ചരിത്രത്തിലെ തന്നെ ഒരു അത്ഭുത കഥാപാത്രമാണ് യാക്കോബിൻറെ പൊന്നോമന പുത്രൻ ജോസഫ്. പിതാവിന്റെ പ്രായാധിക്യത്തിലെ ഓമനയായിരുന്നു. അതുകൊണ്ട് ഇതര സഹോദരങ്ങൾ അവനെ വെറുത്തു. പിതാവിൻറെ ഇങ്കിത പ്രകാരം, ഷെക്കെമിൽ ആടുമേയിച്ചിരുന്ന സഹോദരങ്ങളുടെ സുഖമന്വേഷിക്കാൻ, സ്നേഹബുദ്ധ്യാ ചെന്ന ജോസഫിനെ വധിക്കാൻ അവർ ഗൂഢാലോചന നടത്തി. റൂബന് സങ്കടമായി. അവൻ ജോസഫിനെ ദുഷ്ടകരങ്ങളിൽ നിന്നും രക്ഷിച്ചു. പക്ഷെ മറ്റുള്ളവർ അവനെ ഒരു പൊട്ട കിണറ്റിൽ തള്ളിയിട്ടു.
പിന്നീട് ഈജിപ്തിലെ ഒരു പടനായകനായ പോത്തിഫറിന് ഇരുപതു വെള്ളിക്കാശിനു അവർ അവനെ വിറ്റു(ഉത്പ.37). സുമുഖനും വടിവൊത്ത ശരീരവുമുള്ളവനായ ജോസഫിനോട് പോത്തിഫറിന്റെ ഭാര്യക്ക് തീവ്രാഭിലാഷം തോന്നി. തന്നോടൊപ്പം ശയിക്കുവാൻ അവൾ അവനെ പല പ്രാവിശ്യം നിർബന്ധിച്ചു. നീതിമാനായ ജോസഫ് വഴങ്ങിയില്ല. ഒരിക്കൽ വീടിനുള്ളിൽ ജോലിചെയ്യുന്ന സമയത് ആ കുടല അവന്റെ മേലങ്കിക്കു കടന്നു പിടിച്ചു. മേലങ്കി അവളുടെ കൈയിൽ ഉപേക്ഷിച്ചിട്ട് അവൻ ഓടി രക്ഷപെട്ടു. അവൾ കലിതുള്ളി വീട്ടിലുള്ളവരെ വിളിച്ചു പറഞ്ഞു: ആ ഹെബ്രായൻ നമുക്ക് അപമാനം വരുത്തിയിരിക്കുന്നു. കാമഭ്രാന്തു പിടിച്ച ആ സ്ത്രി തന്റെ ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ചു. അയാൾ അവനെ തടവിലാക്കി.
പക്ഷെ കർത്താവു ജോസെഫിന്റെ കൂടെയുണ്ടായിരുന്നു അവിടുന്ന് അവനോടു കാരുണ്യം കാണിച്ചു. അവിടുത്തെ അനന്ത പരിപാലനയാൽ അവസാനം ഇടയ ചെറുക്കൻ ഈജിപ്തിന്റെ അധിപനായി(ഉത്പ.39 ,40 ). ഈജിപ്തിലെ കൊടും ക്ഷാമം ജോസെഫിന്റെ സഹോദരന്മാരെ ഈജിപ്തിലെത്തിക്കുന്നു. അവർ ജോസഫിനെ നേരിൽ കാണുന്നു. പക്ഷെ അവർ തങ്ങളുടെ സഹോദരനെ തിരിച്ചറിയുന്നേയില്ല. പക്ഷെ ജോസഫ് അവരെ ഞൊടിയിടയിൽ തിരിച്ചറിയുന്നു. അവൻ അവരെ തെല്ലൊന്നു പരീക്ഷിക്കുന്നു. അപരിചിതരോടെന്ന പോലെ അവരോടു പെരുമാറുന്നു. പരുഷമായി സംസാരിക്കുന്നു.മൂന്ന് ദിവസം ‘തടവിൽ’ പാർപ്പിക്കുന്നു. പരീക്ഷണമെന്ന രീതിയിൽ മാത്രമാണ് ജോസഫ് സഹോദരരോട് പ്രവർത്തിച്ചത്. ഉല്പത്തി 4 ഇൽ നാം അവൻറെ വ്യക്തിത്വവും മഹത്വവും വ്യക്തമായി കാണുന്നു . അവന്റെ വാക്കുകൾ ശ്രദിക്കുക. “നിങ്ങൾ ഈജിപ്തുകാർക്കു വിറ്റ നിങ്ങളുടെ സഹോദരൻ ജോസഫ് ആണ് . അതോർത്തു നിങ്ങൾ വിഷമിക്കുകയോ, വിഷാദിക്കുകയോ വേണ്ട. കാരണം നമ്മുടെ ജീവൻ നിലനിർത്താൻ നല്ല ദൈവമാണ് എന്നെ നിങ്ങൾക്കു മുമ്പേ എന്നെ ഇങ്ങോട്ടു അയച്ചത്… അവൻ തന്റെ സഹോദരന്മാരെ എല്ലാവരെയും ചുംബിക്കുകയും കെട്ടിപിടിച്ചുകരയുകയും ചെയ്തു.” (ഉത്പ. 45 ).