സംസാരത്തിൽ തെറ്റുവരുത്താത്ത ഏവനും പൂർണനാണ്. തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവനു കഴിയും. എന്നാൽ നാവിന്റെ ദുരുപയോഗം മൂലം പലവിധത്തിൽ അവൻ തെറ്റ് ചെയുന്നു. നാവു വമ്പു പറയുന്നു. അത് അനിയത്രിയമായ തിന്മയും മാരകവുമായ വിഷവുമാണ്. ഒരു ചെറിയ തീപ്പൊരി എത്ര വലിയ വനത്തെയാണ് ചാമ്പലാക്കുന്നതു! നാവു തീയാണ്. അത് ദുഷ്ടതയുടെ ഒരു ലോകംതന്നെയാണ്. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അവയവങ്ങളിലൊന്നായ നാവു ശരീരത്തെ മുഴുവൻ മലിനമാക്കുന്നു.
കുതിരയ്ക്കു കടിഞ്ഞാണിട്ട് അതിനെ മനുഷ്യൻ അനുസരണവിധേയമാക്കുന്നു. എന്നാൽ മനുഷ്യന്റെ നാവിനു കടിഞ്ഞാണിടാൻ ഒരു ബാഹ്യശക്തിക്കും കഴിയുകയില്ല. എന്റെ നാവു ഞാൻതന്നെ കടിഞ്ഞാണിടണം. ഇതിനു എനിക്ക് പരിശുദ്ധാത്മാവിന്റെ സഹായം അത്യാവശ്യമാണ്. അവിടുത്തെകൂടാതെ എനിക്ക് ഒരു നന്മയും ചെയ്യാനാവില്ല (cfr യോഹ. 15:5). അവിടുത്തെ ഫലങ്ങൾ (സ്നേഹം, ആനന്ദം, സമാധാനം, നന്മ, വിശ്വസ്തത, ആത്മസംയമനം, കാരുണ്യം, സൗമ്യത, നീതി, സത്യം) എന്നിൽ സജീവമായുണ്ടെങ്കിൽ എനിക്ക് എന്റെ നാവിനെ നന്മ മാത്രം പറയുന്നതാക്കാൻ കഴിയും. ലോകത്തിലുണ്ടായിട്ടുള്ള എല്ലാ നന്മയും നാവിന്റെ നല്ല ഉപയോഗത്തിൽ നിന്ന് ഉണ്ടായിട്ടുള്ളവയാണ്.നേരെമറിച്ചും നാവുകൊണ്ട് ‘നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ.’
നാവുകൊണ്ട് ഒരുവന് ദൈവത്തെ സ്തുതിക്കാം. അതെ നാവുകൊണ്ട് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ ശപിക്കുകയും ചെയാം. ഒരേ ഉറവയിൽ നിന്ന് ഒരു അരുവിയും, മധുരവും കയ്പ്പും പുറപ്പെടുവിക്കുകയില്ല. ആത്മപ്രശംസ, അസത്യം പറയുക, ഏഷണി പറയുക,കൂട്ടിപിടിപ്പിക്കുക, അശ്ലീലം സംസാരിക്കുക, അശ്ളീല പാട്ടുകൾ പാടുക, കബളിപ്പിക്കുക, ചാരവൃത്തി ചെയുക, ശപിക്കുക, മുറിപ്പെടുത്തുക, കള്ളസാക്ഷ്യം പറയുക, ആണയിടുക, അക്ഷമരായി സംസാരിക്കുക ഇവയെക്കെല്ലാം ഉപകാരണമാകുന്നത് നാവുതന്നെ. നന്മ മാത്രം പറയുന്ന നല്ല അനുഗ്രഹീതമായ നാവുകളാവട്ടെ നമ്മുടേത്.