അനീതി നിറഞ്ഞ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നതെന്ന് പറയുന്നവരാണേറെയും. അനീതിയെക്കുറിച്ച് ഞങ്ങളോടെന്തിനാണ് പറയുന്നതെന്ന് കുട്ടികൾ ചിന്തിച്ചേക്കാം.
പ്രിയ കുഞ്ഞുങ്ങളെ, നാളത്തെ ലോകം നിങ്ങളുടേതാണ്. നിങ്ങളുടെ പ്രായത്തിൽ ഞങ്ങൾ മുതിർന്നവർ പലതും അറിയാതെ പോയതിന്റെ പരിണിതഫലമല്ലേ ഇന്നത്തെ ലോകത്തിന്റെ ഈ ദുരവസ്ഥ.
അങ്ങയുടെ കല്പന ഭൂമിയിൽ ഭരണം നടത്തുമ്പോൾ ഭൂവാസികൾ നീതി അഭ്യസിക്കുന്നു (ഏശ 26 : 9 ) എന്ന് ബൈബിളിൽ എഴുതിയിരിക്കുന്നു. അനീതിയെക്കുറിച്ച് വിലപിക്കുന്ന ലോകം തിരിച്ചറിയാതെപോയ സത്യമല്ലേ അത്. സ്വന്തം നീതിയും ന്യായവും സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ മനുഷ്യൻ ദൈവനീതി നിഷേധിക്കുന്നത് എത്രയോ മൗഢ്യമാണ്. എന്റെ ശരി മറ്റൊരുവന് തെറ്റാകുന്നുവെങ്കിൽ അതെങ്ങനെ നീതിയാകും? ഹ്രസ്വദൃഷ്ടിയോടെ രൂപപ്പെടുത്തുന്ന ആശയങ്ങൾ തൽക്കാലത്തേക്ക് നമുക്ക് സ്വീകാര്യമായെന്നു വരാം. പിന്നീട് കാലം അത് തെറ്റാണെന്നു തെളിയിക്കുമ്പോൾ നമ്മൾ നിരാശരാകും. വചനം പറയുന്നു: ‘നീ എന്റെ കല്പനകൾ അനുസരിച്ചിരുന്നെങ്കിൽ നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകൾപോലെ ഉയരുമായിരുന്നു‘ (ഏശ. 48 :18 ).
നീതി തേടി അലയുന്ന, കണ്ടെത്താതെ തളരുന്ന ഇന്നത്തെ ലോകത്തോടാണ് ദൈവം ഇത് പറയുന്നത്. അതിനാൽ അവിടുത്തെ കല്പനകൾ അനുസരിക്കാൻ നമ്മുക്ക് ശ്രദ്ധയുള്ളവരാകാം. നമ്മുടെ സമാധാനം നദിപോലെ ഒഴുകുകയും നീതി കടലലകൾ പോലെ ഉയരുകയും ചെയ്യട്ടെ.
മാത്യു മാറാട്ടുകളം