ക്രിസ്തീയ വിശ്വാസം യഥാർത്ഥ ദൈവാനുഭവത്തിലേക്കും ദൈവൈക്യത്തിലേക്ക് നമ്മെ നയിക്കുന്നു, നയിക്കണം. ദൈവത്തെ പിതാവായി അനുഭവിക്കുക എന്നതാണ് മശിഹാനുഭവത്തിന്റെ പ്രത്യേകത. മിശിഹായിൽ വസിക്കുക, മിശിഹാനുഭവത്തിൽ ആയിരിക്കുക എന്നാൽ ദൈവത്തെ പിതാവായി അനുഭവിക്കുക (അബാനുഭവം, ആബാ = പിതാവ്) എന്നാണ്. പാപികളായ മനുഷ്യർ ഈ അനുഭവത്തിൽ വളരുന്നത് മിശിഹായിലൂടെയുള്ള പിതാവിന്റെ കരുണാ പൂർവ്വവും പാപമോചകവുമായ രക്ഷാകര സ്നേഹത്തിന്റെ സ്പർശനം കൊണ്ടാണ്. പാപബദ്ധമായ മനുഷ്യപ്രകൃതിയുടെ ഉടമകളാണ് എല്ലാവരും. തന്മൂലം ക്രൈസ്തവ ജീവിത നിരന്തരമായ ഒരു ആത്മീയ സമരമാണ്. തിന്മകളുടെ ശക്തിയെ അനുദിനം അനു നിമിഷം കീഴടക്കി കൊണ്ടിരിക്കണം. ഇത് വിജയകരമായി നിർവഹിക്കാൻ നാം ദൈവാത്മാവിനാൽ നയിക്കപ്പെടണം. അവിടുത്തെ വചനത്തിൽ ശക്തി പ്രാപിക്കണം. കൗദാശിക ജീവിതത്തിലൂടെയും പ്രാർത്ഥനാ ജീവിതത്തിലൂടെയും നിരന്തര ജാഗ്രതയിലൂടെയും മാത്രമേ ഈ സമരത്തിൽ നമുക്ക് വിജയം കൊയ്യാനാവൂ.
ദൈവസ്നേഹത്തിൽ ദൈവാനുഭവത്തിൽ വളരുകയാണ് ക്രൈസ്തവ ജീവിതത്തിന്റെ അടയാളവും ലക്ഷ്യവും. ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടി പരിശ്രമിക്കുന്നവർക്കെല്ലാം ലോകത്തിന്റെ സ്നേഹത്തിന്റെ പ്രലോഭനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്.മൂന്ന് തലങ്ങളിലാണ് ലോകത്തിന്റെ സ്നേഹം, അനുഭവപ്പെടുന്നത്. ജഢികാസക്തി, ദ്രവ്യാശക്തി, അഹങ്കാരം. പരിശ്രമിക്കും തോറും ഇവ പിടി മുറുക്കി കൊണ്ടിരിക്കും. ഇവയെ അതിജീവിക്കുന്നത് മൂന്ന് തലങ്ങളിലും കടുത്ത ആന്മ നിയന്ത്രണം പാലിച്ചുകൊണ്ട് വേണം .
ഇവിടെ പൂർണ്ണ വിജയം നേടാൻ ദൈവീക പുണ്യങ്ങളും (വിശ്വാസം, പ്രത്യാശ, ഉപവി ) സുവിശേഷോപദേശങ്ങളും അഭ്യസിക്കുക അത്യന്താപേക്ഷിതമാണ്. ദൈവീക പുണ്യങ്ങളുടെ ബന്ധപ്പെട്ടവയും അവയുടെ വളർച്ചയിലൂടെ പുഷ്ടിപ്രാപിക്കുന്നവയുമാണ് സുവിശേഷോപദേശങ്ങളായ അനുസരണം ദാരിദ്ര്യം,ബ്രഹ്മചര്യം, എന്നിവ. വിശ്വാസവും അനുസരണവും അഹങ്കാരത്തിൽനിന്നു രക്ഷപ്പെടാൻ നമ്മെ സഹായിക്കുന്നു. പ്രത്യാശയും ദാരിദ്ര ചൈതന്യവും ദിവ്യാഗ്രഹത്തിന് കടിഞ്ഞാണിടാൻ നമ്മുടെ സഹായത്തിനെത്തും. സ്നേഹവും ബ്രഹ്മചര്യവും ജഡികാസക്തിയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അങ്ങനെ ത്രിവിധ തലങ്ങളിൽ ആന്മ നിയന്ത്രണം അഭ്യസിച്ചു ദൈവസ്നേഹത്തിൽ വളരുവാനും ലോകത്തിന്റെ സ്നേഹത്തെ അനുഭവിക്കാനും നിതാന്തജാഗ്രത പാലിക്കണം.
ലോകത്തെയോ ലോകത്തിലുള്ള വ സ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാല്‍ പിതാവിന്റെ സ്നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല.
എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്തഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്.
ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്ക്കുന്നു.
1 യോഹന്നാന് 2 : 15-17