നോഹയുടെ കാലത്തു മനുഷ്യന്റെ ദുഷ്ടത വർധിച്ചു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും സദാ ദുഷിച്ചത് മാത്രമായി. മനുഷ്യന്റെ തിന്മ മഹോന്നതനെ വളരെയധികം വേദനിപ്പിച്ചു. മനുഷ്യനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റാൻ കർത്താവു തീരുമാനിച്ചു. എങ്കിലും നോഹ അവിടുത്തെ പ്രീതിക്ക് പാത്രമായി. (cfr ഉല്പ.6:1-8).
ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാനുള്ള തന്റെ തീരുമാനം തമ്പുരാൻ നോഹയെ അറിയിക്കുന്നു. ഒപ്പം ഒരു പെട്ടകമുണ്ടാക്കാൻ നിർദ്ദേശവും നൽകുന്നു. ഒരു പ്രളയം വഴി ഭൂമുഖത്തുള്ളതെല്ലാം നശിക്കുമെന്നും നോഹയും കുടുംബവും പെട്ടകത്തിൽ കയറി രക്ഷപെടണമെന്നും അവിടുന്ന് നിർദ്ദേശിച്ചു. കൂടെ എല്ലാ ജീവജാലങ്ങളിൽ നിന്നും ആണും പെണ്ണുമായി ഈരണ്ടെണ്ണത്തെയും പെട്ടകത്തിൽ കയറ്റി സൂക്ഷിക്കണം. ആവശ്യത്തിന് ഭക്ഷണം ശേഖരിച്ചിരിക്കണം. “ദൈവം കല്പിച്ചതുപോലെ തന്നെ നോഹ പ്രവർത്തിച്ചു” (ഉല്പ. 6:8, 13-22).
ജലപ്രളയം ഉണ്ടായി. സകലരും സകലതും തുടച്ചു മാറ്റപ്പെട്ടു. നോഹയും അവനോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നവരും മാത്രം അവശേഷിച്ചു. രക്ഷപെട്ടവരെ ദൈവം ഓർത്തു. വെള്ളമിറങ്ങി. പെട്ടകം അരാരത്ത പർവതത്തിൽ ഉറച്ചു. ദൈവം നോഹയോട് പറഞ്ഞു: “ഭാര്യ, പുത്രന്മാർ, അവരുടെ ഭാര്യമാർ എന്നിവരോടുകൂടെ പെട്ടകത്തിൽ നിന്നും പുറത്തിറങ്ങുക… ജീവജാലങ്ങൾ… ഇനം തിരിഞ്ഞു പുറത്തേക്കു പോയി…”
നന്ദി സൂചകമായി നോഹ കർത്താവിനു ഒരു ബലിപീഠം നിർമിച്ചു. ശുദ്ധിയുള്ള മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും അവൻ അവിടുത്തേക്ക് ഒരു ദഹനബലി അർപ്പിച്ചു. കർത്താവു അവന്റെ ബലിയിൽ പ്രസാദിച്ചു. അവിടുന്ന് നോഹയുമായി ഒരു ഉടമ്പടി നടത്തി. “നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു… ഇനിയൊരിക്കലും വെള്ളപ്പൊക്കം കൊണ്ട് ജീവജലം ഒന്നാകെ നശിക്കാൻ ഇടയാവുകയില്ല… ഉടമ്പടിയുടെ അടയാളമായി മേഘങ്ങളിൽ എന്റെ വില്ലു ഞാൻ സ്ഥാപിക്കും… (മഴവില്ലു കാണുമ്പോൾ) നിങ്ങളും സർവ ജീവജാലങ്ങളുമായുള്ള ഉടമ്പടി ഞാൻ ഓർക്കും.” (cfr ഉല്പ. അധ്യാ. 7, 8, 9)
നീതിമാന്മാർക്കുള്ള ദൈവത്തിന്റെ മഹാപരിപാലനായാണ് ഇവിടെ നമുക്ക് കിട്ടുന്ന സന്ദേശം സങ്കി. 27 : 5 വ്യക്തമാക്കുന്നു; “ക്ലേശകലത്തു… തന്റെ കൂടാരത്തിനുള്ളിൽ എന്നെ ഒളിപ്പിക്കും, എന്നെ ഉയർന്ന പാറമേൽ നിർത്തും.” ഈ വചനം നോഹയെക്കുറിച്ചും അദ്ദേഹവും കുടുംബവും രക്ഷപെട്ട പെട്ടകത്തെക്കുറിച്ചും അങ്ങനെ ദൈവം അവർക്കു നൽകിയ സംരക്ഷണത്തെക്കുറിച്ചുമാണ്.
ജ്ഞാനം 10:5 സന്ദേശം കൂടുതൽ സ്പഷ്ടമാക്കുന്നു. മനുഷ്യന്റെ തിന്മ മൂലം ഭൂമി പ്രളയത്തിലാണ്ടപ്പോൾ വെറും തടിക്കഷ്ണത്തിൽ (പെട്ടകം) നീതിമാനെ വീണ്ടും രക്ഷിച്ചു. വീണ്ടും ശിഷ്യപ്രധാനന്റെ അതിശക്തമായ വാക്കുകളുണ്ട്. ദൈവത്തെ അനുസരിച്ചു നീതിയിൽ വ്യാപാരിച്ചു പെട്ടകത്തിലുണ്ടായിരുന്ന എട്ടുപേർ മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചോള്ളൂ. അതിന്റെ സാദൃശ്യമുള്ള ജ്ഞാനസ്നാനം ഇപ്പോൾ നിങ്ങളെ രക്ഷിക്കുന്നു. ശിഷ്യഗണത്തിനു പ്രേഷിത ദൗത്യം കൊടുത്തുകൊണ്ട് ഈശോ വ്യക്തമാക്കിയിരിക്കുന്നു.. “ക്രിസ്തുവിൽ വിശ്വസിച്ചു മാമ്മോദീസ സ്വീകരിക്കുന്നവർ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവർ ശിക്ഷിക്കപ്പെടും” (മാർകോ. 16:16). ഏകരക്ഷകനും ലോകരക്ഷകനും ക്രിസ്തുവാണ്, ക്രിസ്തു മാത്രമാണ്.
2 പത്രോ. 2:9 തറപ്പിച്ചു പറയുന്നു: ദൈവഭയമുള്ളവരെ (നീതിമാന്മാർ) പരീക്ഷകളിൽ നിന്ന് എങ്ങനെ രക്ഷിക്കണമെന്നും അനീതി പ്രവർത്തിക്കുന്നവരെ… എങ്ങനെ ശിക്ഷാവിധേയരാക്കണമെന്നും (ശക്തനായ) കർത്താവു അറിയുന്നു.