ജെറുസലേം നിവാസികളുടെ നിയമവിരുദ്ധമായ നടപടികളും ജീവിതരീതികളും അറിഞ്ഞു നെഹമിയ ഏറെ ദുഃഖിതനായി. ദൈവതിരുമുമ്പിൽ അവർക്കുവേണ്ടി അവൻ സമർപ്പിക്കുന്ന പ്രാർത്ഥനയാണ് നെഹമിയ 1:1-11. അനുതാപത്തിന്റെയും അനുഗ്രഹ യാചനങ്ങളുടെയും കൃതജ്ഞതയുടെയും പ്രാർത്ഥനയാണ് ഇത്.
ദൈവസന്നിധിയിൽ ആയിരിക്കുന്ന വ്യക്തിക്ക് അനുഭവപ്പെടുന്ന 2 വികാരങ്ങളാണ് അനുതാപവും കൃതജ്ഞതയും(1:5, 9). ദൈവത്തിന്റെ നന്മയേയും പരിശുദ്ധിയേയും കുറിച്ചുള്ള അവബോധമാണ് അവനിൽ പാപബോധവും പശ്ചാത്താപവും ജനിപ്പിക്കുക.
നെഹമിയയുടെ ദൈവശാസ്ത്ര വീക്ഷണം സത്യസന്ധവും പ്രശംസനീയവുമാണ്- രാജാക്കന്മാരിലൂടെ ചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതു ദൈവമാണ്. അവിടുത്തോടും അവിടുത്തെ ദൈവിക പദ്ധതികളോടുമുള്ള ഗ്രന്ഥകാരനെ പ്രതിബദ്ധത, നെഹമിയ യുടെ പ്രാർത്ഥനയിൽ പ്രസ്പഷ്ടമാണ്. (1:4, 5) അവന്റെ ആഴമേറിയ, അചഞ്ചലമായ ദൈവാശ്രയബോധം വെളിപ്പെടുത്തുന്നു. അവന്റെ പേരിന്റെ അർത്ഥം തന്നെ “ദൈവം ആശ്വസിപ്പിച്ചു” എന്നാണ്. തന്റെ ജനത്തിന്റെ ദുഷ്ടത അവന്റെ ദൈവാശ്രയം അരക്കിട്ടുറപ്പിക്കുന്നു.
ജലത്തിന്റെ പാപം സ്വന്തം പാപമായി കരുതി പശ്ചാത്തപിക്കുകയും പരാപരനോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്ന നെഹമിയ, അബ്രാഹത്തെയും മോശെയും മറ്റും അനുസ്മരിപ്പിക്കുന്നു. മാത്രമല്ല, ഇത് അവന്റെ സഹോദരസ്നേഹവും ദീനാനുകമ്പയും ആത്മാർത്ഥതയും, തന്റെ ജനത്തിന്റെ രക്ഷയെക്കുറിച്ചുള്ള തീക്ഷ്ണതയും സമർപ്പണ മനോഭാവവും, എല്ലാം ഈ പ്രാർത്ഥന വിളിച്ചോതുന്നു. ” ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ “(യോഹന്നാൻ 13:36) എന്നത് ആധ്യാത്മികതയുടെ ആദ്യ പാഠവും, അവസാന പാഠവും ആണ്
ഈ പ്രാർത്ഥനയിലെ ഏറ്റവും പ്രസക്തമായ ആശയം, ദൈവത്തിന്റെ കരുണയിലുള്ള വലിയ പ്രേത്യാശയോടെയാണ് നെഹെമിയാ പ്രാർത്ഥന ഉപസംഹരിക്കുന്നതു എന്നതാണ്. കരുണയുടെ കരകാണാക്കടലാണു ദൈവം.
ഗ്രന്ഥകാരന്റെ പ്രാർത്ഥനയിൽ പ്രത്യാശ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇവിടെ അപ്പോസ്തോലന്റെ അവിസ്മരണീയ വാക്കുകൾ വളരെ പ്രസക്തമാണ്. “കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രേത്യാശയും പ്രദാനം ചെയ്യുന്നു. (ഈ)പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല”
(റോമാ 5:4).
കർത്താവിന്റെ കരുണക്കടലിൽ ഇറങ്ങുന്നവർക്കു സംന്തോഷത്തോടും സമാധാനത്തോടും സംതൃപ്തിയോടും കുളിച്ചുകയറാം. വിശ്വാസത്തോടും പ്രത്യാശയോടും കടലിലിറങ്ങണമെന്നു മാത്രം…