പന്ത്രണ്ടാമദ്ധ്യായം
നസ്രസ്സ്! നാദമനോഹാരിതയും നൈർമല്യപരിമളവും ഒത്തിണങ്ങിയ ആ നാമത്തിനു നമ്മുടെ നമോവാകം. സ്വാതികരുടെയും സഹൃദയരുടെയും സിരകളിൽ കോരിത്തരിപ്പുളവാക്കാൻ പ്രഗത്ഭമാണ് ആ കൊച്ചു ഗ്രാമം. അതിൽ നിവസിച്ച, അതിന്റെ ആസ്വാദ്യതയനുഭവിച്ചു വളർന്നുപോയ വ്യക്തികളുടെ മനോമോഹനമായ ജീവിതംകൊണ്ടളക്കുമ്പോൾ അഭിനവ നാഗരികതകളുടെയെല്ലാം അമ്മയാണ് ഈ ഗ്രാമദേവതയെന്നു കാണാം.
കണ്ണിനു കുളിർമ്മയേകുന്ന സസ്യശബളത, ഹൃദയത്തിനു ഹർഷാനുഭൂതികൾ കൊരുത്തുണ്ടാക്കുന്ന പ്രകൃതിരമണീയത, മനസിനുന്മേഷം വർഷിക്കുന്ന സുഭഗാന്തരീക്ഷം-ഇവയാണ് നസ്രസ്സ് പ്രകൃതിനാഥനു നല്കിയ ഉപഹാരം. ക്രിസ്തുനാഥന്റെ അന്യാപദേശങ്ങളിൽക്കാണുന്ന രംഗസംവിധാന ചിത്രങ്ങളെല്ലാം നസ്രസ്സും അതിന്റെ പ്രാന്തപ്രദേശങ്ങളും പ്രദാനം ചെയ്തവയാണ്. അതിന്റെ പരിസരങ്ങളിൽ ഇന്നും ലില്ലി സമൃദ്ധമായുണ്ട്. കളകൂജനം പൊഴിച്ചു പറന്നുപോകുന്ന ‘വാനമ്പാടികൾ’ ദൃശ്യമാണ്. ഭൂമിക്കുടയാടചാർത്തി പ്രേക്ഷകരിലെ സുന്ദരവികാരങ്ങളെ വിളിച്ചുണർത്തുന്ന ഗോതമ്പുവയലുകൾ ഇന്നും അവിടെ കാണുന്നു. ചെമ്മരിയാട്ടിൻപറ്റത്തെ നയിക്കുന്ന ആട്ടിടയന്മാർ എന്നും അവൾക്കൊരാഭരണമാണ്. ‘തൂമയേറും തൻ പാളകിണറ്റിലിട്ട് ഓമൽ കൈയാൽ കയറു വലിക്കുന്ന’ തരുണികളേയും അവരോടൊപ്പം കൊച്ചുകുടങ്ങളുമേന്തി നടക്കുന്ന കുസൃതിക്കുടുക്കകളേയും കാണുന്ന ഒരാധുനികൻ, ഓർമ്മകളുടെ താളുമറിച്ചാൽ, നസ്രസ്സിലജ്ഞാതവാസം നയിച്ച നന്മ നിറഞ്ഞ മറിയത്തേയും അവളുടെ ഓമൽക്കുമാരനേയും അനുസ്മരിക്ക തന്നെ ചെയ്യും.
പ്രഭാതത്തിൽ പക്ഷികളുടെ കളകളാരവം കേൾക്കുമ്പോഴും അന്തിച്ചോപ്പ് അംബരവീഥിയിൽ തത്തിക്കളിക്കുമ്പോഴും ഈശോ തന്റെ വീടിനു സമീപെയുള്ള കൊച്ചുകുന്നിൽ കയറി സൗന്ദര്യസങ്കേതങ്ങളായ സമീപ സ്ഥലങ്ങളിലേയ്ക്കു കണ്ണോടിക്കുന്ന ദൃശ്യം ഭാവനാശാലികളുടെ തൂലികയെ ചലിപ്പിച്ചിട്ടുണ്ട്. തന്റെ സ്നാപനം നടക്കാനിരിക്കുന്ന യോർദ്ദാൻ നദിയിലെ സ്ഫടിക തുല്യമായ ജലം, സ്വജീവിതത്തിലെ സുപ്രധാനസംഭവങ്ങൾക്കു പലതിനും സാക്ഷ്യം വഹിക്കേണ്ട വിശാലമായ ഗലീലിയാ തടാകം, തനിക്കു രൂപാന്തരപ്പെടാനുള്ള താബോർ, അത്ഭുതങ്ങൾ പ്രവർത്തിക്കേണ്ട കാനാ, നയിം പട്ടണം, ഒക്കെ അങ്ങു തൃക്കൺ പാർത്തിരിക്കണം ആ മലമുകളിലിരുന്നുകൊണ്ട്. ചക്രവാളച്ചെരുവിൽ ദൃശ്യമാകുന്ന ആ വിദൂരമദ്ധ്യതരണ്യാഴിയുടെ കാഴ്ച റോമാപട്ടണവും അവിടെ വാഴാനുള്ള തന്റെ പ്രതിനിധികളേയും അവിടുത്തെ അനുസ്മരിപ്പിച്ചുവോ?
നസ്രായനായ ഈശോയുടെ നസ്രസ്സിലെ ജീവിതസംഭവങ്ങൾ ഭക്തജനങ്ങളുടെ ഭാവനകൾക്കു സൈ്വരവിഹാരത്തിനു വിട്ടിരിക്കയാണു സുവിശേഷകന്മാർ. ആ മധുമോഹനജീവിതത്തിൽ പൊന്നൊളി വീശിയ സംഭവങ്ങളും ജോസഫിന്റെയും മറിയത്തിന്റെയും അദ്ധ്വാനസാന്ദ്രതയും വികാരതീക്ഷ്ണതകളുമെല്ലാംതന്നെ സുവിശേഷകന്മാർ മൗനത്തിന്റെ യവനികകൊണ്ടു മറച്ചിരിക്കുന്നു. ഒരിക്കൽമാത്രം ആ തിരശ്ശീല അല്പമൊന്നുയരുന്നുണ്ട്, ഈശോ തന്റെ മാതാപിതാക്കളോടൊത്ത് പന്ത്രണ്ടാം വയസ്സിൽ ജറുസലേമിലേയ്ക്കുപോയ സംഭവം വിവരിക്കുമ്പോൾ.
ആണ്ടുവട്ടത്തിൽ മൂന്നുപ്രാവശ്യം എല്ലാ യഹൂദപുരുഷന്മാരും അമ്പലത്തിൽ ചെല്ലാൻ മോസസിന്റെ നിയമം അനുശാസിച്ചിരുന്നു. നിന്റെ ദൈവമായ കർത്താവു തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ പുരുഷന്മാരെല്ലാം വർഷത്തിൽ മൂന്നു തവണ, അതായത് പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിലും കൂടാരതിരുന്നാളിലും ആഴ്ചയുടെ തിരുനാളിലും, അവിടുത്തെ സന്നിധിയിലെത്തണം. ഈജിപ്തിൽനിന്ന് ഇസ്രായേൽ മോചിപ്പിക്കപ്പെട്ടതിന്റെ അനുസ്മരണമാണ് പെസഹാത്തിരുന്നാൾ. ആഴ്ചകളുടെ തിരുന്നാൾ, അഥവാ പന്തകുസ്തയാകട്ടെ, ഏഴാഴ്ചകളുടെ ഇടയിൽ നിർവഹിക്കപ്പെടുന്ന കൊയ്ത്തിന്റെയും സീനാമലയിൽവച്ചു മോസസ് കല്പനകൾ സ്വീകരിച്ചതിന്റേയും സ്മരണാഘോഷമാണ്. ഇനിയത്തേത് ഇസ്രായേൽ ജനം ഈജിപ്തിലെ അടിമത്തത്തിൽനിന്നു വിമുക്തരായി പ്രതിശ്രുത പ്രദേശത്തേയ്ക്കുള്ള തീർത്ഥയാത്രയിൽ കൂടാരങ്ങളിൽ താവളമടിച്ചു താമസിച്ചതിന്റെ സ്മരണോത്സവവും.
പെസഹാഘോഷങ്ങൾ എട്ടുദിനരാത്രങ്ങൾ നീണ്ടുനില്ക്കും. ആഘോഷങ്ങളിൽ സംബന്ധിക്കാൻ യഹൂദന്മാർ കരയും കടലും കടന്ന്, കുന്നും കുഴിയും താണ്ടി ജറുസലേമിലെത്തും. മണലാരണ്യങ്ങളിലെ യാത്രാരീതി ഒട്ടകങ്ങളിന്മേൽ സഞ്ചരിക്കയാണല്ലോ. ഒട്ടനവധി ഒട്ടകങ്ങളും ധാരാളം ആളുകളും ഗണംഗണമായി തിരിഞ്ഞാണു യാത്ര.
തിരുക്കുടുംബം എട്ടുദിവസവും ജറുസലേമിൽ താമസിച്ചു. മടക്കയാത്രയിൽ മറിയവും ജോസഫും രണ്ടു സംഘങ്ങളിലാണു യാത്രചെയ്തിരുന്നത്; അതായത് സ്ത്രീകളും പുരുഷന്മാരും പ്രത്യേക ഗണമായിട്ട്. ആൺകുട്ടികൾക്കു വനിതാവിഭാഗത്തിലും യാത്രചെയ്യാം. ഇക്കാരണത്താൽ ബാലനായ യേശുവിന്റെ അസാന്നിദ്ധ്യം അവരിരുവരും അറിഞ്ഞില്ല. ബഹുദൂരം സഞ്ചരിച്ചവർ. നിശാദേവി വിശ്രമത്തിനവരെ ക്ഷണിച്ചപ്പോഴാണ് മറിയവും ജോസപ്പും പരസ്പരം കണ്ടുമുട്ടുക. അയ്യോ! തങ്ങളുടെ അരുമ എവിടെ? നിശയുടെ നിശ്ശബ്ദതയിൽ ആ രണ്ടു ഹൃദയങ്ങൾ വികാരപരവശമായി കിലുകിലെ തുടുതുടെ തുടിച്ചിരിക്കണം.
മിന്നൽപ്പിണർ കണക്കേ ചിന്തകൾ ഒന്നൊന്നായി അവരുടെ ഹൃദയയങ്ങളിലൂടെ കടന്നു പാഞ്ഞു. തങ്ങളുടെ ഓമൽക്കുമാരന്റെ ദിവ്യദൗത്യം ആരംഭിച്ചു കഴിഞ്ഞുവോ? യാത്രപോലും ചോദിക്കാതെ ആ ദിവ്യ ജ്യോതിസ്സ് വീക്ഷണപരിധി വിടുകയോ? നസ്രസ്സിലെ നിർമ്മലവും ഹൃദയഹാരിയുമായ ആ മോഹനവാസം ഇങ്ങിനി വരാത്തവണ്ണം അസ്തമിക്കയോ? ഓ, ആ ദയനീയചിത്രം ആലേഖനം ചെയ്യുക നമുക്കസ്സാദ്ധ്യമാണ്. യാതൊരു തൂലികയും മറിയത്തിന്റെ വികാരതളമായ ഹൃദയത്തിന്റെ ചിത്രം ലേഖനം ചെയ്യാൻ പ്രഗത്ഭമല്ലതന്നെ.
ജോസഫും മറിയവും ആരോപണപ്രത്യാരോപണങ്ങൾ നടത്തിയില്ല, പണ്ട് ഏദൻതോട്ടത്തിൽ വച്ച് ഈശ്വരസമക്ഷം ആദവും ഹവ്വായും ചെയ്തതുപോലെ. നമ്മുടെ മാതൃകയ്ക്കായി മറിയവും ജോസഫും ഉണ്ടെങ്കിലും പലപ്പോഴും അവരെ വിസ്മരിച്ച് ആദത്തേയും ഹവ്വായേയുമല്ലേ നാം അനുകരിക്കുക? ഭർത്താവു ഭാര്യയിൽ കുറ്റം ആരോപിക്കും, പലപ്പോഴും ഭാര്യ ഭർത്താവിലും. ജ്യേഷ്ഠസഹോദരങ്ങൾ ഇളയവരെ ബലിയാടാക്കാൻ ശ്രമിക്കും. വിദേശകാര്യമന്ത്രി വിദ്യാഭ്യാസമന്ത്രിയേയും, വിദ്യാഭ്യാസമന്ത്രി വിദ്യുച്ഛക്തിമന്ത്രിയേയും പ്രതിക്കൂട്ടിൽ കയറ്റാൻ ശ്രമിക്കുന്ന പ്രതിഭാസങ്ങളും അസാധാരണമല്ല. പുരോഗമനം പുരോഗമനം എന്നു പറഞ്ഞു മുറവിളികൂട്ടുന്ന ആധുനിക മനുഷ്യർ ഈ വഴിക്കല്പം പുരോഗമിച്ചിരുന്നെങ്കിൽ.
പ്രഭാതമായി, ഉള്ളുനിറയെ ഉൽകണ്ഠയുമായി ഉറക്കമില്ലാതെ രാത്രികഴിച്ചുകൂട്ടിയ ആ ദിവ്യദമ്പതികൾ ജറുസലേമിലേയ്ക്കു തന്നെ തിരികെ നടന്നു.
‘ധരയിൽ തപനന്റെ രശ്മിതൻ
നിരചേരുന്നതിനേറെ മുമ്പിലേ
ത്വരപൂണ്ടവരാക്കുമാരനെ
ത്തിരയാനായ് പിറകോട്ടു യാത്രയായ്
വഴിയേ വരുവോരോടൊക്കെയും
വഴിപോൽ നന്ദനവാർത്ത ചൊല്ലിയും
മിഴിനീർ പുഴപോലൊഴുക്കിയും
കഴിയും വേഗമൊടപ്പിതാക്കൾപോയ്.’
യാത്രക്കാരുടെ തിക്കും തിരക്കും! എങ്ങനെ തങ്ങളുടെ പൊന്നോമനയെ കണ്ടെത്തും? അവർ ചിന്താവിവശരായി നടന്നു നടന്നു കാലുകൾ ഇടറി. നോക്കി നോക്കി കണ്ണുകൾ ഉഴറി. ഉള്ളുപൊള്ളിക്കുന്ന ചിന്തകളുമായി ജറുസലേം മുഴുവൻ അവർ ബാലനെ അന്വേഷിച്ചു. അവശരായ ഈ അവസ്ഥയിലും അവർ വിശ്വാസവും പ്രത്യാശയും വെടിഞ്ഞില്ല ആ കൈത്തിരികൾ മാത്രമാണവർക്ക് ആ ഇരുളാഴിയിൽ ധ്രുവനക്ഷത്രമായി നിന്നത്. സർവേശന്റെ സമ്മതവും അറിവും കൂടാതെ ഒന്നും സംഭവിക്കയില്ല. അവിടുന്നെല്ലാം നന്മയ്ക്കായി ചെയ്യുന്നു. ദൃഢമായ ആ വിശ്വാസം അവർക്കു മാർഗ്ഗദീപമായുണ്ടായിരുന്നു.
ജോസഫിനും മറിയത്തിനും അനുഭവപ്പെട്ടതരം ഇരുളടഞ്ഞ നിമിഷങ്ങൾ നമ്മുടെ ജീവിതത്തിലുമുണ്ടാകും. എങ്ങും കൂരിരുൾ ആവരണം ചെയ്യുന്നതായി തോന്നാം. ആശാകിരണം വീശുന്ന ഒരോറ്റ നക്ഷത്രംപോലുമില്ല! എങ്ങോട്ടു തിരിഞ്ഞാലും പ്രതിബന്ധങ്ങൾ. ഒറ്റ ചുവടുവച്ചാൽ തട്ടിവീഴും. ദുഷ്കരമായ ഇത്തരം പ്രതിബന്ധങ്ങളുടെ മുമ്പിൽ നാം നമ്മിലേയ്ക്കുതന്നെ തിരിഞ്ഞാൽ നിരാശതയുടെ നീർച്ചുഴിയിലേയ്ക്കു വീഴുകയേ ഉള്ളൂ. പകരം നമ്മെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന സർവ്വശക്തനെ സമാശ്രയിച്ചാൽ ഇരുളിൽ പ്രകാശം ലഭിക്കും. നമ്മുടെ ജീവിതം ധന്യമാവും. നിങ്ങൾ നിങ്ങൾക്കു തന്നെയെന്നതിലേറെ നിഖിലേശൻ നിങ്ങൾക്കു സമീപസ്ഥനാണ്. അതു മനസ്സിലാക്കുന്ന പ്രക്രിയയിലാണ് ധ്യാനത്തിനും ഏകാന്തതയ്ക്കുമൊക്കെ സ്ഥാനമുള്ളത്. ധ്യാനാത്മകമായ ഏകാന്തതയിൽ നിങ്ങളുടെ നന്മമാത്രം ഇച്ഛിക്കുന്ന ഈശ്വരനെ ഉള്ളിന്റെ ഉള്ളിൽ കാണാൻ കഴിയും.
ജോസഫും മറിയവും മൂന്നാം ദിവസം ഈശോയെ ദേവാലയത്തിൽ കണ്ടെത്തി. അവിടെ ‘വിജ്ഞാനികളുടെ മദ്ധ്യേ അവരെ ശ്രവിച്ചുകൊണ്ടും അവരോടു ചോദ്യങ്ങൾ ചോദിച്ചുകൊണ്ടുമിരിക്കയായിരുന്നു ഈശോ’. ദുഃഖാർത്തരായ ആ ദമ്പതികളുടെ മനംകുളിർത്തു. എങ്കിലും തങ്ങളുടെ കണ്ണുകളെ അവിശ്വസിക്കാൻ തോന്നിയിരിക്കണം അവർക്ക്. ഈശോ ഇതിനു മുമ്പോരിക്കലും പ്രതിവാദത്തിൽ ഏർപ്പെട്ടതായി അവർക്കറിവില്ല. പരിസരമെല്ലാം മറന്നപോലെ.
‘ചാരുശീലയാം മേരികഥിക്കയായ്:
പോരുമെന്തിനിതു ചെയ്തുവത്സ! നീ
ചോരുശ്രുവൊടു നിന്നെ മാനസ-
ത്താരുഴന്നിവർ തിരഞ്ഞിതെങ്ങുമേ’.
ഒരെത്തും പിടിയും കിട്ടാത്തൊരു മറുപടിയാണ് ഈശോ നല്കുന്നത്.
‘പാരമെന്തിനു തിരഞ്ഞു നിങ്ങളുൾ
ത്താരതിങ്കലഴലോടിതേവിധം;
സാരമായ ജനകന്റെ കാര്യമെ-
ന്നേരവും കരുതിടേണ്ടൊരാളിവൻ’
-കട്ടക്കയം
ദൈവകുമാരന്റെ ദിവ്യവചസ്സുകളുടെ സാരം അവർ ശരിക്കു ഗ്രഹിച്ചില്ലെങ്കിലും അവരിരുവരും അതു ഹൃദിസ്ഥമാക്കി. അനന്തരം ഈശോ അവരോടൊത്തിറങ്ങി നസ്രസ്സിലേയ്ക്കു പോയി. ‘അവൻ അവർക്കു കീഴ്വഴങ്ങി ജീവിച്ചു’. എന്ന ഒറ്റവാചകത്തിൽ രക്ഷകന്റെ അജ്ഞാതവാസം സുവിശേഷകൻ സംക്ഷേപിച്ചിരിക്കുന്നു. യവനിക വീണ്ടും വീഴുന്നു. പിന്നെ നാം അങ്ങയെക്കാണുക പതിനെട്ടു നീണ്ട വത്സരങ്ങൾക്കുശേഷമാണ്. മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ മാനുഷിക ജീവിതത്തിന്റെ മുഴുവൻ കാലത്തിനുംതന്നെ പശ്ചാത്തലമായിരുന്നത് നസ്രസ്സും പരിസരങ്ങളുമാണ്.