കരുണയുടെ അവതാരമായ കർത്താവ് തന്റെ കരുണയുടെ തെളിവായാണ് രോഗികളെ സുഖപ്പെടുത്തിയിരുന്നതും, പിശാച് ബാധിതരെ സ്വതന്ത്രരാക്കിതും, മരിച്ചവരെ ഉയർപ്പിച്ചതും, കൊടുങ്കാറ്റ് ശമിപിച്ചതും, അപ്പം വർദ്ധിപ്പിച്ചതും, വെള്ളത്തിനു മീതെ നടന്നതും, വെള്ളം വീഞ്ഞാക്കിയതുമെല്ലാം. മർക്കോസ് 5: 1- 20ൽ അവിടുന്ന് ഒരു പിശാച് ബാധിതനെ അവന്റെ വലിയ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കുന്ന രംഗമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗലീലി കടലിന്റെ മറുകരയിൽ ഗരസേന രുടെ നാട്ടിലാണ് സംഭവം നടന്നത്. ഈശോ വഞ്ചിയിൽ നിന്നിറങ്ങിയ ഉടനെ അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ ശവകുടീരങ്ങൾക്കിടയിൽനിന്ന് അവിടുത്തേക്ക് എതിരെ വന്നു. അങ്ങ് അകലെവച്ചുതന്നെ അവൻ അവിടുത്തെ കാണുന്നു. ഓടിവന്ന് അവൻ അവിടുത്തെ പ്രണമിക്കുന്നു. കാരണം അവൻ അവിടുത്തെ തിരിച്ചറിഞ്ഞ ഉടനെ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അവൻ ഏറ്റുപറയുന്നു: ” മഹോന്നതനായ ദൈവത്തിന്റെ പുത്രാ, ഈശോയെ, അങ്ങ് എന്റെ കാര്യത്തിൽ എന്തിന് ഇടപെടുന്നു? ദൈവത്തെകൊണ്ട് ആണയിട്ട് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. “എന്നെ പീഡിപ്പിക്കരുതേ! “. കാരണം, അശുദ്ധാത്മാവേ ആ മനുഷ്യനിൽ നിന്ന് പുറത്തുവരൂ എന്ന് ഈശോ ആജ്ഞാപിച്ചിരുന്നു.” നിന്റെ പേര് എന്താണ്? “. ഈശോ ചോദിച്ചു. അവൻ പറഞ്ഞു “എന്റെ പേര് ലെഗിയോൻ “. ഞങ്ങൾ അനേകം പേരുണ്ട്. ഞങ്ങളെ ആ നാട്ടിൽ നിന്ന് പുറത്താക്കരുത് എന്ന് അവൻ കേണപേക്ഷിച്ചു. വലിയ ഒരു പന്നിക്കൂട്ടം മലമടക്കിൽ മേയുന്നുണ്ടായിരുന്നു. ” ഞങ്ങളെ ആ പന്നി കൂട്ടത്തിലേക്ക് അയയ്ക്കുക, ഞങ്ങൾ അവയിൽ പ്രവേശിച്ചു കൊള്ളട്ടെ”. അവിടുന്ന് അനുവാദം നൽകി. കിഴുക്കാംതൂക്കായ തീരത്തുകൂടെ പാഞ്ഞുചെന്ന് അവ കടലിൽ മുങ്ങി ചത്തു.
ഈശോമിശിഹായുടെ ദൈവത്വം തജ്ജന്യമായ അധികാരവും പിശാചുക്കൾ അംഗീകരിക്കുന്നതിന് തെളിവാണ് ഈശോയുടെ തിരുമുമ്പിൽ പിശാച് ബാധിതൻ മുട്ടു കുത്തുന്നതും, മഹോന്നതനായ ദൈവത്തിന്റെ പുത്രാ എന്ന് വിളിച്ചുകൊണ്ട് അവിടുത്തെ ദൈവത്വം ഏറ്റു പറയുന്നതും, പീഡിപ്പിക്കരുതേ! എന്ന് അപേക്ഷിക്കുന്നതും.
പിശാച് ബാധിതൻ അനുഭവിച്ച മോചനം സുവ്യക്തമാണ്. മുമ്പ് അവന് ബോധം ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവൻ സ്വസ്ഥനായി ഇരിക്കാൻ ആവുമായിരുന്നില്ല. അവൻ വിവസ്ത്രനായാണ് സഞ്ചരിച്ചിരുന്നത്. ( ലൂക്കാ 8 :27). ഇപ്പോൾ അവൻ വസ്ത്രം മൊക്കെ ധരിച്ച് സുബോധമുള്ളവൻ ആയിരിക്കുന്നു! ഈശോയോടൊപ്പം പോകാനുള്ള അവന്റെ ആഗ്രഹം അവനു ലഭിച്ച സൗഖ്യത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. ഈശോ തന്റെ ശിഷ്യരെ എന്തിനായി തെരഞ്ഞെടുത്തുവോ അതെ കാര്യത്തിനു വേണ്ടി തന്നെയാണ് സുഖം ആക്കപ്പെട്ടവനും അപേക്ഷിക്കുന്നത്. അവിടുത്തെ ഒരു ശിഷ്യനാകാൻ അവൻ ആഗ്രഹിക്കുകയാണ്.
ഈശോയുടെ മറുപടി നമ്മിൽ വിസ്മയമാണ് ഉളവാക്കുന്നത്. കാരണം സാധാരണഗതിയിൽ തന്റെ അത്ഭുതങ്ങൾ വെളിപ്പെടുത്തരുതെന്ന് ആണ് അവിടുന്ന് ആവശ്യപ്പെടുന്നത്. (1:43; 5:43; 7:36). എന്നാലിവിടെ അവന് കൈവന്ന ദൈവകരുണ വെളിപ്പെടുത്താനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. അവിടുന്ന് അവനോട് നിർദ്ദേശിക്കുന്നു: “നീ വീട്ടിൽ സ്വന്തക്കാരുടെ അടുത്തേക്ക് പോവുക. കർത്താവ് നിനക്ക് വേണ്ടി എന്തെല്ലാം പ്രവർത്തിച്ചു എന്നും എങ്ങനെ നിന്നോട് കരുണ കാണിച്ചു എന്നും അവരെ അറിയിക്കുക. അവൻ പോയി, ഈശോ തനിക്കുവേണ്ടി എന്തെല്ലാം ചെയ്തെന്ന് ദേക്കപ്പോളിസിയിൽ ആഘോഷിക്കാൻ തുടങ്ങി. ജനങ്ങൾ അൽഭുതപ്പെട്ടു”. (5:19,20).