സഭ രൂപംകൊണ്ടത് പരിശുദ്ധാത്മാവിന്റെ ശക്തിയിലാണ്. സഭയുടെ എക്കാലത്തെയും കരുത്തും പരിശുദ്ധാത്മാവാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ സഭ നേരിട്ട നിരവധിയായ പരീക്ഷണങ്ങളെ അതിജീവിക്കുവാൻ ശക്തി ലഭിച്ചതും പരിശുദ്ധാത്മാവിൽ നിന്നുതന്നെ. അതിനാൽ ഈ കാലഘട്ടത്തിൽ നാം അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടുവാൻ പരിശുദ്ധാത്മാവ് നമുക്ക് ശക്തി പകരും. സമാഗതമായിക്കൊണ്ടിരിക്കുന്ന പന്തക്കുസ്ത തിരുനാൾ ദൈവാത്മാവിനു വേണ്ടി ദാഹിക്കുവാനും പ്രാർത്ഥിക്കാനും കർത്താവു ഒരുക്കിത്തന്നിരിക്കുന്ന സുവർണാവസരമാണ്. വാസ്തവത്തിൽ ക്രിസ്മസും ഈസ്റ്ററും പോലെ തന്നെ പ്രധാനപ്പെട്ട തിരുനാളാണ് പന്തക്കുസ്ത. ആദിമ നൂറ്റാണ്ടുകളിലെ സഭാസമൂഹങ്ങൾ ഏറെ പ്രാർത്ഥിച്ചോരുങ്ങിയാണ് പന്തക്കുസ്ത തിരുനാൾ ആഘോഷിച്ചിരുന്നത്. എന്നാൽ വിശുദ്ധരുടെ തിരുനാളുകളുടെ പെരുപ്പത്തിലും പരിശുദ്ധാത്മാവിനോടുള്ള ഭക്തിയുടെ കുറവിലും നാം പന്തക്കുസ്ത തിരുനാളിന്റെ അവഗണിച്ചു. എങ്കിലും സമീപകാലത്തു ലോകം മുഴുവനിലും പന്തക്കുസ്ത തിരുനാളിനോടുള്ള ആദരവ് വർധിച്ചു വരുന്നതായി കാണാൻ സാധിക്കും. ഈ വര്ഷം നിരവധി ധ്യാന കേന്ദ്രങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും പന്തക്കുസ്ത തിരുനാളിനുവേണ്ടി ഉള്ള ഒരുക്ക ശുശ്രൂക്ഷകൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സഭയിൽ പുതിയൊരു ഉണർവുണ്ടാകാൻ, ഇന്നത്തെ പ്രതിസന്ധികളെ അതിജീവിച്ചു സഭ അതിന്റെ ദൗത്യത്തിൽ മുന്നോട്ടുപോകുവാൻ നമുക്ക് പുതിയൊരു പന്തക്കുസ്ത അനിവാര്യമായിരിക്കുന്നു. അതിനാൽ, ഈ പന്തക്കുസ്ത തിരുനാളിനെ നമുക്ക് ഗൗരവമായിട്ടെടുത്തു പ്രാർത്ഥിച്ചുകൊണ്ടിരിക്കാം. ഇടവകകളിലും കോൺവെന്റുകളിലെ ആശ്രമങ്ങളിലുമെല്ലാം പുതിയൊരു പന്തക്കുസ്തയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ ഉയരട്ടെ.
ആദ്യ പന്തക്കുസ്തയിലേതു പോലുള്ള പ്രകടമായ അത്ഭുതങ്ങളൊന്നുമല്ല നാം പ്രതീക്ഷിക്കേണ്ടത്. സഭ മുഴുവനും പ്രാര്ഥിക്കുന്നതിനാൽ ആ ദിവസം വലിയ ദൈവശക്തിയുടെ പ്രകടനമോ മാറ്റമോ പ്രതീക്ഷിച്ചുകൊണ്ടിരുന്നാലും നിരാശ തോന്നാം. എന്നാൽ നാം ദാഹത്തോടെ പ്രാർത്ഥിച്ചാൽ സ്വർഗ്ഗത്തിന്റെ ആത്മാവ് ഈ കാലഘട്ടത്തെ സന്ദർശിക്കുകതന്നെ ചെയ്യും. ഒരു ഹൃദയത്തിൽ വീഴുന്ന അരൂപിയുടെ ഒരു തീപ്പൊരി മാത്രം മതി പിന്നീടുള്ള കാലഘട്ടങ്ങളിൽ കാട്ടുതീപോലെ പരിശുദ്ധാത്മാവ് ആളിപടരാൻ. അരൂപിയുടെ നിറവ് പ്രശനങ്ങളിൽനിന്നും പ്രശനപരിഹാരത്തിലേക്കു വ്യക്തികളെയും സമൂഹങ്ങളെയും നയിക്കും. സഭയിൽ വീണ്ടും പന്തക്കുസ്തയുടെ ആത്മാവ് വ്യാപിക്കുമ്പോൾ നമ്മുടെ ശ്രദ്ധ മുഴുവൻ ക്രിസ്തുവിലക്കു കേന്ദ്രീകരിക്കും. സഭയുടെ മുഴുവൻ ശ്രദ്ധയും സ്ഥാപനത്തെക്കാളും പണത്തേക്കാളും ഭൗതികതയെക്കാളും ഉപരിയായി ക്രിസ്തുവിലക്കു ഉയരുമ്പോൾ സഭ ശക്തമാകും. എല്ലാ വെല്ലുവിളികളെയും നേരിടാൻ കരുത്തുണ്ടാവുകയും ചെയ്യും.
രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ ആരംഭത്തിൽ ഒരു പുതിയ പന്തക്കുസ്ത സഭയിലുണ്ടാകാൻ പ്രാർത്ഥിച്ച ജോൺ ഇരുപത്തിമൂന്നാമൻ പപ്പയുടെ ചൈതന്യത്തിൽ നമുക്കും പ്രാർത്ഥിക്കാം.
‘പരിശുദ്ധാത്മാവേ, വേഗം പറന്നിറങ്ങണമെ. ഉന്നതമായ പ്രസാദവരങ്ങൾ ദാസർക്ക് ഏകണമേ!’