വസിക്കുന്ന ഹൃദയങ്ങൾ സക്രാരികളാണ്. അതുകൊണ്ടു തന്നെ ഓരോ അധരവും ദൈവസ്തുതിയുടെ സ്വരരാഗസുധയാവണം.
പരമദിവ്യകാരുണ്യം, മധുരസ്നേഹപാരമ്യം, എന്റെ നാവിലലിഞ്ഞ്, എന്റെ രക്തത്തിൽ കലരുന്നു, ഞാനായി രൂപാന്തരപ്പെടുന്നു. അത്ഭുതങ്ങളുടെ അത്ഭുതമാണിവിടെ സംഭവിക്കുക.
എനിക്കായ് മുറിഞ്ഞവനേ,
എനിക്കായ് തകർന്നവനേ,
എനിക്കായ് രക്തം ചിന്തിയവനേ,
എനിക്കായ് മരിച്ചവനേ,
എൻ കണ്ണുനീർ നീ ഒപ്പിയെടുത്തു;
എൻ ദുഃഖമേറ്റെടുത്തു,
ഘോരമാമെൻ പാപങ്ങൾ നീ ക്ഷമിച്ചു;
എന്നെ മാറോടു ചേർത്തണച്ചു;
നിൻ തിരുമുറിവിനാൽ സൗഖ്യമേകി
എനിക്കായ് അടികൾ ഏറ്റു
നിൻ ചുടുരക്തത്താൽ രക്ഷയേകി
നിൻ സ്നേഹമെന്നിൽ ചൊരിഞ്ഞു
……………………………
നന്ദി, നന്ദീ, നല്ലവനേ
നന്മകളരുളും വല്ലഭനേ
നന്ദിയോടങ്ങയെ വാഴ്ത്തുന്നു
നിരതം വാഴ്ത്തിപ്പാടുന്നു
നിരതം വാഴ്ത്തിപ്പാടുന്നു
കുർബാനസ്ഥാപനസമയത്ത് ഈശോ ചെയ്തതും അനുഷ്ഠിക്കാൻ നമ്മോടു കല്പിച്ചതുമായ കാര്യങ്ങൾ ഒരർത്ഥത്തിൽ മിശിഹായെ സംബന്ധിച്ച രഹസ്യങ്ങളെല്ലാം ഉൾക്കൊള്ളുന്നവയാണ്. അവിടുത്തെ മനുഷ്യാവതാരം, മർത്യജീവിതം, ഐഹിക ജീവിതത്തിൽ പിതാവുമായുള്ള ബന്ധം, പീഡാനുഭവം, മരണം, ഉയിർപ്പ്, പരിശുദ്ധാത്മദാനം, നിത്യജീവൻ തുടങ്ങിയുള്ള രക്ഷാകരമായ ദിവ്യരഹസ്യങ്ങളെല്ലാം ഈ കർമ്മങ്ങളിലും പ്രാർത്ഥനകളിലുമായി ഉള്ളടങ്ങിയിട്ടുണ്ട്.
ഈ കർമ്മങ്ങളും പ്രാർത്ഥനകളും തുടർന്ന് അനുഷ്ഠിക്കണമെന്നു മാത്രമല്ല, ഇവയിൽ ഉൾക്കൊള്ളുന്നതും ഇതുവഴി അവിടുന്നു കൈമാറുന്നതുമായ ഉദാത്ത ദർശനങ്ങൾ സ്വന്തമാക്കി ജീവിക്കണമെന്നുംകൂടിയാണ് അവിടുന്ന് അഭിലഷിക്കുന്നത്. ഈ ദർശനങ്ങളിലാകട്ടെ, സ്നേഹം, കാരുണ്യം, ഐക്യം, പങ്കുവയ്ക്കൽ, സേവനം, വിനയം, വിശ്വാസം, സമർപ്പണം, വിശുദ്ധി, സത്യം, നീതി തുടങ്ങിയ ദൈവിക സുകൃതങ്ങളാൽ ചൈതന്യവത്തായ ജീവിതശൈലിയാണു നമ്മിൽനിന്നു ദൈവം ആവശ്യപ്പെടുന്നത്.