യുദ്ധവും കലാപവും നിറഞ്ഞ ദേശങ്ങളിൽ വയലുകളിൽ നിധി കുഴിച്ചുവയ്ക്കുക സാധാരണമായിരുന്നു. ശത്രുവിന്റെ ആക്രമണത്തെ ഭയപ്പെട്ട് അവരിൽ പലരും പലായനം ചെയ്തിരുന്നു. അവർ പിന്നീട് മടങ്ങി വന്നിരുന്നില്ല. ഇങ്ങനെ വയലിൽ ഒളിച്ചു വച്ചിരിക്കുന്ന ഒരു നിധിയോട് സ്വർഗ്ഗരാജ്യത്തെ ഈശോ ഉപമിക്കുന്നു. നിധി കണ്ടെത്തിയവൻ അത് മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി എല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നു. ഐഹികവും ഭൗമികവും ലൗകികവുമായവയൊക്കെ വെടിഞ്ഞ് സർവ സംഗപരിത്യാഗയായി ഈശോയെ സമീപിക്കുന്നവർക്കേ സ്വർഗം സ്വന്തമാക്കാനാവൂ. കക്ഷത്തിൽ ഇരിക്കുന്നത് കൈവെടിയാതെ ഉത്തരത്തിൽ ഇരിക്കുന്നത് കയ്യെടുക്കാൻ ആർക്കും ആവില്ല.
സ്വർഗ്ഗരാജ്യം സ്വന്തമാക്കുകയാണ് പരമപ്രധാനം. അതുതന്നെയാണ് ഏറ്റവും ആയാസകരവും. ഉള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുത്തിട്ട് തന്നെ അനുഗമിക്കാൻ ഈശോ പറഞ്ഞ യുവാവിന് ധനാസക്തി എത്ര വലുതായിരുന്നു കൊണ്ട് അയാൾക്ക് നഷ്ടപ്പെട്ടത് സ്വർഗ്ഗരാജ്യം ആകുന്ന അമൂല്യനിധിയാണ് (മത്താ.19: 21 -22).
രത്നങ്ങളുടെ ഉപമയുടെ സന്ദേശം നിധിയുടെ ഉപമയിലേതു തന്നെ. രത്നങ്ങളെക്കുറിച്ച് നല്ല വിവരമുള്ള വ്യാപാരി ഏറ്റവും വിലപിടിപ്പുള്ള രത്നം കാണുമ്പോൾ തനിക്കുള്ളതെല്ലാം വിറ്റ് ആ രത്നം സ്വന്തമാക്കുന്നു. രണ്ടു ഉപമകളിലും ബന്ധപ്പെട്ട കക്ഷികളുടെ ആഹ്ലാദവും അവരെടുക്കുന്ന ഉറച്ച തീരുമാനവും അങ്ങേയറ്റം നിർണായകമാണ്. ഈശോ ക്ഷണം നൽകിയ ധനവാൻ അത്തരം ഒരു തീരുമാനമെടുക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു. അതുകൊണ്ടാണ് അവനെ ഏറെ സങ്കടത്തോടെ തിരിച്ചു പോകേണ്ടി വന്നത്.
വലയുടെ ഉപമയിൽ വലയുടെ വലുപ്പത്തെ കുറിച്ച് സൂചനയുണ്ട്. എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാൻ അത് പര്യാപ്തമാണ്. അത് നിറയെ മത്സ്യഇനങ്ങൾ കയറി. അവ കരയ്ക്ക് എത്തിയപ്പോൾ നിർണായകമായ ഒരു തരം തിരിവ്നടക്കുന്നു – നല്ലതും ചീത്തയുമായി.
ഉപമയിലെ വലയ്ക്കൊരു സവിശേഷതയുണ്ട്.അത് മനുഷ്യരെ പിടിക്കുന്ന വലയാണ്.ഈ വലയിൽ നല്ല മത്സ്യങ്ങളും ചീത്ത മത്സ്യങ്ങളും( ദുഷ്ടരും ശിഷ്ടരുമായ മനുഷ്യർ ) വലയിൽ( ജീവിതത്തിൽ) ഒരുമിച്ച് കഴിയുന്ന ഒരു സമയമുണ്ട്. എന്നാൽ നിർദിഷ്ട സമയത്ത് അവർ വേർതിരിക്കപ്പെടുന്നു. നല്ലവർ സ്വർഗ്ഗരാജ്യത്തിലേക്കും ദുഷ്ടർ (അനീതി പ്രവർത്തിക്കുന്നവർ ) നിത്യനരകാഗ്നിയിലേക്ക് നിപതിക്കുന്നു.