ഒരു തെറ്റുമൂലം കനാൻ ദേശത്തു കാലുകുത്താൻ മോശയ്ക്കു അവകാശമില്ലാതെ വന്നു. എങ്കിലും നിരവധി സത്ഗുണങ്ങളുടെ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ദൈവശാസ്ത്രജ്ഞന്മാരും ബൈബിൾ പണ്ഡിതരും അദ്ദേഹത്തിൽ ഈശോയുടെ തന്നെ പ്രതിരൂപം കാണുന്നുണ്ട്. ഈശോയ്ക്ക് അവർ നൽകുന്ന ഒരു അപരനാമം ‘പുതിയ മോസസ്’ എന്നാണല്ലോ. സംഖ്യ. 12:3 ൽ നാം വായിക്കുന്നു: “ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലും വച്ച് ഏറ്റം സൗമ്യനായിരുന്നു, ശാന്തനായിരുന്നു മോസസ്.”
സ്വസഹോദരനും സഹോദരിയും മോസസിനെതിരെ പിറുപിറുത്തതു ദൈവം കേട്ടു. അവിടുന്ന് മേഘ സ്തംഭത്തിൽ ഇറങ്ങി വന്നു സമാഗമകൂടാര വാതിൽക്കൽ നിന്നിട്ടു മൂവരെയും വിളിച്ചു തന്റെ അടുത്ത് വരുത്തി. അഹറോനെയും മിറിയാമിനെയും ഒന്നുകൂടെ അടുത്തേയ്ക്കു വിളിച്ചു അവിടുന്ന് അവരോടു അരുളി ചെയ്തു: “നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകാനുണ്ടെങ്കിൽ കർത്താവായ ഞാൻ ദർശനത്തിൽ അവനു എന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും. സ്വപ്നത്തിൽ അവനോടു സംസാരിക്കുകയും ചെയ്യും. എന്റെ ദാസനായ മോസസിന്റെ കാര്യത്തിൽ അങ്ങനെയല്ല. അവനെ എന്റെ ഭവനത്തിന്റെ മുഴുവൻ ചുമതലയും ഏല്പിച്ചിരിക്കുന്നു. അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാമുഖം അവനുമായി ഞാൻ സംസാരിക്കുന്നു. അവൻ കർത്താവിന്റെ രൂപം കാണുകയും ചെയുന്നു. അങ്ങനെയിരിക്കെ എന്റെ ദാസനെതിരായി സംസാരിക്കാൻ നിങ്ങൾ ഭയപെടാതിരുന്നത് എന്ത്?” (സംഖ്യ. 12:3-8).
മോശയെക്കുറിച്ചു ധ്യാനിക്കുമ്പോൾ മനം കുളിർപ്പിക്കുന്ന മറ്റൊരു കാര്യം സംഖ്യ. 27 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. മെറിബെ ജലാശയത്തിനടുത്തുവച്ചു ദൈവത്തിന്റെ കല്പന ലംഖിച്ചതിനെക്കുറിച്ചും അബാരീം മലയിൽ കയറ്റി കനാൻ ദേശം കാണാൻ നിർദ്ദേശം നൽകുകയും ചെയ്തപ്പോൾ സ്വന്തം കാര്യങ്ങളെല്ലാം മറന്നിട്ടെന്നതുപോലെ മോശ കർത്താവിനോടു അഭ്യര്ഥിക്കുന്നതു ശ്രദ്ധിക്കു.”അങ്ങയുടെ ജനം ഇടയാനില്ലാത്ത ആടുകളെപോലെ ആയിപോകാതെ എല്ലാ കാര്യങ്ങളിലും അവരെ നയിക്കാൻ സകല ജീവന്റെയും ദൈവമായ അങ്ങ് ഒരാളെ സമൂഹത്തിന്റെ മേൽ നിയമിക്കാൻ തിരുവുള്ളമാവട്ടെ.” കർത്താവു മോശയോട് അരുളിച്ചെയ്യുന്നു: ” നൂനിന്റെ മകനും ആത്മാവ് കുടികൊള്ളുന്നവനുമായ ജോഷ്വായെ വിളിച്ചു അവന്റെ മേൽ നിന്റെ കൈ വയ്ക്കുക. പുരോഹിതനായ എലെയാസാറിന്റെയും സമൂഹത്തിന്റെയും മുൻപിൽ നിർത്തി, അവർ കാൺകെ, നീ അവനെ നിയോഗിക്കുക.” മോശ കർത്താവിന്റെ തിരുഹിതം കൃത്യമായി നിറവേറ്റുകയും ചെയ്തു (സംഖ്യ. 27:12-22).
സൗമ്യനും മഹാമനസ്ക്കനും ദീർഘവീക്ഷണം ഉള്ളവനും ദൈവമക്കളുടെ (മനുഷ്യരുടെ) നന്മ മാത്രം ആഗ്രഹിച്ചവനുമായ മോശ, നമ്മുടെ സ്വർഗോന്മുഖ യാത്രയിൽ മാർഗ്ഗദീപമാകട്ടെ.