എത്രയോ വാഹനങ്ങളാണ് നമ്മുടെ നിരത്തുകളിലൂടെ ഇടവിടാതെ ഓടികൊണ്ടിരിക്കുന്നത്. എന്നാൽ ഒരേ ദിവസം നിരത്തിലിറങ്ങിയ കാറുകളിൽ പലതും എത്രവേഗമാണ് കേടുപാടുകൾ പറ്റി വർക്ക്ഷോപ്പുകളിൽ കിടക്കുന്നത്. ചിലതൊക്കെ വർഷങ്ങൾ കഴിഞ്ഞിട്ടും കേടുപാടുകളില്ലാതെ നന്നായി ഓടിക്കൊണ്ടിരിക്കുന്നു.
എന്താണിതിന് കാരണം പെട്ടെന്ന് നമ്മൾ പറയുന്നതൊക്കെ നന്നായി ഉപയോഗിച്ച് കൊണ്ടാണെന്ന്. ഒരു കാർ എപ്രകാരം ഓടിക്കണം എന്നും എങ്ങനെ നന്നായി പരിഹരിക്കണമെന്നും അതിന്റെ നിർമാതാക്കൾ മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ട്. അതുപോലെ ഉപയോഗിച്ച കാറുകൾ ഇപ്പോഴും നന്നായി ഓടുന്നു. എന്നാൽ അവരവരുടെ ഇഷ്ടം പോലെ ഓടിച്ച കാറുകൾ കേടുപാട് ആയി ചലനമറ്റു കിടക്കുന്നു.
ഏതൊരു വാഹനം ഓടേണ്ടത് നിർമ്മാതാവ് പറയുമ്പോലെ വേണം. അതാണ് അതിന്റെ ഗ്യാരണ്ടി ക്കുള്ള വ്യവസ്ഥ. മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയാണ്. ദൈവം സംവിധാനം ചെയ്തു നിർമ്മിച്ച നമ്മുടെ ശരീരം എങ്ങനെയൊക്കെ പ്രവർത്തിക്കണമെന്നും ദൈവം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് വേണം നമ്മൾ ജീവിക്കാൻ.
ദൈവഹിതം അറിയുന്നവർ, അത് അനുസരിച്ച് ജീവിക്കുന്നവർ ദീർഘായുസ്സോടെ ജീവിക്കും. ഇത്രയേറെ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉണ്ടായിട്ടും പലപ്പോഴും സൗഖ്യം നമുക്ക് ലഭിക്കാതെ പോകുന്നത് എന്തുകൊണ്ടാണ്?
സ്വന്തം ഇഷ്ടമനുസരിച്ച് ജീവിച്ച അനേകർ ഇന്ന് രോഗികളായി കഴിയുന്നു. എങ്കിലും ഇനിയും നമുക്ക് പ്രത്യാശയ്ക്കു വകയുണ്ട്. കാരണം ദൈവത്തിന് ഒന്നും അസാധ്യമല്ല ല്ലോ.
ഞാൻ ആരാണ് എന്റെ ദൗത്യം എന്താണ് എന്റെ വിചിന്തനത്തിന് ഉള്ള കാലം ആകട്ടെ ഇന്നത്തെ രോഗാവസ്ഥ. നമ്മുടെ ജീവിതം പുനർ നിർമ്മിക്കാനുള്ള അവസരം ആയിരിക്കട്ടെ ഇത്. അപ്പോൾ പൂർണ്ണ സൗഖ്യത്തോടും നമുക്ക് പറയാൻ കഴിയും.
” ഇസ്രായേലേ നമ്മൾ സന്തുഷ്ടരാണ്. എന്തെന്നാൽ ദൈവത്തിന് പ്രീതികരമായവ എന്തെന്ന് നമുക്കറിയാം “( ബാറൂക്ക് 4:4).
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്…. ശ്രീ.മാത്യു മാറാട്ടുകളം